Latest News

കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ കൈകാര്യം ചെയ്യല്‍: സുപ്രിംകോടതി സ്വമേധയാ എടുത്ത കേസില്‍ നഴ്‌സസ് യൂണിയന്‍ കക്ഷി ചേരും

കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ കൈകാര്യം ചെയ്യല്‍: സുപ്രിംകോടതി സ്വമേധയാ എടുത്ത കേസില്‍ നഴ്‌സസ് യൂണിയന്‍ കക്ഷി ചേരും
X

ന്യൂഡല്‍ഹി: കൊവിഡ് 19 രോഗികളുടെ ചികില്‍സയുമായി ബന്ധപ്പെട്ടും മൃതദേഹങ്ങള്‍ കൈകാര്യം ചെയ്യുന്നതുമായും ബന്ധപ്പെട്ട് സുപ്രിംകോടതി സ്വമേധയാ പരിഗണിച്ച ഹര്‍ജിയില്‍ കക്ഷി ചേരാന്‍ യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ അപേക്ഷ സമര്‍പ്പിച്ചു.

രാജ്യത്താകമാനം ആയിരക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകര്‍ കൊറോണാ ബാധിതരായിട്ടുണ്ട്. ദില്ലിയില്‍ മാത്രം ആയിരത്തിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ രോഗബാധിതരായെന്നും അഞ്ചോളം പേര്‍ രോഗബാധിതരായി മരിച്ചെന്നും യുഎന്‍എ ദില്ലി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോള്‍ഡിന്‍ ഫ്രാന്‍സിസ് സമര്‍പ്പിച്ച അപേക്ഷയില്‍ വ്യക്തമാക്കുന്നു.

നേരത്തെ യുഎന്‍എ നല്‍കിയ കേസില്‍ സുപ്രിംകോടതി നിര്‍ദേശപ്രകാരം ആരോഗ്യ പ്രവര്‍ത്തകരുടെ പരാതി പരിഹാരത്തിന് ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ നല്‍കിയിരുന്നെങ്കിലും ദില്ലി, മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളില്‍ ഈ ഹെല്‍പ്പ് ലൈനുകള്‍ കാര്യക്ഷമമല്ല.

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മതിയായ രോഗനിര്‍ണയ കിറ്റുകള്‍ ലഭ്യമാക്കുക, അവശ്യത്തിന് ഗുണമേന്മയുള്ള പിപിഇ കിറ്റുകള്‍ ലഭ്യമാക്കുക, സ്വകാര്യ ആശുപത്രികള്‍ പൂര്‍ണശമ്പളം സമയബന്ധിതമായി നല്‍കുന്നുവെന്ന് ഉറപ്പു വരുത്തുക, സ്വകാര്യ ആശുപത്രികളിലെ ഉള്‍പ്പടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഭക്ഷണം, താമസം, യാത്രാ, ഇന്‍ഷൂറന്‍സ്, രോഗബാധിതരാകുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സൗജന്യ ചികില്‍സ തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകളോട് നിര്‍ദേശിക്കണമെന്നാണ് യുഎന്‍എ ആവശ്യപ്പെടുന്നത്. അഡ്വ സുഭാഷ് ചന്ദ്രന്‍ കെ ആര്‍, ബിജു പി രാമന്‍ എന്നിവര്‍ മുഖേനയാണ് നഴ്‌സസ് അസോസിയേഷന്‍ ഹരജി സമര്‍പ്പിച്ചത്.

ജൂണ്‍ 17നാണ് കൊവിഡ് രോഗികളുടെ ചികിത്സയും മൃതദേഹങ്ങള്‍ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഹര്‍ജി സുപ്രിംകോടതി വീണ്ടും പരിഗണിക്കുന്നത്‌

Next Story

RELATED STORIES

Share it