Latest News

മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്; 18 പേര്‍ സത്യപ്രതിജ്ഞ ചെയ്യും

മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്; 18 പേര്‍ സത്യപ്രതിജ്ഞ ചെയ്യും
X

മുംബൈ: അനിശ്ചിതത്വത്തിനൊടുവില്‍ മഹാരാഷ്ട്രയിലെ ഏക്‌നാഥ് ഷിന്‍ഡെ മന്ത്രിസഭ ഇന്ന് വികസിപ്പിക്കും. മുഖ്യമന്ത്രി ഷിന്‍ഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും അധികാരമേറ്റ് 40 ദിവസത്തിനുശേഷമാണു മന്ത്രിസഭ വികസിപ്പിക്കുന്നത്. ഷിന്‍ഡെ പക്ഷത്തെ 40 വിമതരും മന്ത്രിസ്ഥാനമോഹികളാണ്. ഇവരില്‍ അഞ്ചുപേര്‍ക്കാണ് ആദ്യഘട്ടം മന്ത്രിസ്ഥാനം ലഭിക്കുകയെന്നാണു റിപോര്‍ട്ട്.

ബിജെപിയില്‍ നിന്നും ഷിന്‍ഡെ പക്ഷത്തുനിന്നും ഒമ്പതുപേര്‍ വീതം സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. ആഭ്യന്തരവകുപ്പ് ഫഡ്‌നാവിസിന് തന്നെ ലഭിക്കുമെന്നാണ് സൂചന. ഷിന്‍ഡെ പക്ഷത്തുനിന്ന് ഭരത് ഗോഗാവാലെ, ശംഭുരാജ് ദേശായി എന്നിവരും ബിജെപിയില്‍നിന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ചന്ദ്രകാന്ത് പാട്ടീല്‍, സുധീര്‍ മുന്‍ഗന്തിവാര്‍, ഗിരീഷ് മഹാജന്‍, രാധാകൃഷ്ണ വിഖേ പാട്ടീല്‍, സുരേഷ് ഖാദെ, അതുല്‍ സാവേ എന്നിവരും മന്ത്രിമാരുമാവുമെന്നാണു സൂചന. രാവിലെ 11 മണിയോടെ രാജ്ഭവനിലാവും ചടങ്ങ്.

അജിത് പവാര്‍ അടക്കമുള്ള പ്രതിപക്ഷ നേതാക്കളെയും കേന്ദ്രമന്ത്രിമാരെയും ചടങ്ങിന് ക്ഷണിച്ചിട്ടുണ്ട്. മന്ത്രിസഭാ വികസനം ഷിന്‍ഡെ ക്യാംപില്‍ പൊട്ടിത്തെറിയുണ്ടാക്കുമെന്ന പ്രതീക്ഷ ഉദ്ധവ് പക്ഷത്തിനുണ്ട്. ഉദ്ധവ് താക്കറെയുടെ അനന്തരവന്‍ നിഹാര്‍ താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ ക്യാംപിന് പിന്തുണ പ്രഖ്യാപിച്ചു. യഥാര്‍ഥ ശിവസേനയായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച ഷിന്‍ഡെ ക്യാംപിന് നിഹാര്‍ താക്കറെയുടെ പിന്തുണ മുതല്‍ക്കൂട്ടാവും.

Next Story

RELATED STORIES

Share it