Latest News

ലോക് ജനശക്തി പാര്‍ട്ടി പിളര്‍പ്പിലേക്ക്; പാര്‍ട്ടി മേധാവി ചിരാഗ് പാസ്വാന്റെ അമ്മാവന്റെ നേതൃത്വത്തില്‍ വിമതനീക്കം

ലോക് ജനശക്തി പാര്‍ട്ടി പിളര്‍പ്പിലേക്ക്; പാര്‍ട്ടി മേധാവി ചിരാഗ് പാസ്വാന്റെ അമ്മാവന്റെ നേതൃത്വത്തില്‍ വിമതനീക്കം
X

ന്യൂഡല്‍ഹി: ബീഹാറില്‍ ലോക് ജനശക്തി പാര്‍ട്ടി പിളര്‍പ്പിലേക്ക് നീങ്ങുന്നു. പാര്‍ട്ടി മേധാവി ചിരാഗ് പാസ്വാന്റെ അമ്മാവന്‍ പശുപതി പരസാണ് നീക്കത്തിന് നേതൃത്വം നല്‍കുന്നത്. ലോക് സഭയിലെ ആറ് അംഗങ്ങളില്‍ നാല് പേര്‍ തങ്ങളെ പ്രത്യേക ഗ്രൂപ്പായി പരിഗണിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കത്തയച്ചിട്ടുണ്ട്. സ്പീക്കര്‍ അത് പരിഗണിക്കുന്നതോടെ പിളര്‍പ്പ് ഔദ്യോഗികമാവും.

വിമത നീക്കത്തിനു പിന്നില്‍ ഹാജിപൂര്‍ എം പി പശുപതി പരസാണ്. ചിരാഗിന്റെ ഏകാധിപത്യപ്രവണതകള്‍ക്കെതിരേയാണ് പരസിന്റെ നീക്കം. അദ്ദേഹം ജെഡിയുവിന്റെ എംപിയുമായി ബന്ധം സ്ഥാപിച്ചതായി റിപോര്‍ട്ട് പുറത്തുവന്നു.

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ അഭിനന്ദിച്ച് പരസ് രംഗത്തുവന്നത് പുതിയ ഗ്രൂപ്പിന്റെ നീക്കത്തെക്കുറിച്ചുള്ള വ്യക്തമായ സൂചനയാണെന്നാണ് കരുതുന്നത്. പുതിയ ഗ്രൂപ്പ് എന്‍ഡിഎയുടെ ഭാഗമായിത്തന്നെ നില്‍ക്കുകയും ചെയ്യും.

നിതീഷ് കുമാറിന്റെ ജെഡിയുവുമായുള്ള ബന്ധം വഷളായതിനെത്തുടര്‍ന്ന് ലോക് ജനശക്തി പാര്‍ട്ടി കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രമായാണ് മല്‍സരിച്ചത്.

സംഘടയിലെ 99 ശതമാനവും എല്‍ജെപിയിലുണ്ടെന്നും യഥാര്‍ത്ഥത്തില്‍ താന്‍ പാര്‍ട്ടിയെ രക്ഷിക്കുകയാണെന്നുമാണ് പരസിന്റെ നിലപാട്. നിതീഷുമായി ഇടഞ്ഞതില്‍ മിക്കവാറും എല്‍ജെപിക്കാര്‍ക്ക് നീരസമുണ്ട്. പുതിയ വിമതനീക്കത്തിനു കാരണവും അതാണെന്നാണ് കരുതുന്നത്.

രാം വിലാസ് പാസ്വാന്റെ മരണത്തെത്തുടര്‍ന്നാണ് മകന്‍ ചിരാഗ് പാസ്വാന്‍ പാര്‍ട്ടി മേധാവിയായി തിരഞ്ഞെടുക്കപ്പെട്ടത്.

അതേസമയം പ്രത്യേക വിഭാഗമായി മാറാനുള്ള നാല് എംപിമാരുടെ അപേക്ഷയില്‍ സ്പീക്കര്‍ എന്തുനടപടി കൈക്കൊള്ളുമെന്ന് വ്യക്തമല്ല.

2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍ജെപിക്ക് 6 സീറ്റാണ് ഉണ്ടായിരുന്നത്. ബീഹാര്‍ നിയമസഭയിലെ എല്‍ജെപിയുടെ ഏക എംഎല്‍എ രാജ് കുമാര്‍ സിങ് ജെഡിയുവില്‍ ചേര്‍ന്നുകഴിഞ്ഞു.

Next Story

RELATED STORIES

Share it