Latest News

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: 182 സ്ഥാനാര്‍ഥികളും 77,634 വോട്ടര്‍മാരും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: 182 സ്ഥാനാര്‍ഥികളും 77,634 വോട്ടര്‍മാരും
X

തിരുവനന്തപുരം: സംസ്ഥാനത്തെ 42 തദ്ദേശ വാര്‍ഡുകളില്‍ മെയ് 17 ന് നടത്തുന്ന വോട്ടെടുപ്പിന് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. കാസര്‍കോട്, വയനാട് ഒഴികെയുള്ള 12 ജില്ലകളിലായി രണ്ട് കോര്‍പറേഷന്‍, ഏഴ് മുനിസിപ്പാലിറ്റി, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, 31 ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. 182 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ഇതില്‍ 79 പേര്‍ സ്ത്രീകളാണ്. 36,490 പുരുഷന്‍മാരും 41,144 സ്ത്രീകളും ഉള്‍പ്പെടെ മൊത്തം 77,634 വോട്ടര്‍മാരാണുള്ളത്.

വോട്ടെടുപ്പിനായി ആകെ 94 പോളിങ് ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. രാവിലെ ആറ് മണിക്ക് മോക്ക് പോള്‍ നടത്തും. വോട്ടെടുപ്പ് രാവിലെ ഏഴ് മണിക്ക് ആരംഭിച്ച് വൈകീട്ട് ആറ് മണിക്ക് അവസാനിക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് തിരഞ്ഞെടുപ്പ് നടത്തുക. സമാധാനപരമായി വോട്ടെടുപ്പ് നടത്തുന്നതിനുള്ള പോലിസ് സേനയെ വിന്യസിക്കും. വോട്ടെണ്ണല്‍ മെയ് 18 ന് രാവിലെ 10 മണിക്ക് ആരംഭിക്കും. ഫലം കമ്മീഷന്റെ lsgelection.kerala.gov.in sskänse TREND ല്‍ ലഭ്യമാവും.

പോളിങ് ബൂത്തില്‍ വോട്ടര്‍മാര്‍ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ചുള്ള എസ്എസ്എല്‍സി ബുക്ക്, ദേശസാല്‍കൃത ബാങ്ക് ആറുമാസകാലയളവിന് മുമ്പുവരെ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകള്‍ ജില്ലാ അടിസ്ഥാനത്തില്‍:

തിരുവനന്തപുരം ജില്ല അതിയന്നൂര്‍ ഗ്രാമപ്പഞ്ചായത്തിലെ കണ്ണറവിള, പൂവാര്‍ ഗ്രാമപ്പഞ്ചായത്തിലെ അരശുംമൂട്, നാവായിക്കുളം ഗ്രാമപ്പഞ്ചായത്തിലെ മരുതിക്കുന്ന്, കല്ലറ ഗ്രാമപ്പഞ്ചായത്തിലെ കൊടിതൂക്കിയകുന്ന്

കൊല്ലം ജില്ല വെളിയം ഗ്രാമപഞ്ചായത്തിലെ കളപ്പില, വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ മുളയറച്ചാല്‍, ക്ലാപ്പന ഗ്രാമപഞ്ചായത്തിലെ ക്ലാപ്പന കിഴക്ക്, പെരിനാട് ഗ്രാമപഞ്ചായത്തിലെ നാന്തിരിക്കല്‍, ആര്യങ്കാവ് ഗ്രാമപഞ്ചായത്തിലെ കഴുതുരുട്ടി, ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിലെ സംഗമം

പത്തനംതിട്ട ജില്ല കോന്നി ഗ്രാമപഞ്ചായത്തിലെ ചിറ്റൂര്‍, കൊറ്റനാട് ഗ്രാമപഞ്ചായത്തിലെ വൃന്ദാവനം, റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തിലെ ഈട്ടിച്ചുവട്

ആലപ്പുഴ ജില്ല ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിലെ മണയ്ക്കാട്, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലെ പെരുന്തുരുത്ത്

കോട്ടയം ജില്ല ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയിലെ അമ്പലം

ഇടുക്കി ജില്ല ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്തിലെ വെള്ളന്താനം, ഇടമലക്കുടി ഗ്രാമപഞ്ചായത്തിലെ ആണ്ടവന്‍കുടി, അയ്യപ്പന്‍കോവില്‍ ഗ്രാമപഞ്ചായത്തിലെ ചേമ്പളം

എറണാകുളം ജില്ല കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ എറണാകുളം സൗത്ത്, തൃപ്പുണിത്തറ മുനിസിപ്പാലിറ്റിയിലെ പിഷാരി കോവില്‍, ഇളമനത്തോപ്പ്, കുന്നത്ത്‌നാട് ഗ്രാമപഞ്ചായത്തിലെ വെമ്പിള്ളി, വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ മൈലൂര്‍, നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തിലെ അത്താണി ടൗണ്‍

തൃശ്ശൂര്‍ ജില്ല വടക്കഞ്ചേരി മുനിസിപ്പാലിറ്റിയിലെ ഒന്നാംകല്ല്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിലെ ആനന്ദപുരം, കുഴൂര്‍ ഗ്രാമപഞ്ചായത്തിലെ കുഴൂര്‍, തൃക്കൂര്‍ ഗ്രാമപഞ്ചായത്തിലെ ആലേങ്ങാട്, മുരിയാട് ഗ്രാമപഞ്ചായത്തിലെ തുറവന്‍കാട്, വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ വെളയനാട്

പാലക്കാട് ജില്ല ചെറുപ്പളശ്ശേരി മുനിസിപ്പാലിറ്റിയിലെ കോട്ടകുന്ന്, പല്ലശ്ശന ഗ്രാമപഞ്ചായത്തിലെ കൂടല്ലൂര്‍

മലപ്പുറം ജില്ല ആലംകോട് ഗ്രാമപഞ്ചായത്തിലെ ഉദിനുപറമ്പ്, വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ പരുത്തിക്കാട്, കണ്ണമംഗലം ഗ്രാമപഞ്ചായത്തിലെ വാളക്കുട

കോഴിക്കോട് ജില്ല കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ വാരിക്കുഴിത്താഴം

കണ്ണൂര്‍ ജില്ല കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ കക്കാട്, പയ്യന്നൂര്‍ മുനിസിപ്പാലിറ്റിയിലെ മുതിയലം, മുഴുപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ തെക്കേക്കുന്നുമ്പ്രം, മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലെ നീര്‍വ്വേലി, കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്തിലെ പുല്ലാഞ്ഞിയോട്.

Next Story

RELATED STORIES

Share it