Latest News

നിയമസഭ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം നടത്തും

രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തെ അവസാനത്തെ നിയമസഭാ സമ്മേളനം

നിയമസഭ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം നടത്തും
X

തിരുവനന്തപുരം: നിയമസഭ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് നിയമസഭാ സമ്മേളനം ആരംഭിക്കുന്നത്. മന്ത്രിസഭ തയ്യാറാക്കി കൈമാറിയ പ്രസംഗം ഗവര്‍ണര്‍ നിയമസഭയില്‍ വായിക്കും. പ്രസംഗത്തില്‍ കേന്ദ്ര വിമര്‍ശനം ഉള്‍പ്പെടുന്ന ഭാഗങ്ങളില്‍ ഗവര്‍ണര്‍ തിരുത്താവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ വഴങ്ങിയിരുന്നില്ല. പതിനഞ്ചാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനമാണ് ഇന്ന് ആരംഭിക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തെ അവസാനത്തെ നിയമസഭാ സമ്മേളനമാണിത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനപ്രിയ പ്രഖ്യാപനങ്ങള്‍ നയപ്രഖ്യാപന പ്രസംഗത്തിലുണ്ടാകും. ജനുവരി 29നാണ് ബജറ്റ് അവതരണം. മാര്‍ച്ച് 26വരേയാണ് സമ്മേളനം.

പൂര്‍ത്തിയാക്കി പാസാക്കുന്നതിന് മുന്‍പു തന്നെ തിരഞ്ഞെടുപ്പ് വിജ്ഞാപനം പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ സമ്മേളനത്തിലുണ്ടായിരുന്ന എംഎല്‍എമാരില്‍ മൂന്നു പേര്‍ ഇല്ലാതെയാണ് നിയമസഭാ സമ്മേളനം തുടങ്ങുന്നത്. കൊയിലാണ്ടി അംഗമായിരുന്ന കാനത്തില്‍ ജമീല നവംബറിലാണ് മരണപ്പെട്ടത്. തൊണ്ടി മുതല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട ആന്റണി രാജുവിനെ അയോഗ്യനാക്കിയിരുന്നു. ലൈംഗിക പീഡനക്കേസില്‍ ജയിലില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനും സഭയിലെത്താനാകില്ല.

ഈമാസം 22, 27, 28 തീയതികള്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചര്‍ച്ച നടക്കും. ആറ് മുതല്‍ 22 വരെ സഭ ചേരില്ല. ഈ കാലയളവില്‍ വിവിധ സബ്ജക്ട് കമ്മിറ്റികള്‍ യോഗം ചേര്‍ന്ന് ധനാഭ്യര്‍ഥനകളുടെ സൂക്ഷ്മ പരിശോധന നടത്തും. ജനുവരി 29നാണ് ബജറ്റ് അവതരണം. ഫെബ്രുവരി 2, 3, 4 തീയതികളില്‍ ബജറ്റിന്മേലുള്ള പൊതു ചര്‍ച്ച നടക്കും. ജനുവരി 20 മുതല്‍ മാര്‍ച്ച് 26 വരെ ആകെ 32 ദിവസമാണ് സഭചേരുന്നത്. നടപടികള്‍ പൂര്‍ത്തിയാക്കി മാര്‍ച്ച് 26ന് സഭപിരിയും. അഞ്ചിന് 2025-26 വര്‍ഷത്തെ ബജറ്റിലെ അന്തിമ ഉപധനാഭ്യര്‍ഥനകളെ സംബന്ധിച്ച ചര്‍ച്ചയും വോട്ടെടുപ്പ് നടക്കും. പതിനഞ്ചാം നിയമസഭയുടെ 15 സെഷനുകളില്‍ മൊത്തം 182 ദിവസം സഭ ചേര്‍ന്നിട്ടുണ്ട്. ഇതില്‍ 158 ബില്ലുകള്‍ പാസാക്കി. സഭ പാസാക്കിയ ബില്ലുകളില്‍ 14 എണ്ണം ഗവര്‍ണറുടെ പരിഗണനയിലാണ്.

Next Story

RELATED STORIES

Share it