Latest News

രാജമാണിക്യത്തെ നീക്കിയത് തോട്ടം ഭൂമാഫിയകള്‍ക്കുള്ള ഇടതു സര്‍ക്കാറിന്റെ പാദസേവ: വെല്‍ഫെയര്‍ പാര്‍ട്ടി

അഞ്ച് ലക്ഷത്തിലധികം ഏക്കര്‍ ഭൂമിയാണ് ഹാരിസണടക്കമുള്ള പ്ലാന്റേഷന്‍ മാഫിയകള്‍ കൈവശം വെച്ചതായി രാജമാണിക്യം കമ്മീഷന്‍ കണ്ടെത്തിയത്.

രാജമാണിക്യത്തെ നീക്കിയത് തോട്ടം ഭൂമാഫിയകള്‍ക്കുള്ള ഇടതു സര്‍ക്കാറിന്റെ പാദസേവ: വെല്‍ഫെയര്‍ പാര്‍ട്ടി
X

തിരുവനന്തപുരം: ഹാരിസണടക്കമുള്ള തോട്ടം കുത്തകകള്‍ കൈവശം വെച്ച ഭൂമി ഏറ്റെടുക്കാനുള്ള സ്‌പെഷ്യല്‍ ഓഫിസര്‍ പദവിയില്‍ നിന്ന് രാജമാണിക്യത്തെ മാറ്റിയത് സ്വദേശ വിദേശ തോട്ടം -ഭൂമാഫിയകള്‍ക്കായി ഇടതു സര്‍ക്കാര്‍ നിരന്തരം തുടരുന്ന പാദസേവയുടെ ഒടുവിലത്തെ ഉദാഹരണമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എ ഷഫീഖ്. അഞ്ച് ലക്ഷത്തിലധികം ഏക്കര്‍ ഭൂമിയാണ് ഹാരിസണടക്കമുള്ള പ്ലാന്റേഷന്‍ മാഫിയകള്‍ കൈവശം വെച്ചതായി രാജമാണിക്യം കമ്മീഷന്‍ കണ്ടെത്തിയത്.

2013 ലാണ് ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ രാജമാണിക്യത്തെ സ്‌പെഷ്യല്‍ ഓഫിസറായി നിശ്ചയിച്ച് ഭൂമി ഏറ്റെടുക്കല്‍ നടപടികളാരംഭിച്ചത്. ഭൂമി ഏറ്റെടുക്കലിനെ തുടക്കം മുതല്‍ അട്ടിമറിക്കുന്ന സമീപനമാണ് സിപിഎം സ്വീകരിച്ചിരുന്നത്. സിപിഎമ്മിന്റെ ഇടുക്കി ജില്ലാ സമ്മേളനം തോട്ടം മാഫിയ അനധികൃതമായി കൈവശം വെച്ച ഭൂമി സര്‍ക്കാര്‍ തിരിച്ചു പിടിക്കുന്നതിനെതിരേ പ്രമേയം പാസ്സാക്കിയിരുന്നു. ഭൂമി പിടിച്ചെടുക്കുന്നതിനായി 2016 ജൂണില്‍ രാജമാണിക്യം നല്‍കിയ റിപ്പോര്‍ട്ട് നാല് വര്‍ഷത്തിലേറെയായി റവന്യൂ വകുപ്പും മുഖ്യമന്ത്രിയുടെ ഓഫിസും പൂഴ്ത്തി വെച്ചിരിക്കുകയാണ്. ഹാരസണിനെതിരേയുള്ള കേസ് ഭംഗിയായി നടത്തിക്കൊണ്ടിരുന്ന ഹൈക്കോടതിയിലെ ഗവണമെന്റ് പ്ലീഡറായിരുന്ന സുശീല ആര്‍ ഭട്ടിനെ മാറ്റി ഹാരിസണിന്റെ ഇഷ്ടക്കാരെ ഗവണമെന്റ് പ്ലീഡറായി നിശ്ചയിച്ച് കേസ് ആദ്യമേ തന്നെ പിണറായി സര്‍ക്കാര്‍ അട്ടിമറിച്ചു. ഇതിന് ശേഷമാണ് ഹൈക്കോടതിയിലും സുപ്രിം കോടതിയിലും സര്‍ക്കാര്‍ തോറ്റുകൊടുത്തത്. സര്‍ക്കാറിന്റെ സമ്പൂര്‍ണ ഒത്താശയായിരുന്നു കോടതി മുറിയില്‍ കണ്ടത്.

ഭൂമി ഏറ്റെടുക്കാന്‍ രാജമാണിക്യം നല്‍കിയ നോട്ടീസിനെ ഈ ബലത്തിലാണ് ഭൂ മാഫിയ മറികടന്നത്. ഹാരിസണിന്റെ അടക്കം കസ്റ്റഡിയിലുള്ള അഞ്ച് ലക്ഷത്തിലേറെ ഏക്കര്‍ ഭൂമി തിരിച്ചു പിടിക്കാനുള്ള സിവില്‍ കോടതി നടപടികളാണ് ഒടുവില്‍ സുപ്രിം കോടതി നല്‍കിയ നിര്‍ദേശം. അതിനുള്ള സിവില്‍ നിയമ നടപടികള്‍ നടന്നു വരുന്നതിനിടയിലാണ് പുതിയ സര്‍ക്കാര്‍ നീക്കം. ഇതുവരെയുള്ള നടപടികള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന രാജമാണിക്യത്തെ നിര്‍ണായകമായ ഈ സമയത്ത് മാറ്റുക വഴി തോട്ടം മാഫിയക്കു വേണ്ടി കേരളത്തിലെ ലക്ഷക്കണക്കിന് ഭൂരഹിതരെ വഞ്ചിക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഭൂരഹിതര്‍ക്ക് 400 സ്‌ക്വയര്‍ ഫീറ്റിന്റെ ഫ്‌ലാറ്റ് വാഗ്ദാനം മാത്രം നല്‍കി ഭൂമാഫിയക്ക് ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമി ദാനം നല്‍കുന്ന 'പുരോഗമന ഇടതു നയത്തെ' കേരളം വിചാരണ ചെയ്യണമെന്നും ഭൂമി ഏറ്റെടുക്കാന്‍ പുതിയ നിയമ നിര്‍മ്മാണത്തിന് സര്‍ക്കാര്‍ സന്നദ്ധമാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


Next Story

RELATED STORIES

Share it