Latest News

ഉരുള്‍പ്പൊട്ടല്‍: കോട്ടയത്ത് കാണാതായ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി

ഉരുള്‍പ്പൊട്ടല്‍: കോട്ടയത്ത് കാണാതായ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി
X

കോട്ടയം: കനത്ത മഴ തുടരുന്ന കോട്ടയത്ത് ഉരുള്‍പ്പൊട്ടലില്‍ കാണാതായ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയതായി റിപോര്‍ട്ട്. നേരത്തെ കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍, പ്ലാപ്പള്ളി ഭാഗത്തുണ്ടായ ഉരുള്‍പൊട്ടലില്‍ ഏഴ് പേരെ കാണാതായിരുന്നു. അവരില്‍ മൂന്ന് പേരുടെ മൃതദേഹം കണ്ടെടുത്തതായാണ് റിപോര്‍ട്ട് വന്നിരിക്കുന്നത്. കാണാതായവരില്‍ ആറ് പേര്‍ ഒരു കുടുംബത്തിലുള്ളവരാണ്. എംഎല്‍എ സെബാസ്റ്റിയന്‍ കുളത്തുങ്കലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയ വിവരം സ്ഥിരീകരിച്ചത്. കാണാതയവരുടെ എണ്ണം പത്താണെന്നും പന്ത്രണ്ടാണെന്നുമുളള റിപോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

പ്രദേശത്ത് മൂന്ന് വീടുകള്‍ ഒഴുക്കില്‍ ഒലിച്ചുപോയി. പുലര്‍ച്ചെ മുതല്‍ പെയ്യുന്ന ശക്തമായ മഴയെത്തുടര്‍ന്നാണ് ഉരുള്‍പൊട്ടലുണ്ടായത്. പൂഞ്ഞാര്‍ തെക്കേക്കരയിലും മുണ്ടക്കയത്തുമൊക്കെ ഉരുള്‍പൊട്ടല്‍ ഉണ്ടായെങ്കിലും അത് തീവ്രത കുറഞ്ഞവ ആയിരുന്നു. എന്നാല്‍, കൂട്ടിക്കലില്‍ ഉണ്ടായത് ശക്തമായ ഉരുള്‍പൊട്ടലാണ്. വിവിധയിടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി മീനച്ചിലാറ്റിലേക്കും മണിമലയാറ്റിലേക്കും വെള്ളം ഇരച്ചെത്തിയാണ് ജില്ലയില്‍ വെള്ളപ്പൊക്കമുണ്ടായത്. കൂട്ടിക്കല്‍ കവലയില്‍ ഒരാള്‍ പൊക്കത്തില്‍ വെള്ളം കയറിയിട്ടുണ്ട്.

വെള്ളപ്പൊക്കത്തില്‍ വീടുകളില്‍ വെള്ളം കയറുകയും വാഹനങ്ങളും കോഴി ഫാമുകളും അടക്കമുള്ളവ ഒഴികിപ്പോവുകയും ചെയ്തു. ഇതിനകം നൂറോളം ദുരിതാശ്വാസ കാംപുകളാണ് ജില്ലയില്‍ തുറന്നിരിക്കുന്നത്. കൂട്ടിക്കല്‍ നഗരവും മുണ്ടക്കയം നഗരവും ഒറ്റപ്പെട്ടു.

സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ മഴക്കെടുത്തി തുടരുകയാണ്. കോട്ടയം ജില്ലയിലാണ് ഏറെ കെടുതികള്‍ റിപോര്‍ട്ട് ചെയ്യുന്നത്.

Next Story

RELATED STORIES

Share it