Latest News

നഞ്ചിയമ്മയുടെ അട്ടപ്പാടിയിലെ കുടുംബഭൂമി കയ്യേറിയ സംഭവം; റവന്യൂ വിജിലന്‍സ് അന്വേഷിക്കുമെന്ന് മന്ത്രി

അട്ടപ്പാടിയില്‍ ഭൂമാഫിയ ആദിവാസികളുടെ ഭൂമി വ്യാപകമായി കയ്യേറുന്നുവെന്ന് കെകെ രമ നിയമസഭയില്‍

നഞ്ചിയമ്മയുടെ അട്ടപ്പാടിയിലെ കുടുംബഭൂമി കയ്യേറിയ സംഭവം; റവന്യൂ വിജിലന്‍സ് അന്വേഷിക്കുമെന്ന് മന്ത്രി
X

തിരുവനന്തപുരം: മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ നഞ്ചിയമ്മയുടെ അട്ടപ്പാടിയിലെ കുടുംബഭൂമി കയ്യേറിയ സംഭവം നിയമസഭയില്‍. അട്ടപ്പാടിയില്‍ ഭൂമാഫിയ ആദിവാസികളുടെ ഭൂമി വ്യാപകമായി കയ്യേറുന്നുണ്ടെന്ന വിഷയം എംഎല്‍എ കെകെ രമ നിയമസഭയില്‍ ഉന്നയിച്ചു. വ്യാജരേഖയുണ്ടാക്കി ഭൂമി തട്ടിയെടുക്കുകയും റവന്യൂ ഉദ്യോഗസ്ഥര്‍ ഇതിനു കൂട്ടുനില്‍ക്കുന്നെന്നും വിഷയത്തില്‍ വകുപ്പു തല അന്വേഷണം വേണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.

വിഷയത്തെ ഗൗരവമായി കാണുന്നുണ്ടെന്ന് റവന്യൂ മന്ത്രി കെ രാജന്‍ നിയമസഭയില്‍ മറുപടി നല്‍കി. ഭൂമി കയ്യേറ്റം തടയാന്‍ നിയമങ്ങളുണ്ട് അത് കൃത്യമായി നടപ്പിലാക്കും. അട്ടപ്പാടി ട്രൈബല്‍ താലൂക്കിലെ അഗളി വില്ലേജിലെ ഭൂമി അന്യാധീനപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി നഞ്ചിയമ്മ പരാതി നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. നഞ്ചിയമ്മയുടെ ഭൂമി കൈമാറ്റം റദ്ദാക്കാനുള്ള അപേക്ഷ ജില്ലാ കലക്ടര്‍ക്കാണ് നല്‍കിയിട്ടുള്ളത്. ഇത് പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ആദിവാസികളുടെ ഭൂമി സംബന്ധിച്ച പരാതികള്‍ ഗൗരവമായി കാണുമെന്നും പരാതികള്‍ റവന്യൂ വിജിലന്‍സ് അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അട്ടപ്പാടി ട്രൈബല്‍ താലൂക്കിലെ അഗളി വില്ലേജിലെ 1167/1, 1167/6 സര്‍വേ നമ്പരുകളിലെ ഭൂമി കയ്യേറിയെന്ന് ചൂണ്ടിക്കാട്ടിയാണ് നഞ്ചിയമ്മ പരാതി നല്‍കിയത്. ഭൂമി തട്ടിയെടുക്കുന്നതിന് മാരിമുത്തു എന്നയാള്‍ വ്യാജ നികുതി രസീത് കോടതിയില്‍ ഹാജരാക്കിയെന്ന് പരാതിയില്‍ പറയുന്നു. അതിനാല്‍ ഒറ്റപ്പാലം സബ് കലക്ടറുടെ 2020 ഫെബ്രുവരി 20ലെ ടിഎല്‍എ ഉത്തരവ് റദ്ദാക്കണമെന്നും നഞ്ചിയമ്മ നല്‍കിയ പരാതിയില്‍ പറയുന്നു. മരുതി, കുമരപ്പന്‍ എന്നിവരും പരാതിക്കാരാണ്. 1999ലെ പട്ടികവര്‍ഗ ഭൂമി കൈമാറ്റ നിയന്ത്രണവും പുനരവകാശ സ്ഥാപനവും നിയമത്തിലെ വകുപ്പ് ഏഴ് (അഞ്ച്) പ്രകാരം പാലക്കാട് കലക്ടര്‍ക്ക് അപ്പീല്‍ നല്‍കി. തുടര്‍ന്ന് കലക്ടര്‍ ബന്ധപ്പെട്ട കക്ഷികള്‍ക്ക് നോട്ടീസ് നല്‍കി. 2022 ആഗസ്റ്റ് 10ന് വിചാരണ നടത്തിയെങ്കിലും മാരിമുത്തു എത്തിയില്ല. അടുത്ത വിചാരണ സെപ്റ്റംബര്‍ 13ന് നടത്താന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it