Latest News

ലഖിംപൂര്‍ ഖേരി: യുപി സര്‍ക്കാരിന്റെ അന്വേഷണത്തില്‍ വീണ്ടും അതൃപ്തി പ്രകടിപ്പിച്ച് സുപ്രിംകോടതി

ലഖിംപൂര്‍ ഖേരി: യുപി സര്‍ക്കാരിന്റെ അന്വേഷണത്തില്‍ വീണ്ടും അതൃപ്തി പ്രകടിപ്പിച്ച് സുപ്രിംകോടതി
X

ന്യൂഡല്‍ഹി: യുപിയിലെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷക പ്രക്ഷോഭകരെ വാഹനം കയറ്റിക്കൊന്ന സംഭവത്തില്‍ യുപി സര്‍ക്കാരിന്റെ അന്വേഷണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് സുപ്രിംകോടതി. അന്വേഷണം നടക്കുന്നത് പ്രതീക്ഷിച്ചപോലെയല്ലെന്നും അത് ഇഴഞ്ഞുനീങ്ങുകയാണെന്നും കോടതി വിമര്‍ശിച്ചു. ഇത് മൂന്നാം തവണയാണ് ഈ കേസില്‍ യുപി സര്‍ക്കാരിനെതിരേ സുപ്രിംകോടതി രംഗത്തുവരുന്നത്.

കഴിഞ്ഞ മാസം ലഖിംപൂര്‍ ഖേരിയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ വാഹനവ്യൂഹത്തിലെ വാഹനം പാഞ്ഞുകയറി നാല് കര്‍ഷക പ്രതിഷേധക്കാര്‍ മരിച്ചിരുന്നു. തുടര്‍ന്ന് നടന്ന സംഘര്‍ഷത്തില്‍ മറ്റ് നാല് പേര്‍ കൂടി മരിച്ചു.

''പുതുതായി നല്‍കിയ തല്‍സ്ഥിതി റിപോര്‍ട്ടില്‍ ഒന്നുംതന്നെയില്ല. കുറച്ചുകൂടി സാക്ഷികളെ വിസ്തരിക്കാനുണ്ടെന്ന് മാത്രമാണ് പറയുന്നത്. ഞങ്ങള്‍ പത്ത് ദിവസം നല്‍കി. ലാബ് റിപോര്‍ട്ടും വന്നില്ല. ഞങ്ങള്‍ ഇങ്ങനെയല്ല പ്രതീക്ഷിക്കുന്നത്''- ചീഫ് ജസ്റ്റിസ് എന്‍ വി രമണ പറഞ്ഞു.

ആകെ 23 പേരെ മാത്രമേ ദൃക്‌സാക്ഷികളായി ലഭിച്ചിട്ടുള്ളുവെന്നാണ് റിപോര്‍ട്ട് പറയുന്നത്. കൂടുതല്‍ സാക്ഷികളെ കണ്ടെത്താന്‍ കോടതി കഴിഞ്ഞ ഹിയറിങ്ങില്‍ നിര്‍ദേശിച്ചിരുന്നു. ആയിരങ്ങള്‍ പങ്കെടുത്ത ഒരു പരിപാടിയില്‍ നിന്ന് ആകെ 23 പേരെ മാത്രം കണ്ടെത്താനായുള്ളുവെന്നതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു.

യുപി സര്‍ക്കാരിനുവേണ്ടി ഹാജരായ ഹരിഷ് സാല്‍വെ 68 സാക്ഷികളെ കണ്ടെത്തിയിട്ടുണ്ടെന്ന് കോടതിയെ അറിയിച്ചു. അതില്‍ 30 പേരുടെ മൊഴി ശേഖരിച്ചു. 23 പേര്‍ ദൃക്‌സാക്ഷികളാണ്.

ആയിരത്തോളം പേര്‍ പങ്കെടുത്തു, എന്നിട്ടും 23 ദൃക്‌സാക്ഷികളേയുള്ളൂവെന്ന് കോടതി ചോദിച്ചു. നാലായിരം, അയ്യായിരം പേര്‍ പങ്കെടുത്തിരുന്നുവെന്ന് ജസ്റ്റിസ് സൂര്യ കാന്ത് ചൂണ്ടിക്കാട്ടി.

ഒക്ടബോര്‍ 3ന് നടന്ന പ്രതിഷേധത്തിനിടയിലേക്കാണ് അജയ് മിശ്രയുടെ മകന്‍ വാഹനം ഓടിച്ചുകയറ്റിയത്. വാഹനം ഇടിക്കുന്നതിന്റെ ഒന്നിലധികം വീഡിയോകള്‍ പുറത്തുവന്നെങ്കിലും യുപി സര്‍ക്കാര്‍ അന്വേഷണം വേണ്ടവിധം നടത്തുന്നില്ലെന്ന പരാതി വ്യാപകമായുണ്ട്. അക്കാര്യം സുപ്രിംകോടതിയും ചൂണ്ടിക്കാട്ടി. ഹൈക്കോടതി മുന്‍ ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തുന്നതും കോടതിയുടെ പരിഗണനയിലുണ്ട്.

Next Story

RELATED STORIES

Share it