Latest News

ഏഴ് വര്‍ഷം കഴിഞ്ഞിട്ടും വികല പരാമര്‍ശം മാറ്റാതെ കുഞ്ഞാലി മരയ്ക്കാര്‍ ലഘുലേഖ

ഏഴ് വര്‍ഷം കഴിഞ്ഞിട്ടും വികല പരാമര്‍ശം മാറ്റാതെ കുഞ്ഞാലി മരയ്ക്കാര്‍ ലഘുലേഖ
X

പയ്യോളി: ധീര ദേശാഭിമാനി കോട്ടക്കല്‍ കുഞ്ഞാലി മരയ്ക്കാറുടെ സ്മാരക മ്യൂസിയത്തില്‍ നിന്ന് വിതരണം ചെയ്യുന്ന ലഘുലേഖയിലെ വികലമായ പരാമര്‍ശത്തില്‍ പ്രതിഷേധം ശക്തമാകുന്നു. തെറ്റായ പരാമര്‍ശമുള്ള ലഘുലേഘ ഏഴ് വര്‍ഷമായിട്ടും പിന്‍വലിച്ചിട്ടില്ല.

കുഞ്ഞാലിമരക്കാര്‍ നാലാമനായ മുഹമ്മദ് കുഞ്ഞാലി മുന്‍ഗാമികളില്‍ നിന്ന് വ്യത്യസ്തമായി സ്വയം ഒരു ഭരണാധികാരിയായി വേഷമണിയാന്‍ ശ്രമിച്ചുവെന്നും 'ഇസ് ലാമിന്റെ സംരക്ഷകന്‍ ' തുടങ്ങിയ ബിരുദങ്ങള്‍ സ്വയം സ്വീകരിച്ചുവെന്നുമാണ് ചുമരെഴുത്തിലെയും സന്ദര്‍ശകര്‍ക്കു നല്‍കുന്ന ലഘുലേഖയിലേയും പ്രധാന പരാമര്‍ശങ്ങള്‍.

2013 ല്‍ സ്മാരകം നവീകരിച്ച ഘട്ടത്തില്‍ ഇറക്കിയ ലഘുലേഖയെക്കുറിച്ച് അക്കാലത്ത് തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിനെതിരേ ജനപ്രതിനിധികളടക്കം ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയെങ്കിലും തിരുത്താന്‍ തയ്യാറായിരുന്നില്ല.


സ്വാതന്ത്ര്യസമര രംഗത്ത് സമാനതകളില്ലാത്ത പോരാട്ടങ്ങള്‍ കാഴ്ചവെച്ച ധീര രക്തസാക്ഷി കുഞ്ഞാലിമരക്കാര്‍ നാലാമനെ വികലമായി ചിത്രീകരിച്ച ലഘുലേഖ പിന്‍വലിക്കണമെന്നും ചുമരെഴുത്തുകള്‍ മാറ്റി സ്ഥാപിക്കണമെന്നും കുഞ്ഞാലിമരക്കാര്‍ പൈതൃകസമിതി ആവശ്യപ്പെട്ടു.

യോഗത്തില്‍ ചീഫ് കോ ഓര്‍ഡിനേറ്റര്‍ ഇബ്രാഹിം തിക്കോടി, എന്‍.പി. കുഞ്ഞാമുമരക്കാര്‍, എന്‍.പി അബ്ദുള്‍ റഹീം എന്നിവര്‍ സംസാരിച്ചു. വിഷയവുമായി ബന്ധപ്പെട്ട നിവേദനം കഴിഞ്ഞ ദിവസം സ്മാരകം സന്ദര്‍ശിച്ച മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് പൈതൃക സമിതി സമര്‍പ്പിച്ചു . കുഞ്ഞാലിമരക്കാരുടെ ചരിത്രം ആസ്പദമാക്കി പുറത്തിറങ്ങാന്‍ പോകുന്ന ബിഗ് ബജറ്റ് ചിത്രമായ 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' ഇതിനകം ഏറെ വിവാദത്തിലായിരുന്നു. മരക്കാറായി വേഷമിടുന്ന മോഹന്‍ലാലിന്റെ നെറ്റിത്തടത്തില്‍ ഗണപതിവിഗ്രഹത്തിന്റെ ചിഹ്നം കൊത്തിവെച്ചതിനെ തുടര്‍ന്ന് മരക്കാര്‍ കുടുംബത്തിന്റെ പിന്‍മുറക്കാരായ കൊയിലാണ്ടി നടുവത്തൂരിലെ മുഫീദാ അറഫാത്ത് 2020 ഫെബ്രുവരിയില്‍ ഹൈകോടതിയെ സമീപിച്ചിരുന്നു.

Next Story

RELATED STORIES

Share it