Latest News

കെഎസ്ആര്‍ടിസി സ്മാര്‍ട്ട് കാര്‍ഡ്; റീചാര്‍ജ് പരിധി 5,000 രൂപയായി

കെഎസ്ആര്‍ടിസി സ്മാര്‍ട്ട് കാര്‍ഡ്; റീചാര്‍ജ് പരിധി 5,000 രൂപയായി
X

കോഴിക്കോട്: യാത്രക്കാരുടെ സൗകര്യം വര്‍ധിപ്പിക്കുന്നതിനായി കെഎസ്ആര്‍ടിസി സ്മാര്‍ട്ട് കാര്‍ഡ് (ട്രാവല്‍ കാര്‍ഡ്) സംവിധാനത്തില്‍ നിര്‍ണ്ണായക മാറ്റങ്ങള്‍ നടപ്പിലാക്കി. കാര്‍ഡിന്റെ പരമാവധി റീചാര്‍ജ് പരിധി 3,000 രൂപയില്‍ നിന്ന് 5,000 രൂപയായി ഉയര്‍ത്തിയതായി അധികൃതര്‍ അറിയിച്ചു. ബസുകളില്‍ പണം കൈവശം വയ്ക്കാതെ എടിഎം കാര്‍ഡ് പോലെ സൈ്വപ്പ് ചെയ്ത് ടിക്കറ്റ് എടുക്കാന്‍ കഴിയുന്ന ഈ സംവിധാനം കൂടുതല്‍ ഉപഭോക്തൃ സൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.

റീചാര്‍ജ് ചെയ്യുന്ന യാത്രക്കാര്‍ക്ക് അധിക ബോണസും പ്രഖ്യാപിച്ചിട്ടുണ്ട്. 1,000 മുതല്‍ 1,999 രൂപ വരെ റീചാര്‍ജ് ചെയ്താല്‍ 40 രൂപയും, 2,000 രൂപയ്ക്ക് മുകളില്‍ 100 രൂപയും, 3,000 രൂപയ്ക്ക് മുകളില്‍ 150 രൂപയും, 4,000 രൂപയ്ക്ക് മുകളില്‍ 200 രൂപയും അധികമായി ലഭിക്കും. 100 രൂപയാണ് കാര്‍ഡിന്റെ വില. കുറഞ്ഞത് 100 രൂപ മുതല്‍ റീചാര്‍ജ് ചെയ്യാം. കാര്‍ഡിലെ തുകക്ക് ഒരു വര്‍ഷമാണ് കാലാവധി. ഒരു വര്‍ഷത്തിലധികം ഉപയോഗിക്കാത്ത കാര്‍ഡുകള്‍ ഡിപ്പോകള്‍ വഴി വീണ്ടും സജീവമാക്കാം.

കെഎസ്ആര്‍ടിസി ഡിപ്പോകളിലും യൂണിറ്റുകളിലും കാര്‍ഡ് ലഭ്യമാണ്. കണ്ടക്ടര്‍മാരില്‍ നിന്നും മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവുകളില്‍ നിന്നും നേരിട്ടും കാര്‍ഡ് വാങ്ങാനും റീചാര്‍ജ് ചെയ്യാനും സൗകര്യമുണ്ട്. ഒരു കാര്‍ഡ് ഒരാള്‍ക്ക് മാത്രം പരിമിതമല്ലെന്നതാണ് പ്രത്യേകത. ഒരേ കാര്‍ഡ് ഉപയോഗിച്ച് കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുകള്‍ക്കും യാത്ര ചെയ്യാം. ചില്ലറ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും കൃത്യമായ തുക ഈടാക്കാനും ഇത് സഹായകമാവും.

ഇടിഎം (ഇലക്ട്രോണിക് ടിക്കറ്റിങ് മെഷീന്‍) മെഷീനിലൂടെയോ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്‌തോ കാര്‍ഡിലെ ബാലന്‍സ് തുക പരിശോധിക്കാം. നിലവില്‍ ഓര്‍ഡിനറി, ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകളില്‍ ഈ സംവിധാനം ലഭ്യമാണ്. ഇതിനൊപ്പം, വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ കാര്‍ഡുകളും സ്മാര്‍ട്ട് കാര്‍ഡ് സംവിധാനത്തിലേക്ക് മാറ്റാനുള്ള നീക്കത്തിലാണ് കെഎസ്ആര്‍ടിസി. 'ചലോ' മൊബൈല്‍ ആപ്പ് വഴി കാര്‍ഡ് റീചാര്‍ജ് ചെയ്യാനും സൗകര്യമുണ്ട്. കാര്‍ഡ് നഷ്ടപ്പെട്ടാല്‍ പഴയ ബാലന്‍സ് പുതിയ കാര്‍ഡിലേക്ക് മാറ്റി നല്‍കും.

Next Story

RELATED STORIES

Share it