Latest News

6 വര്‍ഷം കൊണ്ട് കെഎസ്ആര്‍ടിസിയെ എല്ലും തോലുമാക്കിയെന്ന് എം വിന്‍സന്റ്; യാത്രക്കാര്‍ 20 ലക്ഷമായി കുറഞ്ഞതാണ് കാരണമെന്ന് മന്ത്രി

കൊവിഡിന് ശേഷം യാത്രക്കാരുടെ എണ്ണം 38 ലക്ഷത്തില്‍ നിന്ന് 20 ലക്ഷമായി കുറഞ്ഞു. 192.72 കോടിയാണ് കഴിഞ്ഞ മാസത്തെ കളക്ഷനടക്കമുള്ള വരവ്. 229.32 കോടി ചെലവും

6 വര്‍ഷം കൊണ്ട് കെഎസ്ആര്‍ടിസിയെ എല്ലും തോലുമാക്കിയെന്ന് എം വിന്‍സന്റ്; യാത്രക്കാര്‍ 20 ലക്ഷമായി കുറഞ്ഞതാണ് കാരണമെന്ന് മന്ത്രി
X

തിരുവനന്തപുരം: കെഎസ്ആര്‍ടിസി പ്രതിസന്ധി സഭ നിര്‍ത്തിവെച്ചു ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം ഗതാഗതമന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ തള്ളി. കൊവിഡിന് ശേഷം യാത്രക്കാരുടെ എണ്ണം 38 ലക്ഷത്തില്‍ നിന്ന് 20 ലക്ഷം ആയി കുറഞ്ഞു. വരുമാനം ഗണ്യമായി കുറഞ്ഞു. 192.72 കോടിയാണ് കഴിഞ്ഞ മാസത്തെ കളക്ഷനടക്കമുള്ള വരവ്. 229.32 കോടി ചെലവും. 96.65 കോടി ആണ് അന്തരമെന്നും ഗതാഗത മന്ത്രി സഭയെ അറിയിച്ചു.

ജൂലൈ, ആഗസ്റ്റ് മാസത്തെ പെന്‍ഷന്‍ ഇന്ന് മുതല്‍ വിതരണം ചെയ്യും. സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കിയാല്‍ 1300 ബസ് ഓടിക്കാനാവും. സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കാന്‍ യൂണിയനുകള്‍ സമ്മതിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ 6 വര്‍ഷം കൊണ്ട് കെഎസ്ആര്‍ടിസിയെ എല്ലും തോലുമാക്കിയെന്ന് അടിയന്തിരപ്രമേയത്തിന് അനുമതി തേടി എം വിന്‍സന്റ് ആരോപിച്ചു. 8650 പേരെ പിരിച്ചു വിട്ടു. 75 മാസമായി ഒരിക്കല്‍ പോലും കൃത്യമായി ശമ്പളം കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല. സര്‍ക്കാര്‍ ചെലവ് കൂട്ടിക്കാണിക്കുന്നു. സിറ്റി സര്‍ക്കുലര്‍ കാരണമുണ്ടായത് വന്‍ നഷ്ടമാണ്. സുശീല്‍ ഖന്ന റിപ്പോര്‍ട്ട് വലിച്ചു കീറി ചവറ്റുകുട്ടയില്‍ എറിയണം. എന്നാലേ കെഎസ്ആര്‍ടിസി രക്ഷപ്പെടൂ.

കെഎസ്ആര്‍ടിസിയുടെ ആരാച്ചാര്‍ ആകാന്‍ വന്നതാണ് സ്വിഫ്റ്റ് കമ്പനി. സ്വിഫ്റ്റിനെ ആക്രമിക്കുന്നത് ആരെ സഹായിക്കാനെന്ന് ഗതാഗതമന്ത്രി തിരിച്ചടിച്ചു. സ്വിഫ്റ്റ് അപകടത്തില്‍ പെടുന്നു എന്നത് പെരുപ്പിച്ച കഥയാണ്. സിംഗിള്‍ ഡ്യൂട്ടിയില്‍ 8 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യേണ്ടതില്ല. ബാക്കി സമയം വിശ്രമമാമെന്നും മന്ത്രി വിശദീകരിച്ചു.

ഈ സര്‍ക്കാര്‍ പൊതു ഗതാഗതം തകര്‍ത്തുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. സര്‍ക്കാര്‍ ഇന്ധന സബ്‌സിഡി നല്‍കണം. നികുതി വര്‍ദ്ധനവ് കെഎസ്ആര്‍ടിസിക്ക് വേണ്ടിയെങ്കിലും ഒഴിവാക്കണം. കെ റെയിലിനു വേണ്ടിയാണോ കെഎസ്ആര്‍ടിസിയെ തകര്‍ക്കുന്നത്. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

Next Story

RELATED STORIES

Share it