Latest News

വൈദ്യുതി ബന്ധം വിച്ഛേദിക്കാന്‍ എത്തിയ കെഎസ്ഇബി ജീവനക്കാരനെ വളര്‍ത്തുനായ കടിച്ചു; വീട്ടുടമക്കെതിരേ കേസ്

വൈദ്യുതി ബന്ധം വിച്ഛേദിക്കാന്‍ എത്തിയ കെഎസ്ഇബി ജീവനക്കാരനെ വളര്‍ത്തുനായ കടിച്ചു; വീട്ടുടമക്കെതിരേ കേസ്
X

തിരുവല്ല: വൈദ്യുതി ബന്ധം വിച്ഛേദിക്കാന്‍ എത്തിയ കെഎസ്ഇബി ജീവനക്കാരനെ വളര്‍ത്തുനായയെ അഴിച്ചുവിട്ട് കടിപ്പിച്ചതായി പരാതി. കെഎസ്ഇബി കല്ലിശ്ശേരി സെക്ഷന്‍ ലൈന്‍മാനായ ആര്‍ രഞ്ജിത്തിനാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.

കുറ്റൂര്‍ എട്ടാം വാര്‍ഡിലെ മുള്ളിപ്പാറ തെക്കേതില്‍ എം കെ സുകുമാരന്റെ വീട്ടില്‍ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കാന്‍ എത്തിയപ്പോഴാണ് സംഭവം നടന്നത്. സുകുമാരന്റെ മകന്‍ ശ്രീക്കുട്ടനും കുടുംബവുമാണ് വീട്ടില്‍ താമസം. കഴിഞ്ഞ പതിനേഴിനായിരുന്നു വൈദ്യുതി ബില്‍ അടയ്ക്കാനുള്ള അവസാന തീയതി. ഇതിന്റെ അടിസ്ഥാനത്തില്‍ പല ദിവസങ്ങളിലും രഞ്ജിത്ത് ശ്രീക്കുട്ടനെ ഫോണ്‍ വഴി ബന്ധപ്പെടുകയായിരുന്നു. ഇന്ന് രാവിലെയും ബില്‍ അടയ്ക്കാത്തതിനാല്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ 'തുക അടക്കാന്‍ കഴിയില്ല, വൈദ്യുതി വിച്ഛേദിക്കാം' എന്ന മറുപടിയായിരുന്നു ലഭിച്ചതെന്ന് രഞ്ജിത്ത് പറഞ്ഞു. തുടര്‍ന്ന് രഞ്ജിത്തും സഹപ്രവര്‍ത്തകനായ ജയലാലും വീട്ടില്‍ എത്തിയപ്പോള്‍ വളര്‍ത്തുനായയെ അഴിച്ചുവിട്ടു. മീറ്റര്‍ പരിശോധിച്ചുകൊണ്ടിരുന്ന രഞ്ജിത്ത് നായയെ കണ്ടതോടെ ഓടി മാറാന്‍ ശ്രമിച്ചെങ്കിലും നായ ചാടിവീണു ഇടത് കാല്‍മുട്ടിന് താഴെ കടിക്കുകയായിരുന്നു. രഞ്ജിത്ത് താഴെ വീണതായും പിന്നീട് ആശുപത്രിയില്‍ ചികില്‍സ തേടിയതായും വ്യക്തമാക്കി.

സംഭവത്തെ തുടര്‍ന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ സന്തോഷ് സുകുമാരന്‍ തിരുവല്ല പോലിസില്‍ പരാതി നല്‍കി. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടരുകയാണെന്ന് തിരുവല്ല എസ്എച്ച്ഒ അറിയിച്ചു.

Next Story

RELATED STORIES

Share it