Latest News

കെ.റെയില്‍: സാമൂഹ്യാഘാത പഠനമെന്ന പേരിലുള്ള വിവരശേഖരണം നിര്‍ത്തിവെക്കണമെന്ന് കെ.റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി

കെ.റെയില്‍: സാമൂഹ്യാഘാത പഠനമെന്ന പേരിലുള്ള വിവരശേഖരണം നിര്‍ത്തിവെക്കണമെന്ന് കെ.റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി
X

കണ്ണൂര്‍; സാമുഹ്യാഘാത പഠനമെന്ന പേരില്‍ കഴിഞ്ഞ രണ്ടു ദിവസമായി കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ സ്വകാര്യ ഏജന്‍സി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് കെ.റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സാമൂഹ്യാഘാത പഠനത്തിന് എന്ന പേരില്‍ 17 പേജുകളിലായി നല്‍കുന്ന വിവരശേഖരണ ചോദ്യാവലിയിലെ ചോദ്യങ്ങള്‍ അങ്ങേയറ്റം പ്രഹസനമാണ്. പദ്ധതിയുടെ അതിര്‍ത്തി രേഖയും ബഫര്‍ സോണും സംബന്ധിച്ച കാര്യങ്ങള്‍ ബാധിക്കപ്പെടുന്നവരെ ബോധ്യപ്പെടുത്തിയിട്ടില്ല എന്നിരിക്കെ, ബാധിക്കപ്പെടുന്ന ഭൂമിയുടെ വിസ്തീര്‍ണം, നഷ്ടപ്പെടുന്ന ഭൂമിയുടെ വിസ്തീര്‍ണം, നേരിട്ടുണ്ടാകുന്ന പ്രത്യാഘാതം എന്നിവ ജനങ്ങളോട് ചോദിക്കുന്നത് എന്തടിസ്ഥാനത്തിലാണ്? കെ.റെയിലുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നാട്ടിയിരിക്കുന്ന അതിര്‍ത്തി കല്ലുകള്‍ തന്നെ മാനദണ്ഡങ്ങള്‍ ലംഘിച്ചു കൊണ്ട് സ്ഥാപിച്ചതാണെന്നിരിക്കെ, ആ കല്ലുകളുടെ നമ്പറും അതിന്റെയടിസ്ഥാനത്തിലുള്ള ഭൂവിസ്തൃതിയും ഭൂവുടമസ്ഥരോട് ചോദിക്കുന്നത് പ്രഹസനമാണ്.

ബാധിക്കപ്പെടുന്ന ജനങ്ങളെ മതാടിസ്ഥാനത്തിലും ജാതിയടിസ്ഥാനത്തിലും തരം തിരിച്ചുള്ള പഠനവും എ.പി.എല്‍ / ബി.പി.എല്‍ അടിസ്ഥാനത്തില്‍ തരംതിരിക്കുന്നതും അനാവശ്യമാണ്. കുടുംബാംഗങ്ങളുടെ പേര്, വ്യക്തി വിവരങ്ങള്‍, സ്വത്ത് സംബന്ധിച്ച വിവരങ്ങള്‍, തൊഴില്‍, മാസവരുമാനം എന്നിവയടങ്ങുന്ന വിവരങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയേറെയാണ്. പഠനത്തിന് നിയോഗിച്ചിട്ടുള്ള സ്വകാര്യ ഏജന്‍സിയുടെ വിശ്വാസ്യതയും ഇക്കാര്യത്തില്‍ അവരുടെ പ്രാപ്തിയും പൂര്‍ണമായും അംഗീകരിക്കാനാവില്ല. 'ബാധിക്കപ്പെടുന്ന വസ്തുവിന്റെ ശേഷം ഭാഗം എന്തു ചെയ്യാന്‍ ആഗ്രഹിക്കുന്നു' തുടങ്ങിയ ചോദ്യങ്ങള്‍ ഭൂമിയുടെ ക്രയവിക്രയം, നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്കാണ് നയിക്കുന്നത്. ഇത്തരം ചോദ്യങ്ങള്‍ വഴി പരോക്ഷമായി ഭൂമി പദ്ധതിക്ക് വിട്ടുനല്‍കാന്‍ ജനങ്ങള്‍ തയ്യാറാണെന്ന തരത്തിലുള്ള ഉത്തരത്തിലേക്ക് എത്തിക്കുന്ന രീതിയിലാണ് ചോദ്യവലി തയ്യാറാക്കിയിരിക്കുന്നത്. സര്‍ക്കാറിന്റെ ഈ കുത്സിത നീക്കം അനുവദിക്കാനാകില്ല.

കെ.റെയില്‍ സില്‍വര്‍ ലൈന്‍ പാത പാരിസ്ഥിതികമായും സാമൂഹികമായും സാമ്പത്തികമായും വിനാശകരമായ അവസ്ഥ കേരള സമൂഹത്തിന് ഉളവാക്കുമെന്ന് ഇതിനോടകം വിദഗ്ദ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. വിശദരേഖയിലും ഇത് ഏറെക്കുറെ അംഗീകരിക്കുന്നുണ്ട്. എന്നിരിക്കെ, ഈ വിനാശ പദ്ധതി ജനതാല്‍പര്യം കണക്കാക്കി ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. കൊവിഡിന്റെ അതിതീവ്ര മൂന്നാം തരംഗം പടരുന്ന സാഹചര്യത്തില്‍ ജനങ്ങളെ തെരുവിലിറക്കുന്ന നയം സര്‍ക്കാര്‍ ഉപേക്ഷിക്കണം. സാമൂഹ്യാഘാത പഠനമെന്ന പ്രഹസനവും കല്ലിടലും ഉടന്‍ നിര്‍ത്തിവെക്കണം. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു എങ്ങനെയും പദ്ധതി നടപ്പിലാക്കാനുള്ള നീക്കത്തെ ചെറുത്തു പരാജയപ്പെടുത്തുമെന്നും ജനകീയ സമിതി ജില്ലാ കമ്മിറ്റിയോഗം അറിയിച്ചു.

ജില്ലാ ചെയര്‍മാന്‍ എപി ബദറുദ്ദീന്‍ അധ്യക്ഷനായി. ജില്ലാ കണ്‍വീനര്‍ അഡ്വ.പി.സി വിവേക്, കെ.പി ചന്ദ്രാംഗതന്‍, വി.കെ രവീന്ദ്രന്‍, എം.കെ ജയരാജന്‍, കെ.വി ചന്ദ്രന്‍, അഡ്വ. ആര്‍ അപര്‍ണ എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it