Latest News

കേരള സംഗീത നാടക അക്കാദമി പുരസ്‌കാര വിതരണം മെയ് 9 ന്

കേരള സംഗീത നാടക അക്കാദമി പുരസ്‌കാര വിതരണം മെയ് 9 ന്
X

തൃശൂര്‍: കേരള സംഗീത നാടക അക്കാദമിയുടെ 2021ലെ പുരസ്‌കാരങ്ങള്‍ മെയ് 9 ന് രാവിലെ 10ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ വിതരണം ചെയ്യും. കേരള സംഗീത നാടക അക്കാദമിയുടെ കെ ടി മുഹമ്മദ് സ്മാരക തിയേറ്ററിലാണ് പുരസ്‌കാര വിതരണ ചടങ്ങ് സംഘടിപ്പിക്കുന്നത്.

അക്കാദമിയുടെ പരിധിയില്‍ വരുന്ന വിവിധ കലാമേഖലകളില്‍ അതുല്യ സംഭാവന നല്‍കിയ മൂന്ന് പേര്‍ക്ക് ഫെലോഷിപ്പും 17 പേര്‍ക്ക് അവാര്‍ഡും 23 പേര്‍ക്ക് ഗുരുപൂജ പുരസ്‌കാരവുമാണ് നല്‍കുന്നത്.

ഫെലോഷിപ്പ് ജേതാക്കളെ പൊന്നാട അണിയിച്ച് ആദരിച്ച് മന്ത്രി 50,000 രൂപയും ഫലകവും ശില്‍പ്പവും നല്‍കും. അവാര്‍ഡ്, ഗുരുപൂജ പുരസ്‌കാര ജേതാക്കളെ പൊന്നാട അണിയിച്ച് ആദരിച്ച് 30,000 രൂപയും സര്‍ട്ടിഫിക്കറ്റും ശില്‍പ്പവും മന്ത്രി കൈമാറും. കേരള സംഗീത നാടക അക്കാദമിയുടെ 2019ലെ മികച്ച നാടക പഠന ഗ്രന്ഥത്തിനുള്ള അവാര്‍ഡും മന്ത്രി നിര്‍വഹിക്കും.

പുരസ്‌കാര വിതരണ ചടങ്ങില്‍ അക്കാദമി വൈസ് ചെയര്‍മാന്‍ സേവ്യര്‍ പുല്‍പ്പാട്ട് അധ്യക്ഷത വഹിക്കും. അക്കാദമി നിര്‍വാഹക സമിതി അംഗം ഫ്രാന്‍സിസ് ടി. മാവേലിക്കര പുരസ്‌കാര ജേതാക്കളെ പരിചയപ്പെടുത്തും. അക്കാദമി നിര്‍വാഹക സമിതി അംഗങ്ങളായ വിദ്യാധരന്‍ മാസ്റ്റര്‍, കലാമണ്ഡലം ശിവന്‍ നമ്പൂതിരി, വി ടി മുരളി എന്നിവര്‍ സംസാരിക്കും. 2021ലെ ഫെലോഷിപ്പ് ജേതാവ് പ്രഫ.വി ഹര്‍ഷകുമാര്‍ മറുപടി പ്രസംഗം നടത്തും. അക്കാദമി സെക്രട്ടറി കെ ജനാര്‍ദ്ദനന്‍ സ്വാഗതവും നിര്‍വാഹക സമിതി അംഗം അഡ്വ.വി ഡി പ്രേമപ്രസാദ് നന്ദിയും പറയും.

Next Story

RELATED STORIES

Share it