Latest News

കേരളം ഓക്സിജന്‍ ഉത്പാദനത്തില്‍ സ്വയംപര്യാപ്തമായി: മന്ത്രി വീണാ ജോര്‍ജ്

കേരളം ഓക്സിജന്‍ ഉത്പാദനത്തില്‍ സ്വയംപര്യാപ്തമായി: മന്ത്രി വീണാ ജോര്‍ജ്
X

പത്തനംതിട്ട: രണ്ടാം കൊവിഡ് വ്യാപനകാലത്ത് കേരളം ഓക്‌സിജന്‍ ഉത്പാദനത്തില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സ്വയംപര്യാപ്തത നേടിയെന്ന് ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. റാന്നി താലൂക്ക് ആശുപത്രിയില്‍ നിര്‍മിച്ച ഓക്‌സിജന്‍ ഉത്പാദന യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഒരു മിനിറ്റില്‍ 333 ലിറ്റര്‍ ഓക്‌സിജന്‍ ഉത്പാദിപ്പിക്കാന്‍ കഴിയുന്ന പ്ലാന്റാണ് പ്രവര്‍ത്തനം ആരംഭിച്ചത്. മലയോര മേഖലയില്‍ സ്ഥിതി ചെയ്യുന്ന റാന്നി താലൂക്ക് ആശുപത്രിയെ ചികിത്സയ്ക്കായി ആശ്രയിക്കുന്ന ആളുകളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ശബരിമല തീര്‍ഥാടകര്‍ കടന്നു പോകുന്ന റാന്നി മേഖലയിലെ ഈ താലൂക്ക് ആശുപത്രിയില്‍ ഇനിയും കൂടുതല്‍ വികസനം നടത്തും. ഓക്‌സിജന്‍ പ്ലാന്റ് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സ്ഥലം എംഎല്‍എ പ്രമോദ് നാരായണന്റെ ഇടപെടല്‍ ഏറെ പ്രശംസനീയമാണ്. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ഒപി നവീകരണത്തിന് 93 ലക്ഷം രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയാണ്.

ഇത് പൂര്‍ത്തിയാകുമ്പോള്‍ കൂടുതല്‍ മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാകും. റാന്നി ആശുപത്രിയിലെ സ്ഥലപരിമിതി പരിഹരിക്കുന്നതിനായി 15.6 കോടി രൂപ മുടക്കി പുതിയ ബ്ലോക്ക് നിര്‍മിക്കുന്നതിന് ഭരണാനുമതി നല്കി. റാന്നി ഉള്‍പ്പെടെയുള്ള ആശുപത്രികളിലെ ലക്ഷ്യ പദ്ധതിയുടെ നിര്‍വഹണത്തിനായി 75 ലക്ഷം രൂപയാണ് അനുവദിച്ചത്. ആവശ്യം വന്നാല്‍ ഈ പദ്ധതിക്കായി കൂടുതല്‍ തുക അനുവദിക്കുന്നതിനായി നടപടി സ്വീകരിക്കും.

ആരോഗ്യമേഖയില്‍ എല്ലാവരും ഒരുപോലെ പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് സംസ്ഥാനതലത്തില്‍ കൂടുതല്‍ മികവുണ്ടാകുന്നത്. ഓരോ കാര്യങ്ങളിലും ഉന്നതതലത്തിലെടുക്കുന്ന തീരുമാനം താഴേതട്ടില്‍ നടപ്പാക്കുമ്പോഴാണ് അത് വിജയകരമായി മാറുന്നത്. ആരോഗ്യമേഖലയില്‍ കോടിക്കണക്കിന് രൂപയുടെ അടിസ്ഥാന വികസനം സംസ്ഥാനത്ത് നടത്തിവരുന്നു. ഏറ്റവും അധികം തസ്തികകള്‍ സൃഷ്ടിക്കപ്പെട്ടത് ആരോഗ്യമേഖലയിലാണ്. ചികിത്സ മെച്ചപ്പെടുത്തുക, ഒപ്പം രോഗികളോട് ഏറ്റവും നല്ലരീതിയില്‍ ഇടപഴകാന്‍ ആരോഗ്യവകുപ്പിലെ എല്ലാവര്‍ക്കും കഴിയണമെന്നും മന്ത്രി പറഞ്ഞു.

ഡോക്ടേഴ്‌സ് ഫോര്‍ യൂ സംഘടന നല്കിയ 1.25 കോടി വിലമതിക്കുന്ന പ്ലാന്റിന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനായി റാന്നി ബ്ലോക്ക് പഞ്ചായത്ത് 12 ലക്ഷം രൂപയും നല്കിയിരുന്നു.

Next Story

RELATED STORIES

Share it