Latest News

ബഫര്‍സോണ്‍- 'ജനവാസമേഖല'ക്ക് കൃത്യമായ നിര്‍വചനം നല്‍കണമെന്ന് കെസിബിസി

ബഫര്‍സോണ്‍- ജനവാസമേഖലക്ക് കൃത്യമായ നിര്‍വചനം നല്‍കണമെന്ന് കെസിബിസി
X

കൊച്ചി: ബഫര്‍സോണ്‍ വിഷയത്തില്‍ ജൂണ്‍ 3ലെ സുപ്രിംകോടതി വിധിയെ തുടര്‍ന്നുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് വനംവകുപ്പനെ ചുമതലയേല്‍പ്പിച്ചുകൊണ്ട് ആഗസ്ത് 10ന് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് അംഗീകരിക്കാനാവില്ലെന്ന് കെസിബിസി. ജനവാസ മേഖലകളെ ബഫര്‍സോണില്‍നിന്ന് ഒഴിവാക്കുമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുമ്പോഴും ജനവാസമേഖല കൃത്യമായി നിര്‍വ്വചിച്ചിട്ടില്ലെന്ന് കെസിബിസി മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനും വനംവകുപ്പ് മന്ത്രിക്കും നല്‍കിയ നിവേദനത്തില്‍ പറയുന്നു.

സംരക്ഷിത വനമേഖലകളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവ് ഇക്കോ സെന്‍സിറ്റീവ് സോണ്‍ നിഷ്‌കര്‍ഷിച്ച ജൂണ്‍ 3ലെ സുപ്രിംകോടതി വിധിയിന്മേല്‍ ഈ മേഖലയിലെ സ്ഥിതി വിവരങ്ങളെ സംബന്ധിച്ച് പഠനം നടത്തുന്നതിന് മുഖ്യ വനപാലകരുടെ നേതൃത്വത്തില്‍ നടത്തുന്ന നീക്കം വനം വകുപ്പിന്റെ ഏകപക്ഷീയമായ നടപടി ആകുവാന്‍പാടില്ല. വനംവകുപ്പിനൊപ്പം ഓരോ വനമേഖലയുടെയും പ്രസ്തുത പരിധിയില്‍ വരുന്ന റവന്യൂ, കൃഷി, പഞ്ചായത്ത്, വകുപ്പ് പ്രതിനിധികളും ജനപ്രതിനിധികളും കര്‍ഷക സംഘടനാ പ്രതിനിധികളും സംയുക്തമായുള്ള വിവര ശേഖരണമാണ് ഉണ്ടാകേണ്ടത്. അതുവഴി അവിടെ ഉണ്ടാകാവുന്ന സാമൂഹ്യ, സാമ്പത്തിക പ്രത്യാഘാത ങ്ങളെ സംബന്ധിചുള്ള വ്യക്തമായ ക്രോഡീകരണം നടത്തി റിപോര്‍ട്ട് തയ്യാറാക്കണം. ഇതിന് ഇനി മൂന്ന് ആഴ്ച സമയം പോലും അവശേഷിച്ചിട്ടില്ല. ഇപ്രകാരം തയ്യാറാക്കുന്ന റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി തലത്തിലുള്ള ഒരു സമിതി വിലയിരുത്തി മന്ത്രി സഭ അംഗീകരിച്ചു വേണം വനം-പരിസ്ഥിതി മന്ത്രാലയത്തിനും സെന്‍ട്രല്‍ എമ്പവേര്‍ഡ് കമ്മറ്റിയ്ക്കും അവര്‍ വഴി സുപ്രിംകോടതിയിലും നല്‍കേണ്ടത്. അതോടൊപ്പം, ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍സോണ്‍ ആകാമെന്ന 2019 ലെ മന്ത്രിസഭായോഗ തീരുമാനം ഉടന്‍തന്നെ റദ്ദാക്കുകയും വേണം''- നിവേദനത്തില്‍ പറയുന്നു.

സുപ്രിംകോടതി വിധിയില്‍ പറയുന്നപോലെ ഉടന്‍ തന്നെ കേരളത്തിലെ ബഫര്‍സോണ്‍ ബാധിത പ്രദേശങ്ങളില്‍ നിലവിലുള്ള വസ്തുതകളുടെ അടിസ്ഥാനത്തില്‍ സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റിയെ സമീപിച്ച് വസ്തുതകള്‍ ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും അതിന് വിവിധ വകുപ്പുകളുടെ ഒരു ഏകോപിത സമിതിയെ ചുമതലപ്പെടുത്തണമെന്നും ഈ വിഷയത്തില്‍ ഇതുവരെ എടുത്തിട്ടുള്ള നടപടികള്‍ പൊതുജനങ്ങളെ അറിയിക്കണമെന്നും കെസിബിസി ജസ്റ്റിസ് പീസ് ആന്റ് ഡവലപ്‌മെന്റ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു.

Next Story

RELATED STORIES

Share it