Latest News

കശ്മീര്‍ പ്രസ് ക്ലബ് അടച്ചുപൂട്ടിയത് അപകടകരമായ കീഴ്‌വഴക്കം; എഡിറ്റേഴ്‌സ് ഗില്‍ഡ്

കശ്മീര്‍ പ്രസ് ക്ലബ് അടച്ചുപൂട്ടിയത് അപകടകരമായ കീഴ്‌വഴക്കം; എഡിറ്റേഴ്‌സ് ഗില്‍ഡ്
X

ശ്രീനഗര്‍; കശ്മീര്‍ പ്രസ് ക്ലബ്ബ് അടച്ചുപൂട്ടി സ്ഥലവും കെട്ടിടവും തിരിച്ചെടുത്ത സര്‍ക്കാര്‍ നടപടി അപകടകരവും പുതിയ കീഴ്‌വഴക്കങ്ങള്‍ സൃഷ്ടിക്കുന്നതുമാണെന്ന് എഡിറ്റേഴ് ഗില്‍ഡ് ഓഫ് ഇന്ത്യ. മാധ്യമ സ്വാതന്ത്ര്യത്തിന് ഗുരുതരമായി പരിക്കേല്‍പ്പിക്കുന്ന നടപടിയാണ് പ്രസ് ക്ലബ് പിടിച്ചെടുത്തതെന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

കശ്മീര്‍ പ്രസ് ക്ലബ്ബിന്റെ രജിസ്‌ട്രേഷന്‍ പിന്‍വലിച്ചെന്നും പ്രസ് ക്ലബ്ല് നിലവിലില്ലെന്നും കശ്മീര്‍ ഭരണകൂടം കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.

'പ്രസ് ക്ലബ്ബിന്റെ രജിസ്‌ട്രേഷന്‍ പിന്‍വലിച്ചത് അസ്വസ്ഥജനകമായ നിരവധി സംഭവങ്ങള്‍ക്കുശേഷം നടന്നതാണ്. ആദ്യം ജനുവരി 14ന് ക്ലബ്ബിന്റെ രജിസ്‌ട്രേഷന്‍ മരവിപ്പിച്ചു. പിന്നീട് അടുത്ത ദിവസം ജനുവരി 15ന് ഏതാനും പേര്‍ ചേര്‍ന്ന് പ്രസ് ക്ലബ്ബ് സിആര്‍പിഎഫിന്റെയും പോലിസിന്റെയും പിന്തുണയോടെ പിടിച്ചെടുത്തു- പ്രസ്താവനയില്‍ പറയുന്നു.

ജനുവരി 14നുള്ള തല്‍സ്ഥിതി തുടരണമെന്ന് രാജ്യത്തെ പ്രധാനപ്പെട്ട എഡിറ്റര്‍മാര്‍ അംഗങ്ങളായ എഡിറ്റേഴ്‌സ് ഗില്‍ഡ് ആവശ്യപ്പെട്ടു.

മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള കശ്മീര്‍ പ്രസ് ക്ലബ് പിടിച്ചെടുത്തതിനെ സര്‍ക്കാര്‍ പിന്തുണയുള്ള അട്ടിമറിയെന്നാണ് വിശേഷിപ്പിച്ചത്. 2018ലാണ് കശ്മീര്‍ പ്രസ് ക്ലബ് സ്ഥാപിച്ചത്. പ്രദേശത്തെ മാധ്യമപ്രവര്‍ത്തകരുടെ ഏറ്റവും വലിയ സംഘടനയാണ് ഇത്.

സര്‍ക്കാരിന്റെ അധീനതയിലുള്ള പോളോ വ്യൂയിലാണ് പ്രസ് ക്ലബ് പ്രവര്‍ത്തിച്ചിരുന്നത്. ആതാണ് സര്‍ക്കാര്‍ തിരിച്ചെടുത്തത്. കശ്മീര്‍ സര്‍ക്കാരിന്റെ എസ്‌റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റിന്റെ അധീനതയിലുള്ള വസ്തുവാണ് പ്രസ് ക്ലബ്ബിന് നല്‍കിയിരുന്നത്. കഴിഞ്ഞ ശനിയാഴ്ച നടന്ന നാടകീയമായ ചില സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രസ് അടച്ചിട്ടത്.

കശ്മീരിലെ ടൈംസ് ഓഫ് ഇന്ത്യ പ്രതിനിധി എം സലീം പണ്ഡിറ്റ്, ഡെക്കാന്‍ ഹെറാല്‍ഡിന്റെ സുള്‍ഫിക്കര്‍ മാജിദ്, ഡെയ്‌ലി ഗദ്യാല്‍ എന്ന പത്രത്തിന്റെ എഡിറ്റര്‍ അര്‍ഷദ് റസൂല്‍ എന്നിവരും തദ്ദേശ ഉദ്യോഗസ്ഥരും സുരക്ഷാസേനയും ശനിയാഴ്ച പ്രസ് ക്ലബ്ബിലെത്തി തങ്ങള്‍ പ്രസ് ക്ലബ്ബിന്റെ ഭാരവാഹികളാണെന്ന് സ്വയം പ്രഖ്യാപിച്ചു. സലീം പണ്ഡിറ്റ് പ്രസിഡന്റ്ും ജനറല്‍ സെക്രട്ടറി മാജിദും ട്രഷറല്‍ റസൂലുമാണെന്നായിരുന്നു അവരുടെ പ്രഖ്യാപനം. അവിടെയുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ അത് അംഗീകരിച്ചില്ല. അവര്‍ ഒരു ഇടക്കാല കമ്മിറ്റിക്ക് രൂപം നല്‍കി. പ്രസ് ക്ലബ് പിടിച്ചെടുത്തവര്‍ അത് അംഗീകരിച്ചില്ല. ഈ തര്‍ക്കം ഉപയോഗപ്പെടുത്തിയാണ് പ്രസ് ക്ലബിനു നല്‍കിയിരുന്ന സ്ഥലവും കെട്ടിടവും സര്‍ക്കാര്‍ പിടിച്ചെടുത്തത്.

ശനിയാഴ്ച കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വാരാന്ത്യ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സമയത്തായിരുന്നു മൂന്ന് മാധ്യമപ്രവര്‍ത്തകരുടെ പ്രസ് ക്ലബ് പിടിച്ചെടുക്കല്‍.

ജേണലിസ്റ്റ് ഫെഡറേഷന്‍ ഓഫ് കാശ്മീര്‍ (ജെഎഫ്‌കെ), കശ്മീര്‍ വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ (കെഡബ്ല്യുജെഎ), കശ്മീര്‍ പ്രസ് ഫോട്ടോഗ്രാഫര്‍ അസോസിയേഷന്‍ (കെപിപിഎ), കശ്മീര്‍ പ്രസ് ക്ലബ് (കെപിസി), കശ്മീര്‍ യൂണിയന്‍ ഓഫ് വര്‍ക്കിങ് ജേര്‍ണലിസ്റ്റ് (കെയുഡബ്ല്യുജെ), കശ്മീര്‍ ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ (കെജെഎ) എന്നീ സംഘടനകള്‍ പ്രസ് ക്ലബ് കെട്ടിടം തിരിച്ചുപിടിച്ചതില്‍ പ്രതിഷേധിച്ചു.

Next Story

RELATED STORIES

Share it