Latest News

കെഎഎസ്: സംവരണ അട്ടിമറിക്കെതിരേ മുഖ്യമന്ത്രിയുടെ വസതിലേക്ക് മാര്‍ച്ച് നടത്തുമെന്ന് മുല്ലപ്പള്ളി

ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സംവരണം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ പതിനായിരക്കണക്കിന് പേരെ അണിനിരത്തി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് മാര്‍ച്ച് നടത്തുമെന്നും മുല്ലപ്പള്ളി മുന്നറിയിപ്പ് നല്‍കി

കെഎഎസ്: സംവരണ അട്ടിമറിക്കെതിരേ  മുഖ്യമന്ത്രിയുടെ വസതിലേക്ക്   മാര്‍ച്ച് നടത്തുമെന്ന് മുല്ലപ്പള്ളി
X

തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെഎഎസ്) സ്ട്രീം രണ്ടിലും മൂന്നിലും പിന്നാക്ക ദലിത് ന്യൂനപക്ഷ വിഭാഗങ്ങളെ സംവരണ പരിധിയില്‍ നിന്നും ഒഴിവാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരേ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ആരംഭിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സംവരണം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ പതിനായിരക്കണക്കിന് പേരെ അണിനിരത്തി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് മാര്‍ച്ച് നടത്തുമെന്നും മുല്ലപ്പള്ളി മുന്നറിയിപ്പ് നല്‍കി. പിന്നാക്ക ദലിത് ന്യൂനപക്ഷ വിഭാഗങ്ങളുമായി ഇതുസംബന്ധിച്ച് കോണ്‍ഗ്രസ് ചര്‍ച്ചനടത്തി കഴിഞ്ഞെന്നും മുല്ലപ്പള്ളി പറഞ്ഞു.

നിലവിലെ സ്ഥിതിയില്‍ കെഎഎസ് നടപ്പിലാക്കിയാല്‍ ഈ വിഭാഗത്തില്‍പ്പെടുന്ന ഒരാള്‍ക്കും ഐഎഎസ് പോലുള്ള ഉന്നത പദവികളില്‍ എത്താന്‍ കഴിയില്ല. പാര്‍ശ്വവത്കരിക്കപ്പെട്ട ഈ വിഭാഗങ്ങള്‍ക്ക് ഭരണഘടനാനുസൃതമായി ലഭിച്ച സംവരണ അവകാശത്തെ പിച്ചിചീന്തി അവസരങ്ങള്‍ കൊട്ടിയടക്കുകയാണ് പിണറായി സര്‍ക്കാര്‍.

ചരിത്രപരമായ കാരണം കൊണ്ട് പിന്നാക്കം പോയ ഈ വിഭാഗങ്ങളെ തങ്ങളുടെതല്ലാത്ത കുറ്റത്തിന്റെ പേരില്‍ ശിക്ഷിക്കുന്നത് സാമൂഹ്യനീതി നിഷേധമാണ്.സംവരണ സംവിധാനത്തെ തകിടം മറിച്ചുള്ള പിണറായി സര്‍ക്കാരിന്റെ നടപടി വരേണ്യവര്‍ഗത്തെ സഹായിക്കുന്ന നിലപാടാണ്. ഇത് ഒരിക്കലും അംഗീകരിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കാവില്ല. എന്നും പാര്‍ശ്വവത്ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ അവകാശ പോരാട്ടത്തിനായി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ്.

അവശ വിഭാഗങ്ങളെ ഉദ്ധരിച്ച് സാമൂഹ്യനീതി ഉറപ്പുവരുത്താനാണ് ഭരണഘടനാനുസൃതമായ സംവരണ അവകാശം നിലവിലുള്ളത്. അതിന് കടകവിരുദ്ധമായ ഇടുതു സര്‍ക്കാരിന്റെ നടപടി പിന്നാക്ക ദളിത് ന്യൂനപക്ഷ വിഭാഗങ്ങളോടുള്ള ക്രൂരമായ അവഗണനയാണ്. തെറ്റുതിരുത്തി ഇതുസംബന്ധിച്ച തീരുമാനം റദ്ദാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it