Latest News

കര്‍ണാടക: ആശുപത്രികളില്‍ കിടക്ക കിട്ടാതെ വീടുകളില്‍ വച്ചു മരിച്ചത് അഞ്ഞൂറോളം പേര്‍

കര്‍ണാടക: ആശുപത്രികളില്‍ കിടക്ക കിട്ടാതെ വീടുകളില്‍ വച്ചു മരിച്ചത് അഞ്ഞൂറോളം പേര്‍
X

ബെംഗളൂരു: കൊവിഡ് വ്യാപനം രൂക്ഷമായതോടെ ആശുപത്രിയില്‍ കിടക്ക കിട്ടാത്തതിനെത്തുടര്‍ന്ന് ചികില്‍സ ലഭിക്കാതെ കര്‍ണാടകയില്‍ അഞ്ഞൂറോളം പേര്‍ വീടുകളില്‍ മരിച്ചു. മരിച്ചവരില്‍ കൊവിഡ് രോഗികളും അല്ലാത്തവരും ഉള്‍പ്പെടുന്നു.

കൊവിഡ് വ്യാപനം രൂക്ഷമായതോടെ ആശുപത്രിയില്‍ എത്തുന്ന രോഗികളില്‍ മിക്കവരെയും ആശുപത്രി അധികൃതര്‍ മടക്കി അയക്കുകയാണ്. കിടക്കയോ, ഓക്‌സിജന്‍ സംവിധാനമോ ഇല്ലാത്തതാണ് രോഗികളെ മടക്കാന്‍ കാരണമെന്ന് സംസ്ഥാന കൊവിഡ് അഡൈ്വസറി കമ്മിറ്റി മേധാവി ഡോ. ഗിരിധര്‍ റാവു പറഞ്ഞു.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ 595 പേരാണ് ചികില്‍സ ലഭിക്കാതെ വീട്ടില്‍ വച്ച് മരിച്ചതെന്ന് എഎന്‍ഐയാണ് റിപോര്‍ട്ട് ചെയ്തത്. ഇതില്‍ കൊവിഡ് രോഗികളും അല്ലാത്തവരും ഉള്‍പ്പെടുന്നു.

ഓക്‌സിജന്‍ കിടക്കകളുടെ അഭാവം, സമയത്ത് ആശുപത്രിയിലെത്തിക്കാന്‍ കഴിയാതിരിക്കുക, ബെഡുള്ള ആശുപത്രികള്‍ കണ്ടെത്താന്‍ കഴിയാതിരിക്കുക എന്നിവയൊക്കെയാണ് രോഗികള്‍ക്ക് ആശുപത്രി അപ്രാപ്യമാക്കുന്നത്.

അതേസമയം ഇത്തരത്തില്‍ മരിക്കുന്നവരുടെ കണക്കുകള്‍ സര്‍ക്കാരിന്റെ പക്കലില്ലെന്നതും പ്രശ്‌നമാണെന്ന് ഡോ. ഗിരിധര്‍ റാവു പറയുന്നു.

പലയിടത്തും ആംബുലന്‍സകള്‍ ലഭ്യമാണെങ്കിലും പ്രവേശിപ്പിക്കാവുന്ന ആശുപത്രികള്‍ ഇല്ലാതായതും കാരണമായി. കൊവിഡ് ബാധിച്ച് വേണ്ട ചികില്‍സ ലഭിക്കാതെ മരിക്കുന്നവര്‍ രണ്ടാം തരംഗ സമയത്താണ് കൂടുതല്‍. രോഗികള്‍ ഐസൊലേഷനിലായതുകൊണ്ട് ചില കേസുകളില്‍ മരണശേഷമാണ് ബന്ധുക്കള്‍ വിവരം അറിയുന്നത്.

വ്യാപകമായ കൊവിഡ് വാക്‌സിനേഷനിലൂടെ മാത്രമേ വീടുകളില്‍വെച്ച് രോഗികള്‍ മരിക്കുന്ന ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകൂ എന്നാണ് പല ശ്വാസകോശവിദഗ്ധരും കരുതുന്നത്. ആശുപത്രികള്‍ കയറിയിറങ്ങുന്നതുതന്നെ രോഗിയുടെ വൈറസ് ലോഡ് കൂടാനും ഇടയാക്കുന്നു.

Next Story

RELATED STORIES

Share it