Latest News

കരിപ്പൂര്‍ വിമാനാപകടം: ക്യാപ്റ്റനും കോ പൈലറ്റും അവസാനമായി പറക്കുന്നു ;ജന്മ നാട്ടിലേക്ക്

കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് രണ്ടു പേരുടേയും മൃതദേഹങ്ങളുള്ളത്. അവ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങും.

കരിപ്പൂര്‍ വിമാനാപകടം: ക്യാപ്റ്റനും കോ പൈലറ്റും അവസാനമായി പറക്കുന്നു  ;ജന്മ നാട്ടിലേക്ക്
X

കോഴിക്കോട്: കരിപ്പൂരില്‍ എയര്‍ ഇന്ത്യ എക്‌സപ്രസ് വിമാനം ലാന്റ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ മരണം മുന്നില്‍ കണ്ട നിമിഷങ്ങളിലും യാത്രക്കാരെ സുരക്ഷിതരാക്കാന്‍ അവസാനം വരെ പരിശ്രമിച്ച ക്യാപ്റ്റന്‍ ദീപക് സാഠേയുടേയും കോ പൈലറ്റ് അഖിലേഷ് കുമാറിന്റെയും മൃതദേഹങ്ങള്‍ ഇന്ന് ജന്മ നാടുകളിലേക്ക് കൊണ്ടുപോകും. കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് രണ്ടു പേരുടേയും മൃതദേഹങ്ങളുള്ളത്. അവ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങും. തുടര്‍ന്ന് വിമാനത്തില്‍ നാട്ടിലേക്ക് അയക്കും.

മഹാരാഷ്ട്രയിലെ നാഗ്പൂരാണ് ദീപക് സാഠേയുടെ ജന്മനാട്. ഉത്തര്‍പ്രദേശിലെ മഥുര സ്വദേശിയാണ് അഖിലേഷ് കുമാര്‍. ഇന്ത്യന്‍ വ്യോമസേനയില്‍ 21 വര്‍ഷം പ്രവര്‍ത്തിച്ച ക്യാപ്റ്റന്‍ ദീപക് സാഠേ വിമാനം പറത്തുന്നതില്‍ 36 വര്‍ഷത്തെ അനുഭവസമ്പത്തുള്ള ഏരിയല്‍ ഓപ്പറേറ്റര്‍ ആയിരുന്നു. മികച്ച പൈലറ്റായിരുന്നു എന്ന് എയര്‍ ഇന്ത്യ സാക്ഷ്യപ്പെടുത്തുന്ന അഖിലേഷ് വന്ദേഭാരത് മിഷനുമായി ബന്ധപ്പെട്ട ആദ്യ വിമാനം കരിപ്പൂരിലെത്തിയപ്പോള്‍ അതിനും ചുക്കാന്‍ പിടിച്ചിരുന്നു. മെയ് എട്ടിന് കോഴിക്കോട് എയര്‍ ഇന്ത്യയുടെ വിമാനമെത്തിയപ്പോള്‍ അദ്ദേഹമായിരുന്നു കോ -പൈലറ്റ്.

പൂര്‍ണഗര്‍ഭിണിയായ ഭാര്യ മേധയുടെ പ്രസവത്തിന് നാട്ടിലെത്താന്‍ പത്തു ദിവസം കഴിഞ്ഞ് ലീവെടുക്കാനിരിക്കുകയായിരുന്നു അഖിലേഷ്. ദുബായില്‍ നിന്ന് കരിപ്പൂരിലേക്കുള്ള യാത്ര ആരംഭിക്കും മുന്‍പ് അഖിലേഷ് അമ്മയോടും ഭാര്യയോടും സംസാരിച്ചു. വിമാനം ലാന്റ് ചെയ്ത ശേഷം കൂടുതല്‍ സംസാരിക്കാമെന്നും പറഞ്ഞ് സംഭാഷണം അവസാനിപ്പിക്കുകയായിരുന്നുവെന്ന് സഹോദരങ്ങള്‍ പറഞ്ഞു. എന്നാല്‍ വെള്ളിയാഴ്ച രാത്രി എയര്‍ ഇന്ത്യയില്‍ നിന്ന് സഹോദരങ്ങള്‍ക്ക് സന്ദേശമെത്തി. അഖിലേഷ് പറത്തിയ വിമാനം അപകടത്തില്‍പെട്ടെന്നും , നില അതീവ ഗുരുതരമാണെന്നും. അധികം വൈകാതെ മരണവിവരവും അറിഞ്ഞു.


Next Story

RELATED STORIES

Share it