Latest News

കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസ്: പിഴ അടയ്ക്കാത്തതിന്റെ പേരില്‍ മോചനം നിഷേധിക്കാനാവില്ല; മണിച്ചനെ ഉടന്‍ വിട്ടയക്കണമെന്ന് സുപ്രിംകോടതി

കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസ്: പിഴ അടയ്ക്കാത്തതിന്റെ പേരില്‍ മോചനം നിഷേധിക്കാനാവില്ല; മണിച്ചനെ ഉടന്‍ വിട്ടയക്കണമെന്ന് സുപ്രിംകോടതി
X

തിരുവനന്തപുരം: കല്ലുവാതുക്കല്‍ മദ്യദുരന്ത കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന മണിച്ചനെ ഉടന്‍ ജയില്‍മോചിതനാക്കാന്‍ സുപ്രിംകോടതി ഉത്തരവ്. പിഴ അടയ്ക്കാത്തതിന്റെ പേരില്‍ മോചനം നിഷേധിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, വിക്രം നാഥ് എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. വ്യാജമദ്യം തടയാന്‍ കഴിയാത്ത സര്‍ക്കാരിന് ഇരകള്‍ക്കുള്ള നഷ്ടപരിഹാരം നല്‍കിക്കൂടെയെന്ന് കോടതി വാക്കാല്‍ ആരാഞ്ഞു. കേസിലെ മറ്റ് രണ്ട് പ്രതികളായ വിനോദ് കുമാര്‍, മണികണ്ഠന്‍ എന്നിവരെ പിഴ അടയ്ക്കാതെ ജയിലില്‍ നിന്ന് മോചിപ്പിച്ചതായി മണിച്ചന്റെ ഭാര്യ ഉഷയുടെ അഭിഭാഷക മാലിനി പൊതുവാള്‍ സുപ്രിംകോടതിയില്‍ ചൂണ്ടിക്കാട്ടി.

വിനോദ് കുമാര്‍, മണികണ്ഠന്‍ എന്നിവര്‍ക്ക് പിഴ അടയ്ക്കാതെ മോചിപ്പിച്ചത് കൂടി കണക്കിലെടുത്താണ് മണിച്ചനെയും പിഴ അടയ്ക്കാതെ മോചിപ്പിക്കാന്‍ സുപ്രിംകോടതി ഉത്തരവിട്ടത്. കല്ലുവാതുക്കല്‍ മദ്യദുരന്ത കേസ് പരിഗണിച്ച കൊല്ലം അഡീഷനല്‍ സെഷന്‍സ് കോടതിയുടേയും ആറ്റിങ്ങല്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേയും വിധികളുടെ അടിസ്ഥാനത്തില്‍ മണിച്ചന്‍ 30.45 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ കഴിഞ്ഞ ദിവസം ആവര്‍ത്തിച്ചിരുന്നു. കേസിലെ പ്രതികള്‍ക്ക് വിധിച്ച പിഴ സുപ്രിംകോടതി ശരിവച്ചിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാന്റിങ് കോണ്‍സല്‍ ഹര്‍ഷദ് വി ഹമീദ് ചൂണ്ടിക്കാട്ടി.

എന്നാല്‍, പിഴ നല്‍കാന്‍ പണമില്ലെങ്കില്‍ എത്രകാലം ജയിലില്‍ ഇടേണ്ടിവരുമെന്ന് കോടതി ചോദിച്ചു. പിഴത്തുക കേസിലെ ഇരകള്‍ക്ക് നഷ്ടപരിഹാരമായി നല്‍കേണ്ടതാണെന്നും സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍, വ്യാജമദ്യം തടയാന്‍ പരാജയപ്പെട്ടത് സര്‍ക്കാര്‍ അല്ലേയെന്ന് കോടതി തിരിച്ച് ചോദിച്ചു. അതിനാല്‍, ഇരകള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിക്കൂടെയെന്നും കോടതി വാക്കാല്‍ ആരാഞ്ഞു. മണിച്ചന്റെ മോചനം സംബന്ധിച്ച് നാലാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കണമെന്ന് സുപ്രിംകോടതി മെയ് 20ന് നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് സംസ്ഥാന മന്ത്രിസഭാ യോഗം മണിച്ചനെ മോചിപ്പിക്കാന്‍ നല്‍കിയ ശുപാര്‍ശയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവച്ചു.

കേസിലെ ഏഴാംപ്രതിയായ മണിച്ചന് ജീവപര്യന്തവും 30.45 ലക്ഷം രൂപയുമാണ് വിചാരണക്കോടതി ശിക്ഷ വിധിച്ചിരുന്നത്. പിഴത്തുക മദ്യദുരന്തക്കേസിലെ ഇരകള്‍ക്ക് നല്‍കാനുള്ളതാണ്. എന്നാല്‍, പിഴയടയ്ക്കാന്‍ മണിച്ച തയ്യാറാകാതിരുന്നതോടെ മോചനം നീളുകയായിരുന്നു. മണിച്ചന്‍ പിഴയടയ്ക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരേ ഭാര്യ ഉഷ സുപ്രിംകോടതിയെ സമീപിച്ചു. ഈ ഹരജിയിലാണ് ഇപ്പോള്‍ സുപ്രിംകോടതിയുടെ വിധിയുണ്ടായിരിക്കുന്നത്.

മണിച്ചന്റെ ശിക്ഷയില്‍ ജീവപര്യന്തം ഒഴിവാക്കിക്കൊടുത്തെങ്കിലും പിഴയൊടുക്കിയേ തീരൂവെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. മണിച്ചന്റെ സഹോദരങ്ങളെ ഈ കേസില്‍ സുപ്രിംകോടതി വിട്ടയച്ചിരുന്നു. എട്ട് ലക്ഷം രൂപ പിഴ ഒഴിവാക്കിയാണ് വിട്ടയച്ചത്. കഴിഞ്ഞ 22 വര്‍ഷമായി കല്ലുവാതുക്കല്‍ കേസുമായി ബന്ധപ്പെട്ട് മണിച്ചന്‍ ജയിലിലാണ്. 31 പേര്‍ മരിച്ച കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ മുഖ്യപ്രതിയായിരുന്നു മണിച്ചന്‍. 2000 ഒക്ടോബര്‍ 21 നാണ് കേരളത്തെ നടുക്കിയ കല്ലുവാതുക്കല്‍ ദുരന്തമുണ്ടായത്. 31 പേര്‍ മരിച്ചു. ആറ് പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു. 150 പേര്‍ ചികില്‍സ തേടി. മണിച്ചനും കൂട്ടുപ്രതികളും ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു. കൂട്ടുപ്രതി ഹൈറുന്നിസ 2009 ല്‍ ശിക്ഷയ്ക്കിടെ മരിച്ചു.

Next Story

RELATED STORIES

Share it