Latest News

'തൻ്റെ വാദത്തിന് 'പഞ്ച്' കിട്ടാൻ അവാസ്തവം എഴുന്നള്ളിച്ചത് ഒട്ടും ശരിയായില്ല'; വെള്ളാപ്പള്ളിക്ക് മറുപടിയുമായി കെ ടി ജലീൽ

തൻ്റെ വാദത്തിന് പഞ്ച് കിട്ടാൻ അവാസ്തവം എഴുന്നള്ളിച്ചത് ഒട്ടും ശരിയായില്ല; വെള്ളാപ്പള്ളിക്ക് മറുപടിയുമായി കെ ടി ജലീൽ
X

മലപ്പുറം: എൽഡിഎഫിൻ്റെ മുസ് ലിം പ്രീണന നയമാണ് ലോക്സഭയിലെ തിരിച്ചടിക്ക് കാരണമെന്ന പരാമർശത്തിൽ വെള്ളാപ്പള്ളി നടേശന്ക് മറുപടിയുമായി ഡോ. കെ ടി ജലീൽ എംഎൽഎ. 'തൻ്റെ വാദത്തിന് 'പഞ്ച്' കിട്ടാൻ അവാസ്തവം എഴുന്നള്ളിച്ചത് ഒട്ടും ശരിയായില്ലെന്നും ഫലസ്തീൻ-പൗരത്വ വിഷയങ്ങളിലെ നിലപാടാണ് മുസ്‌ലിം പ്രീണനമെന്ന് പറയുന്നതെങ്കിൽ അത് മനുഷ്യത്വപരവും ആഗോള തലത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ നിലപാടാണെന്നും ജലീൽ ഫേസ് ബുക്കിൽ കുറിച്ചു. മുസ്‌ലിം വോട്ട് മാത്രമല്ല, ഹിന്ദു-ക്രിസ്ത്യൻ വോട്ടുകളും നഷ്ടമായിട്ടുണ്ട്. അതേക്കുറിച്ച് ആരും ചർച്ച ചെയ്യാത്തതെന്തേയെന്നും അദ്ദേഹം ചോദിക്കുന്നു.

കെ ടി ജലീലിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം:

പരാജയ കാരണം മുസ്ലിം പ്രീണനമോ?

അമിതമായ മുസ്ലിം പ്രീണനമാണ് ഇടതുപക്ഷത്തിൻ്റെ ലോകസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണമായതെന്ന മട്ടിൽ ചില ദുഷ്പ്രചരണങ്ങൾ സോഷ്യൽ മീഡിയകളിൽ വ്യാപകമായി പരക്കുന്നുണ്ട്. പൗരത്വഭേദഗതി നിയമത്തിലും ഫലസ്തീൻ പ്രശ്നത്തിലും ഇടതുപക്ഷം സ്വീകരിച്ച ശക്തമായ നിലപാടുകളാണ് പ്രീണന കാര്യങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഈ രണ്ട് കാര്യങ്ങളിലെയും കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ സമീപനം തികച്ചും മനുഷ്യത്വപരമാണ്. മതത്തിൻ്റെ പേരിൽ പൗരത്വം നിഷേധിക്കപ്പെടുന്നതിൻ്റെ ഇരകൾ സിക്കുകാരോ പാർസികളോ ജൂതൻമാരോ ക്രൈസ്തവരോ മാറ്റാരെങ്കിലുമോ ആയിരുന്നെങ്കിലും ഇടതുപക്ഷത്തിൻ്റെ നയം ഇതുതന്നെ ആകുമായിരുന്നു. മുസ്ലിങ്ങൾ ആവശ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലോ അഭ്യർത്ഥിച്ചതിൻ്റെ വെളിച്ചത്തിലോ ആയിരുന്നില്ല ഇടതുപാർട്ടികളുടെ ഈ രണ്ടു വിഷയങ്ങളിലെയും സമീപനങ്ങൾ. ആഗോള കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ പൊതുനയത്തിൻ്റെ ഭാഗമായിരുന്നു അത്.

പൗരത്വഭേദഗതി നിയമത്തെ എതിർത്തതിൻ്റെ പേരിലോ പാലസ്തീൻ പ്രശ്നത്തിൽ നിഷ്ഠൂരം കൊലച്ചെയ്യപ്പെട്ടവർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചതിൻ്റെ കാരണമായി ഏതെങ്കിലും ജനവിഭാഗങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള അവസര നഷ്ടമോ സാമ്പത്തിക നഷ്ടമോ സംഭവിച്ചതായി അറിവില്ല. മണിപ്പൂർ കലാപത്തിൽ ഇടതുപാർട്ടികൾ ശക്തമായി ബി.ജെ.പിയെ എതിർത്തത് കൊല്ലപ്പെട്ടവരും ആക്രമിക്കപ്പെട്ടവരും ക്രൈസ്തവരായത് കൊണ്ടല്ല. മാനവികത മുഖമുദ്രയാക്കിയ ഏത് പാർട്ടിയുടെയും ഉത്തരവാദിത്തം എന്ന നിലക്കാണ്. ആ പിന്തുണ പക്ഷെ, ഇടതുപക്ഷത്തിൻ്റെ തോൽവിക്ക് കാരണമായി ഒരാളും പറയുന്നില്ല താനും. മുസ്ലിം വോട്ടു പോലെത്തന്നെ ക്രൈസ്തവ വോട്ടുകളും ഇടതുപക്ഷമുന്നണിക്ക് നഷ്ടമായിട്ടുണ്ട്. അത്പക്ഷെ എവിടെയും ആരും ചർച്ചയാക്കിയത് കണ്ടില്ല. ഇടതുപക്ഷത്തിന് പരമ്പരാഗതമായി കിട്ടിക്കൊണ്ടിരുന്ന ഹിന്ദു വോട്ടുകളും മറുകണ്ടം ചാടിയിട്ടുണ്ട്. അത് പക്ഷെ ചർച്ചയായിട്ടില്ല.. 2019-ലെ ലോകസഭാ തെരഞ്ഞെടുപ്പിനെക്കാൾ ബി.ജെ.പിക്ക് 3.7 ശതമാനം വോട്ടുകളാണ് കൂടിയത്. അതിൽ മുസ്ലിങ്ങളുടെ പങ്ക് വിരലിലെണ്ണാവുന്നതേ ഉണ്ടാകൂ. ഉത്തരേന്ത്യയിലെ വിദ്യാഭ്യാസമില്ലാത്ത പാവങ്ങൾക്കിടയിൽ നിന്ന് "ഇസ്ലാമോഫോബിയ" നാടുനീങ്ങുമ്പോൾ അത് സിരകളിലേക്ക് പടർന്ന് കയറുന്നത് വിദ്യാസമ്പന്നരെന്ന് അവകാശപ്പെടുന്ന മലയാളികൾക്കിടയിലേക്കാണോ?

വെള്ളാപ്പള്ളി നടേശൻ എസ്.എൻ.ഡി.പിയുടെ പ്രഗൽഭനായ നേതാവാണ്. തൻ്റെ സമുദായത്തിൻ്റെ വ്യാകുലതകളും ആശങ്കകളും അദ്ദേഹം പ്രകടിപ്പിക്കുന്നതിൽ തെറ്റില്ല. തൻ്റെ വാദത്തിന് ഒരു 'പഞ്ച്' കിട്ടാൻ മുസ്ലിങ്ങൾക്ക് മുന്തിയ പരിഗണനയും അവസരങ്ങളും ലഭിക്കുന്നു എന്ന തരത്തിൽ അവാസ്തവം എഴുന്നള്ളിച്ചത് ഒട്ടും ശരിയായില്ല. കാലങ്ങളായി നിലനിൽക്കുന്ന ഈഴവ-മുസ്ലിം സൗഹൃദം തകർക്കാനേ സത്യസന്ധമല്ലാത്ത അത്തരം അസത്യങ്ങൾ ഉപകരിക്കൂ. ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്താണ് കേരളത്തിലെ ആദ്യത്തെ ഓപ്പൺ യൂണിവേഴ്സിറ്റി നിലവിൽ വന്നത്. അ സർവകലാശാലക്ക് ശ്രീനാരയണഗുരുവിൻ്റെ പേര് നൽകണമെന്ന നിർദ്ദേശം മുഖ്യന്ത്രിയോടും അന്നത്തെ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോടും ആദ്യമായി മുന്നോട്ടു വെച്ചത് വകുപ്പു മന്ത്രി എന്ന നിലയിൽ ഈയുള്ളവനാണ്. ഇരുവരും അത് സ്വീകരിച്ചു. പ്രഥമ ഓപ്പൺ സർവകലാശാലയുടെ വൈസ് ചാൻസലറായി ഡോ: മുബാറക്പാഷയെ സർക്കാർ നിയമിച്ചപ്പോൾ എന്നെ ഒറ്റതിരിഞ്ഞ് അക്രമിക്കാനും മുസ്ലിം തീവ്രനാക്കാനും സംഘി മനസ്സുള്ളവർ രംഗത്തു വന്നു. അറിഞ്ഞോ അറിയാതെയോ വെള്ളാപ്പള്ളി നടേശൻ സാറും അതിൽ പങ്കാളിയായി. എന്നെ വെറുമൊരു മലപ്പുറം മന്ത്രിയാക്കാനും അദ്ദേഹം മറന്നില്ല. അതിനുശേഷം ഞാനദ്ദേഹത്തെ പോയിക്കണ്ട് നിജസ്ഥിതി ബോദ്ധ്യപ്പെടുത്തി. അതോടെ ആ തെറ്റിദ്ധാരണ നീങ്ങി. വെള്ളാപ്പള്ളിയുടെ സ്നേഹോഷ്മളമായ ആതിഥ്യം സ്വീകരിച്ചാണ് അന്ന് മടങ്ങിയത്. അദ്ദേഹത്തിൻ്റെ തെറ്റിദ്ധാരണ ഇനിയും മാറിയിട്ടില്ലെന്നാണ് പുതിയ പ്രസ്താവനയിലൂടെ തെളിയുന്നത്. വെള്ളാപ്പള്ളി തന്നെ മുൻകയ്യെടുത്ത് തനിക്ക് പറ്റിയ അബദ്ധം തിരുത്തി നവോത്ഥാന സമിതിയുടെ വൈസ് ചെയർമാൻ സ്ഥാനത്ത് നിന്നുള്ള ഡോ: ഹുസൈൻ മടവൂരിൻ്റെ രാജി പിൻവലിപ്പിക്കാൻ മുന്നിട്ടിറങ്ങണമെന്നാണ് എൻ്റെ വിനീതമായ പക്ഷം. അടിസ്ഥാനപരമായി വെള്ളാപ്പള്ളി നൻമയുള്ള മനുഷ്യനാണ്. ഡോ: മടവൂർ തന്നെ അക്കാര്യം എന്നോട് പലപ്പോഴും പങ്കുവെച്ചിട്ടുണ്ട്.

കേരളത്തിലെ മുസ്ലിങ്ങളിൽ നല്ലൊരു ശതമാനം രാഷ്ട്രീയമായി മുസ്ലിംലീഗാണ്. ലീഗാവട്ടെ യു.ഡി.എഫിൻ്റെ ഘടകകക്ഷിയും. സ്വാഭാവികമായും ലീഗ് അനുഭാവികളായ മുസ്ലിങ്ങൾ യു.ഡി.എഫിനേ വോട്ട് ചെയ്യൂ. ലീഗ് നേതൃത്വം തെറ്റ് ചെയ്തെന്ന തോന്നൽ ഉണ്ടായ ഘട്ടങ്ങളിൽ അവരെ തിരുത്താൻ ലീഗണികൾ ഇടതുപക്ഷത്തെ പിന്തുണച്ചിട്ടുണ്ട്. ഒന്നാം പിണറായി സർക്കാറിൻ്റെ ഭരണനേട്ടങ്ങൾ 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് അനുകൂലമായി വോട്ടു ചെയ്യാൻ വലതുധാരയോട് ചേർന്നു നിൽക്കുന്ന മുസ്ലിം ജനവിഭാഗത്തിന് പ്രേരണയായതും ചരിത്രം. എന്നാൽ അതൊരു സ്ഥായിയായ പിന്തുണയായി കരുതേണ്ടതില്ല. ഇടതു ചേരിയോടൊപ്പമുള്ള മുസ്ലിങ്ങൾ ലീഗ് രാഷ്ട്രീയത്തെ എതിർക്കുന്നതിൽ ഒരു ദാക്ഷിണ്യവും കാണിക്കാറില്ല. സാമൂഹ്യ മാധ്യമങ്ങളിലെ വാക്പോരുകൾ ശ്രദ്ധിച്ചാൽ അത് ബോദ്ധ്യമാകും. ലോകസഭയിലേക്കും നിയമസഭയിലേക്കും രണ്ട് വോട്ടിംഗ് രീതികളാണ് കേരളീയർ പൊതുവെ സ്വീകരിക്കാറ്. അതിൽ നിന്ന് മുസ്ലിം ജനവിഭാഗവും മുക്തരല്ല. 2024-ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ നാമമാത്രമെങ്കിലും മുസ്ലിം വോട്ടുകൾ കിട്ടിയ ബി.ജെ.പി സ്ഥാനാർത്ഥി സുരേഷ് ഗോപിയാകും. അദ്ദേഹത്തിൻ്റെ താരപരിവേഷവും ചരിറ്റി പ്രവർത്തനങ്ങളും അതിന് പ്രേരകമായിട്ടുണ്ടാകാം. സുരേഷ് ഗോപിക്ക് ക്രൈസ്തവ വോട്ടുകളും യഥേഷ്ടം കിട്ടിയിട്ടുണ്ട്. തുഷാർ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിൽ രൂപീകൃതമായ "ഭാരത് ധർമ്മ ജന സേന''(BDJS) ഈഴവ വോട്ടുകളിലേക്ക് കടന്നുകയറി നാശനഷ്ടങ്ങൾ വിതച്ചത് കാണാതെ പോകരുത്. തുഷാറിലൂടെ ഈഴവ വിഭാഗത്തിലേക്ക് പാലം തീർക്കാനുള്ള ബി.ജെ.പി തന്ത്രം ഒരുപരിധി വരെ വിജയിച്ചു. വോട്ടിംഗ് പാറ്റേൺ അതാണ് വ്യക്തമാക്കുന്നത്. മുസ്ലിം വോട്ടുകൾ കൊണ്ട് മാത്രം ലോകസഭാ സ്ഥാനാർത്ഥികൾ ജയിക്കുന്ന രണ്ട് മണ്ഡലമേ കേരളത്തിലുള്ളൂ. അത് മലപ്പുറവും പൊന്നാനിയുമാണ്. മറ്റൊരു ലോകസഭാ മണ്ഡലത്തിലും മുസ്ലിങ്ങളുടെ വോട്ടുകൊണ്ടുമാത്രം ഒരു സ്ഥാനാർത്ഥിക്കും ജയിക്കാനാവില്ല. സത്യം ഇതായിരിക്കെ മറിച്ചുള്ള പ്രചരണങ്ങൾ മതേതര കേരളത്തിന് ദോഷം ചെയ്യും.


https://www.facebook.com/share/p/KU9LAZreirniSTYv/?mibextid=oFDknkNext Story

RELATED STORIES

Share it