Latest News

മാള മേഖലയില്‍ ജുമുഅ പുന:രാരംഭിച്ചു

മാള മേഖലയില്‍ ജുമുഅ പുന:രാരംഭിച്ചു
X

മാള: മാള മേഖലയില്‍ ജുമുഅ നമസ്‌കാരം പുനഃരാരംഭിച്ചു. മാര്‍ച്ച് 20നു ശേഷം മൂന്നര മാസം പിന്നിട്ടാണ് മസ്ജിദുകളില്‍ ജുമുഅ നമസ്‌കാരം പുനഃരാരംഭിച്ചത്. കൊവിഡ് 19 ഭാഗമായുള്ള ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിന് ശേഷം ആരാധനാലയങ്ങളില്‍ കൊവിഡ് 19 പ്രോട്ടോക്കോള്‍ പാലിച്ച് ആരാധന നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും മാള മേഖലയിലെ ഭൂരിഭാഗം മഹല്ല് കമ്മിറ്റികളും പള്ളികള്‍ തല്‍ക്കാലം ആരാധനക്കായി തുറന്ന് നല്‍കേണ്ടതില്ലയെന്ന തീരുമാനത്തിലാണെത്തിയിരുന്നത്. കൊവിഡ് 19 വ്യാപനം ഇനിയും അനന്തമായി തുടരുമെന്നതിനാല്‍ കൊവിഡ് 19 പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് പള്ളികള്‍ നിയന്ത്രിത തോതില്‍ തുറന്ന് കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.

മഹല്ലുകളിലെ ഓരോ പള്ളികളിലും ശരാശരി 100 പേര്‍ക്ക് പ്രവേശനം നല്‍കിയാണ് ജുമുഅ നമസ്‌കാരം പുനഃരാരംഭിച്ചത്. ഒന്നര മീറ്റര്‍ അകലത്തില്‍ മാര്‍ക്ക് ചെയ്താണ് നമസ്‌കാരം നടത്തുന്നത്. മുന്‍കൂട്ടി നല്‍കുന്ന ടോക്കണുമായെത്തുന്നവരെ 12.00 നും 12.30 നുമിടയില്‍ പ്രവേശനം നല്‍കിയ ശേഷം ഗെയ്റ്റുകളടക്കും. പ്രസംഗമുണ്ടാകില്ല. ഖുത്തുബയും നമസ്‌കാരവും പെട്ടെന്ന് തീര്‍ത്ത് ചെറിയ തോതില്‍ ദുഅയും നടത്തി ആളുകളെ പിരിച്ചു വിടും. മസ്ജിദിനടുത്ത് കൂട്ടം കൂടി നില്‍ക്കാനും അനുവദിക്കുന്നില്ല. വീടുകളില്‍ നിന്നും അംഗശുദ്ധി വരുത്തി മുസ്സല്ലയുമായെത്തുന്നവര്‍ക്ക് ഹാന്റ് സാനിറ്റൈസര്‍ നല്‍കിയ ശേഷമാണ് പള്ളികള്‍ക്കകത്തേക്ക് കടത്തുന്നത്.

മാള മഹല്ലിലും പുത്തന്‍ചിറ മഹല്ലിലും അന്നമനട മഹല്ലിലുമുള്ള എല്ലാ മസ്ജിദുകളിലും ജുമുഅ നമസ്‌കാരം നടത്തുന്നുണ്ട്. കൊച്ചുകടവ് മഹല്ലില്‍ ജുമാ മസ്ജിദില്‍ മാത്രമാണ് ജുമുഅ നമസ്‌കാരം നടത്തിയത്. മഹല്ല് ഖത്തീബ് അബൂബക്കര്‍ അസ്ഹരി നേതൃത്വം നല്‍കി. മേഖലയിലെ അതാത് പള്ളികളിലെ പ്രധാന ഉസ്താദുമാരാണ് ജുമുഅക്ക് നേതൃത്വം നല്‍കുന്നത്.

Next Story

RELATED STORIES

Share it