Latest News

ക്രമസമാധാനത്തെ കുറിച്ച് ആശങ്ക: ജമ്മു കശ്മീര്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് മാറ്റി

മാര്‍ച്ച് 5 നും മാര്‍ച്ച് 20 നും ഇടയില്‍ എട്ട് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനിച്ചിരുന്നത്. 13,000 സീറ്റുകളിലേക്കാണ് ജനപ്രതിനിധികളെ തിരഞ്ഞെടുക്കാനുള്ളത്.

ക്രമസമാധാനത്തെ കുറിച്ച് ആശങ്ക:   ജമ്മു കശ്മീര്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് മാറ്റി
X

ശ്രീനഗര്‍: അടുത്ത മാസം നടക്കാനിരുന്ന ജമ്മു കശ്മീര്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് മാറ്റിവച്ചു. ക്രമസമാധാനനിലയെക്കുറിച്ചുള്ള ആശങ്കകള്‍ കാരണമാണ് നടപടി. മാര്‍ച്ച് 5 നും മാര്‍ച്ച് 20 നും ഇടയില്‍ എട്ട് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനിച്ചിരുന്നത്. 13,000 സീറ്റുകളിലേക്കാണ് ജനപ്രതിനിധികളെ തിരഞ്ഞെടുക്കാനുള്ളത്.

'നിയമപാലകരില്‍ നിന്നുള്ള വിശ്വസനീയമായ വിവരങ്ങള്‍ അടിസ്ഥാനമാക്കി വോട്ടെടുപ്പ് നടത്തുന്നത് മാറ്റിവയ്ക്കുന്നത് പരിഗണിക്കാന്‍ ആഭ്യന്തര വകുപ്പ്, ജമ്മു കശ്മീര്‍ സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് അതോറിറ്റിയെ ഉപദേശിച്ചു എന്നാണ് അധികൃതര്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നത്. ഇതോടെ തിരഞ്ഞെടുപ്പിന്റെ ആദ്യ മൂന്നു ഘട്ടങ്ങള്‍ സംബന്ധിച്ച് പുറത്തിറക്കിയ വിജ്ഞാപനം സര്‍ക്കാര്‍ പിന്‍വലിച്ചു. ഓഗസ്റ്റ് 5 ന് പ്രത്യേക ഭരണഘടനാ പദവി അസാധുവാക്കിയതിനുശേഷം സംസ്ഥാനത്ത് ആദ്യമായി നടക്കുന്ന തിരഞ്ഞെടുപ്പാണ് ക്രമസമാധാന പ്രശ്‌നങ്ങളെ തുടര്‍ന്ന് മാറ്റിവെച്ചത്.2018ല്‍ നടന്ന തിരഞ്ഞെടുപ്പ് നാഷണല്‍ കോണ്‍ഫറന്‍സും, പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയും ബഹിഷ്‌കരിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ കശ്മീരില്‍ ബ്ലോക്ക് ഡെവലപ്‌മെന്റ് കൗണ്‍സില്‍ തിരഞ്ഞെടുപ്പ് നടന്നെങ്കിലും വോട്ടര്‍മാര്‍ ബഹിഷ്‌ക്കരിച്ചു.

കശ്മീരിലെ മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുല്ല, മെഹബൂബ മുഫ്തി എന്നിവരുള്‍പ്പെടെയുള്ള പ്രമുഖ രാഷ്ട്രീയക്കാര്‍ ഇപ്പോഴും വീട്ടു തടങ്കലിലാണ്. പല നേതാക്കള്‍ക്കുമെതിരെ വിചാരണ കൂടാതെ രണ്ട് വര്‍ഷം വരെ തടങ്കലില്‍ വയ്ക്കാവുന്ന പൊതു സുരക്ഷാ നിയമപ്രകാരം കേസെടുക്കുകയും ചെയ്തിട്ടുണ്ട്. കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി റദ്ദാക്കിയതിനും സൈനിക അതിക്രമങ്ങള്‍ക്കെതിരെയുമുള്ള പ്രക്ഷോഭം സംസ്ഥാനത്ത് ശക്തമായി തുടരുകയാണ്.




Next Story

RELATED STORIES

Share it