Latest News

ഐഎസ്ആര്‍ഒ ചാരക്കേസ് വ്യാജം; പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന് സിബിഐ

ഐഎസ്ആര്‍ഒ ചാരക്കേസ് വ്യാജം; പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന് സിബിഐ
X

കൊച്ചി: പ്രമുഖ ശാസ്ത്രജ്ഞനായ നമ്പി നാരായണനെ കുടുക്കിയ ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയില്‍ വിദേശ ശക്തികള്‍ക്ക് പങ്കുണ്ടെന്ന് സിബിഐ. ഹൈക്കോടതിയിലാണ് സിബിഐ നിലപാട് അറിയിച്ചത്. ചാരക്കേസ് വ്യാജമായുണ്ടാക്കിയതാണ്. പ്രമുഖ ശാസ്ത്രജ്ഞനെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമായാണെന്നും സിബിഐ കോടതിയെ അറിയിച്ചു.

യാതൊരു തെളിവുമില്ലാതെയാണ് നമ്പി നാരായണനെ അറസ്റ്റ് ചെയ്തത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണിതെന്നും ചാരക്കേസ് വ്യാജമാണെന്നും സിബിഐ ആവര്‍ത്തിച്ചു. മുന്‍ ഡിജിപി സിബി മാത്യൂസ്, ഐബി ഉദ്യോഗസ്ഥനായിരുന്ന മുന്‍ ഗുജറാത്ത് എഡിജിപി ആര്‍ ബി ശ്രീകുമാര്‍, പി എസ് ജയകുമാര്‍, കേരള പോലിസ് ഉദ്യോഗസ്ഥനായിരുന്ന എസ് വിജയന്‍, തമ്പി എസ് ദുര്‍ഗ തുടങ്ങിയവരെയായിരുന്നു ഗൂഢാലോചനക്കേസില്‍ പ്രതിചേര്‍ത്തിരുന്നത്. പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹരജിയെ എതിര്‍ത്താണ് സിബിഐ നിലപാട് വ്യക്തമാക്കിയത്.

സിബി മാത്യൂസ് അടക്കമുള്ള പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു കോടതിയെ അറിയിച്ചു. രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണി ഉയര്‍ത്തിയ കേസിനെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ എല്ലാ പ്രതികളുടെയും മുന്‍കൂര്‍ ജാമ്യം റദ്ദാക്കി കസ്റ്റഡിയിലെടുക്കാന്‍ അനുവദിക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടു. ഇതോടെ ഗൂഢാലോചനയില്‍ പുതിയ തെളിവുകള്‍ ലഭിച്ചോയെന്ന് ഹൈക്കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ അന്വേഷണം തുടരുകയാണെന്നായിരുന്നു സിബിഐയുടെ മറുപടി.

ഐഎസ്ആര്‍ഒ ചാരക്കേസിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കാന്‍ സുപ്രിംകോടതിയാണ് സിബിഐയ്ക്ക് നിര്‍ദേശം നല്‍കിയത്. ഗൂഢാലോചന പരിശോധിക്കാന്‍ റിട്ടയേര്‍ഡ് ജസ്റ്റിസ് ഡികെ ജെയിനിനെ സുപ്രിംകോടതി നിയോഗിച്ചിരുന്നു. ഗുരുതരമായ നിയമലംഘനം നമ്പി നാരായണനെതിരേ നടന്നുവെന്നായിരുന്നു ജസ്റ്റിസ് ഡി കെ ജെയിന്‍ സമിതിയുടെ റിപോര്‍ട്ട്. ഈ റിപോര്‍ട്ട് അതേപടി സിബിഐയ്ക്ക് കൈമാറിയ സുപ്രിംകോടതി സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

Next Story

RELATED STORIES

Share it