Latest News

മസ്ജിദുല്‍ അഖ്സയില്‍ ഇസ്രായേല്‍ സേനയുടെ ആക്രമണം; തിങ്കളാഴ്ച ഖത്തറില്‍ അറബ് ലീഗിന്റെ അസാധാരണയോഗം

മസ്ജിദുല്‍ അഖ്സയില്‍ ഇസ്രായേല്‍ സേനയുടെ ആക്രമണം; തിങ്കളാഴ്ച ഖത്തറില്‍ അറബ് ലീഗിന്റെ അസാധാരണയോഗം
X

ദോഹ: അറബ് ലീഗിന്റെ അസാധാരണ യോഗം തിങ്കളാഴ്ച ഖത്തറിന്റെ അധ്യക്ഷതയില്‍ ദോഹയില്‍ നടക്കുമെന്ന് അറബ് ലീഗ് അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ അംബാസഡര്‍ ഹുസ്സാം സാക്കി. മസ്ജിദുല്‍ അഖ്‌സയിലും അധിനിവേശ കിഴക്കന്‍ ജെറുസലേമിലെ മറ്റിടങ്ങളിലും ഉണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഫലസ്തീന്‍ അറബ് ലീഗിന്റെ യോഗം വിളിക്കാന്‍ അഭ്യര്‍ത്ഥിച്ചത്.

മസ്ജിദുല്‍ അഖ്സയിലും മറ്റിടങ്ങളിലുമുണ്ടായ ഇസ്രായേല്‍ സേനയുടെ ആക്രമണത്തില്‍ 180ഓളം ഫലസ്തീനികള്‍ക്ക് പരിക്കേറ്റിരുന്നു. വിശുദ്ധ റമദാനിലെ അവസാനത്തെ വെള്ളിയാഴ്ചയായതിനാല്‍ ആയിരക്കണക്കിനു ഫലസ്തീനികളാണ് മസ്ജിദുല്‍ അഖ്സയില്‍ എത്തിയിരുന്നത്. ഇതില്‍ ചിലര്‍ ഇസ്രായേലിന്റെ അധിനിവേശത്തിലും ഫലസ്തീനികളെ കുടിയൊഴിപ്പിക്കുന്നതിലും പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് രാത്രിയില്‍ ഇസ്രായേല്‍ പോലിസ് റബ്ബര്‍ ബുള്ളറ്റുകളും ഗ്രനേഡുകളും മറ്റും ഉപയോഗിച്ച് എതിരിട്ടത്.

പള്ളിക്കുള്ളിലേക്കും പ്രാര്‍ഥിക്കുന്നവര്‍ക്കും നേരെ സ്റ്റണ്‍ ഗ്രനേഡുകളും ടിയര്‍ ഗ്യാസുകളും ഇസ്രായേല്‍ സേന എറിഞ്ഞു. ഫലസ്തീനികളാവട്ടെ പതിവുപോലെ കല്ലുകളും കുപ്പികളും കൊണ്ടാണ് പ്രതിരോധിച്ചത്. 178 ഫലസ്തീനികള്‍ക്കും ആറ് ഇസ്രായേല്‍ പോലിസുകാര്‍ക്കുമാണ് പരിക്കേറ്റത്. റബ്ബല്‍ ബുള്ളറ്റ് കൊണ്ട് പരിക്കേറ്റ 88 ഫലസ്തീനികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജെറുസലേമിനെച്ചൊല്ലി ഇസ്രായേലും ഫലസ്തീനികളും തമ്മില്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളായി വീണ്ടും സംഘര്‍ഷം ഉടലെടുത്തിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ, ഷെയ്ഖ് ജറയ്ക്കു സമീപം കുടിയൊഴിക്കപ്പെട്ട ഫലസ്തീന്‍ കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിനായി ഫലസ്തീന്‍, അന്താരാഷ്ട്ര ഐക്യദാര്‍ഢ്യ പ്രവര്‍ത്തകരും ഒത്തുകൂടിയിരുന്നു. എന്നാല്‍, ഇസ്രായേല്‍ സേനയും പോലിസും ചേര്‍ന്ന് ഇവരെ ടിയര്‍ ഗ്യാസ്, റബ്ബര്‍ ബുള്ളറ്റുകള്‍, ഷോക്ക് ഗ്രനേഡുകള്‍ തുടങ്ങിയവ ഉപയോഗിച്ച് നേരിട്ടതോടെ കുത്തിയിരിപ്പ് സമരം നടത്തി. നിരവധി ഫലസ്തീനികളെയാണ് അറസ്റ്റ് ചെയ്തത്.

ഏറ്റുമുട്ടലുകള്‍ ആരംഭിച്ച് മണിക്കൂറുകള്‍ക്ക് ശേഷവും വന്‍തോതില്‍ ഇസ്രായേല്‍ സേന അല്‍-അഖ്സാ പള്ളി കോംപൗണ്ടിലേക്ക് എത്തിക്കൊണ്ടിരുന്നു.

മസ്ജിദുല്‍ അഖ്സയിലെ ആക്രമണത്തിനു പ്രത്യാഘാതങ്ങളുണ്ടാവുമെന്ന് ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ മേധാവി ഇസ്മായില്‍ ഹനിയ്യ മുന്നറിയിപ്പ് നല്‍കിരുന്നു. അല്‍-അഖ്സാ പള്ളിക്ക് നേരെയുള്ള ആക്രമണം കണ്ടിട്ടും മൗനം പാലിക്കുന്ന അറബ് നേതാക്കള്‍ക്കെതിരേ ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോയിലെ മറ്റൊരു അംഗം മഹ്‌മൂദ് അല്‍ സഹര്‍ രംഗത്തെത്തിയിരുന്നു. പ്രതിഷേധങ്ങള്‍ രൂക്ഷമായ സാഹചര്യത്തിലാണ് ഇപ്പോള്‍ അറബ് ലീഗ് യോഗം ചേരുന്നത്.

Next Story

RELATED STORIES

Share it