Latest News

ഗസ: വ്യോമാക്രമണത്തില്‍ കുട്ടികള്‍ കൊല്ലപ്പെട്ടതിനെ കുറിച്ച് അന്വേഷിക്കാമെന്ന് ഇസ്രായേല്‍

നാല് ദിവസമായി ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഇതുവരെ 34 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. 111 പേര്‍ക്ക് പരിക്കേറ്റു. 63 പേര്‍ ചികിത്സയിലാണ്.

ഗസ: വ്യോമാക്രമണത്തില്‍ കുട്ടികള്‍ കൊല്ലപ്പെട്ടതിനെ കുറിച്ച് അന്വേഷിക്കാമെന്ന് ഇസ്രായേല്‍
X

ഗസ: ഇസ്രായേല്‍ സൈന്യം ഗസയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ കുട്ടികള്‍ കൊല്ലപ്പെട്ടതിനെ കുറിച്ച് അന്വേഷിക്കാമെന്ന് ഇസ്രായേല്‍. ഫലസ്തീന്‍ ഇസ്‌ലാമിക് ജിഹാദ് കമാന്റര്‍ റസ്മി അബു മല്‍ഹോസിന്റെ വീടിനെ ലക്ഷ്യംവച്ചാണ് തങ്ങള്‍ വ്യോമാക്രമണം നടത്തിയതെന്നാണ് ഇസ്രായേലിന്റെ വാദം. കഴിഞ്ഞ ദിവസം ഗസക്കു നേരെ നടന്ന വ്യോമാക്രമണത്തില്‍ ഒരു കുടുംബത്തിലെ 8 പേര്‍ കൊല്ലപ്പെട്ടിരുന്നു. അതില്‍ 5 പേര്‍ കുട്ടികളാണ്. തങ്ങള്‍ ജനങ്ങളെ ലക്ഷ്യം വച്ചല്ല ആക്രണം നടത്തിയതെന്നും കുട്ടികള്‍ക്ക് പരിക്കേല്‍ക്കാന്‍ സാധ്യതയില്ലെന്നും ഇസ്രായേല്‍ അവകാശപ്പെട്ടു.

ഗസയില്‍ ഏതാനും ദിവസമായി തുടരുന്ന സംഘര്‍ഷങ്ങളുടെ ഭാഗമായിരുന്നു കഴിഞ്ഞ ദിവസത്തെ ആക്രമണം. ഇസ്രായേല്‍ സൈന്യം അയച്ച മിസൈലുകള്‍ രണ്ട് സഹോദരന്മാരുടെ 22 പേരുള്ള കുടുംബം താമസിക്കുന്ന ടിന്‍ഷീറ്റുകൊണ്ട് മറച്ച വീട്ടിലാണ് പതിച്ചത്. കുടുംബത്തിലൊരാള്‍ ഇസ്‌ലാമിക് ജിഹാദ് സായുധസംഘടനയിലെ അംഗമാണെന്നാണ് ഇസ്രായേലിന്റെ വാദം. എന്നാല്‍ കുടുംബത്തിന് ഇസ്‌ലാമിക് ജിഹാദുമയി ബന്ധമൊന്നുമില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞതായി ബിബിസി റിപോര്‍ട്ട് ചെയ്തു. ഇക്കാര്യത്തില്‍ സംശയമുണ്ടെന്ന് ഇസ്രായേലും സമ്മതിച്ചു. അതിനെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് സൈന്യം അറിയിച്ചു.

ഇസ്‌ലാമിക് ജിഹാദ് തങ്ങള്‍ക്കെതിരേ നിരവധി ആക്രമണങ്ങള്‍ നടത്തിയെന്നാരോപിച്ചാണ് നാല് ദിവസം മുമ്പ് ഇസ്രായേല്‍ സൈന്യം ഗസയിലേക്ക് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഇസ്‌ലാമിക് ജിഹാദിന്റെ കമാന്റര്‍ ബാഹ അല്‍ അത്തയും ഭാര്യയും കൊല്ലപ്പെട്ടു. അത്തയാണ് തങ്ങള്‍ക്കെതിരെയുള്ള ആക്രമണത്തിന് നേതൃത്വം നല്‍കുന്നതെന്ന് ഇസ്രായേല്‍ ആരോപിക്കുന്നു. ഹമാസ് കഴിഞ്ഞാല്‍ ഗസയിലെ രണ്ടാമത്തെ വലിയ സൈനികസംഘടനയാണ് ഇസ്‌ലാമിക് ജിഹാദ്.

അതിനിടയില്‍ യുഎന്‍ സഹായത്തോടെ ഈജിപ്ത് ഇടപെട്ട് വെടിനിര്‍ത്തല്‍ നടപ്പാക്കിയിരുന്നുവെങ്കിലും ഇസ്രായേല്‍ വ്യോമാക്രമണം തുടര്‍ന്നു. ഇന്നലെയും ആക്രമണം നടന്നു. ഇസ്‌ലാമിക് ജിഹാദ് വെടിനിര്‍ത്തല്‍ ലംഘിച്ചെന്നായിരുന്നു ഇസ്രായേലിന്റെ നടപടി.

നാല് ദിവസമായി ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഇതുവരെ 34 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. 111 പേര്‍ക്ക് പരിക്കേറ്റു. 63 പേര്‍ ചികിത്സയിലാണ്.

കൊല്ലപ്പെട്ടവരില്‍ 25 പേര്‍ ഫലസ്തീന്‍ സായുധസംഘത്തില്‍ പെട്ടവരാണെന്ന് ഇസ്രായേല്‍ അവകാശപ്പെട്ടു.

Next Story

RELATED STORIES

Share it