Latest News

ഇന്ത്യയില്‍ കൊവിഡ് വ്യാപനം കുറഞ്ഞതിനു പിന്നിലെ ഏക കാരണം വാക്‌സിനേഷനാണോ?

ഇന്ത്യയില്‍ കൊവിഡ് വ്യാപനം കുറഞ്ഞതിനു പിന്നിലെ ഏക കാരണം വാക്‌സിനേഷനാണോ?
X

രാജ്യത്ത് കൊവിഡ് വ്യാപനത്തില്‍ വലിയ തോതില്‍ കുറവുണ്ടായിട്ടുണ്ട്. ചൊവ്വാഴ്ച 8 മണിക്ക് പുറത്തുവിട്ട കണക്കനുസരിച്ച് 7,579 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 543 ദിവസത്തിനുള്ളില്‍ അനുഭവപ്പെടുന്ന ഏറ്റവും കുറവ് രോഗബാധയാണ് ഇത്. പ്രതിദിന രോഗബാധ പതിനായിരത്തിനു താഴെ റിപോര്‍ട്ട് ചെയ്യപ്പെടുന്നത് ഇത് തുടര്‍ച്ചയായി രണ്ടാം ദിവസമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 12,000 പേര്‍ രോഗമുക്തരായി. 236 പേര്‍ രോഗം ബാധിച്ച് മരിച്ചു.

ദീപാവലിയും ദുര്‍ഗാപൂജയും നമ്മുടെ നിയന്ത്രണങ്ങളെ തെറ്റിക്കുമെന്നും നവംബര്‍ മാസത്തോടെ രാജ്യം മറ്റൊരു തരംഗത്തെ അഭിമുഖീകരിക്കുമെന്നായിരുന്നു ഭയപ്പെട്ടിരുന്നത്. എന്നാല്‍ അത് സംഭവിച്ചില്ല. അതായത് മൂന്നാം തരംഗം രാജ്യത്തുണ്ടായില്ല.

കഴിഞ്ഞ മെയ് മാസം പ്രിതിദിനം 4,00,000 കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തിടത്ത് ഇപ്പോഴത് 10,000 ത്തിനു താഴെയാണ്.

കൊവിഡ് വാക്‌സിനേഷന്റെ വിജയമാണോ ഇത്?

കൊവിഡ് വാക്‌സിനേഷന്‍ ഒരു കാരണമാണെങ്കിലും അത് പൂര്‍ണമല്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. ആന്റിബോഡി പരിശോധനയിലാണ് ഇതിന്റെ സൂചനയുള്ളത്.

മഹാമാരി തുടങ്ങിയ ശേഷം സിറോസര്‍വേ പതിവായി രാജ്യത്ത് നടത്തുന്നുണ്ട്. ഒരു വലിയ പറ്റം ജനങ്ങളില്‍ നിന്ന് രക്തസാംപിള്‍ എടുത്ത് കൊവിഡ് ആന്റിബോഡിയുടെ സാന്നിധ്യം പരിശോധിക്കുകയാണ് ഇതില്‍ ചെയ്യുന്നത്. കൊവിഡ് വാക്‌സിന്‍ മൂലമോ കൊവിഡ് രോഗബാധ മൂലമോ ആണ് ആന്റി ബോഡി ശരീരത്തിലുണ്ടാവുന്നത്.

ജൂലൈ മാസമാണ് രാജ്യത്തെ നാലാമത്തെ സര്‍വേ നടന്നത്. രാജ്യത്തെ 67.6 ശതമാനം ജനങ്ങളിലും ആന്റിബോഡിയുടെ സാന്നിധ്യമുണ്ടെന്ന് സര്‍വേ വെളിപ്പെടുത്തി. അത്രയും പേര്‍ക്ക് കൊവിഡിനെതിരേ പ്രതിരോധമുണ്ടെന്നാണ് അതിനര്‍ത്ഥം. ആ സമയത്ത് 24.8 ശതമാനം പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്, അതും ഒറ്റ ഡോസ്. 13 ശതമാനം പേര്‍ രണ്ട് വാക്‌സിനും എടുത്തു. അതിനര്‍ത്ഥം വലിയൊരു ശതമാനം പേരുടെ ശരീരത്തിലും ആന്റിബോഡിയുടെ സാന്നിധ്യമുണ്ടെന്നാണ്.

ഒക്‌ബോബറിലെ സര്‍വേയില്‍ കണ്ടതനുസരിച്ച് ഡല്‍ഹിയില്‍ 97 ശതമാനം പേരിലും ആന്റിബോഡി കണ്ടെത്തി. അതില്‍ 80 ശതമാനം കുട്ടികളും ഉള്‍പ്പെടുന്നു.

ആസ്ട്രാസെനെക്ക വാക്‌സിന്റെ ഇന്ത്യന്‍ പതിപ്പായ കോവിഷീല്‍ഡ് കുത്തിവയ്പ് എടുത്തവരില്‍ 95.3% പേരിലും ആന്റിബോഡിയുണ്ട്. കോവാക്‌സിന്‍ സ്വീകരിച്ചവരില്‍ 93% പേരിലും അതുണ്ട്.

ഹരിയാനയില്‍ ഒക്ടോബറിലെ സിറൊ സര്‍വേയില്‍ 76.3 ശതമാനം പേരിലും ആന്റിബോഡി കണ്ടെത്തി. കുട്ടികളിലും ഇതുണ്ടായിരുന്നു. ഇക്കാര്യത്തില്‍ ഗ്രാമ, നഗര വ്യത്യാസമില്ലായിരുന്നു.

കേരളത്തില്‍ ഇത് 44.4 ശതമനമായിരുന്നു. ഇത് ജൂലൈയിലാണ്. ഒക്ടോബറില്‍ സ്ഥിതി മാറി, 82.6 ശതമാനമായി മാറി. നഗരങ്ങളില്‍ ഇത് 85.3 ശതമാനമായിരുന്നു.

പൊതുവെ ജനങ്ങളില്‍ ആന്റിബോഡിയുടെ സാന്നിധ്യം അധികമുള്ളതുകൊണ്ട് മൂന്നാമത്തെ തരംഗത്തിന് സാധ്യതയില്ലെന്നാണ് ഇപ്പോള്‍ കരുതുന്നത്. കൊവിഡ് വന്ന് സുഖപ്പെട്ട ശേഷം വാക്‌സിന്‍ എടുക്കുന്നവര്‍ക്ക് ഉയര്‍ന്ന തോതില്‍ പ്രതിരോധം ലഭിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

അടുത്ത ആറ് മാസത്തേക്ക് ഈ രണ്ട് വിഭാഗക്കാര്‍ക്കും കൊവിഡിനെതിരേ മികച്ച പ്രതിരോധം ലഭിക്കുമെന്നാണ് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്റെ കണക്കുകൂട്ടല്‍.

ഇപ്പോള്‍ ലഭ്യമായ സിറൊ സര്‍വേയിലെ ഫലങ്ങള്‍ ജൂലൈ മൂന്നാമത്തെ ആഴ്ചയില്‍ നടത്തിയ സര്‍വേയില്‍ നന്ന് കണക്കുകൂട്ടിയെടുത്തതാണ്. ആ സമയത്ത് ഇന്ത്യ രണ്ടാം തരംഗത്തില്‍ നിന്ന് പുറത്തുവരികയായിരുന്നു.

ആ സമയത്ത് 30 ശതമാനം ജനങ്ങളും കൊവിഡ് ബാധയുടെ ഭീഷണിയ്ക്കുള്ളിലായിരുന്നെങ്കിലും രാജ്യത്തെ ജനങ്ങള്‍ക്ക് മികച്ച രീതിയിലുള്ള പ്രതിരോധം ഉണ്ടാക്കിയിട്ടുണ്ടെന്ന് മൂന്നാം തരംഗത്തിന്റെ അഭാവം തെളിയിച്ചു. സിറോ സര്‍വേ ഫലങ്ങളും ഉല്‍സവ കാലത്തെ കുറഞ്ഞ രോഗവ്യാപനവും ഇതിന്റെ തെളിവാണ്.

ചില പ്രദേശങ്ങളില്‍ വാക്‌സിനേഷനില്‍ കുറവുണ്ടെന്നത് സത്യമാണ്. അവിടെയാണ് പ്രാദേശിക കൊവിഡ് വ്യാപനമുണ്ടാവുന്നത്. അതേസമയം അഖിലേന്ത്യാ തലത്തിലുള്ള കൊവിഡ് വ്യാപനത്തിന് സാധ്യത വളരെ കുറവുമാണ്.

മുതിര്‍ന്നവര്‍ക്ക് പ്രതിരോധം ലഭിച്ച നിലക്ക് കുട്ടികളെ രോഗം കൂടുതലായി ബാധിക്കുമോയെന്നതാണ് മറ്റൊരു പ്രശ്‌നം. പ്രത്യേകിച്ച് സ്‌കൂളുകള്‍ തുറന്ന സാഹചര്യത്തില്‍.

പക്ഷേ, 90 ശതമാനം അധ്യാപകര്‍ക്കും വാക്‌സിന്‍ ലഭിച്ച നിലക്ക് കുട്ടികള്‍ക്ക് രോഗം പകരാനുള്ള സാധ്യത കുറവാണ്. ഇപ്പോള്‍ ഉണ്ടാകുന്ന ചെറിയ പ്രാദേശിക കൊവിഡ് വ്യാപനത്തിനു പിന്നില്‍ സ്‌കൂളുകള്‍ തുറന്നതല്ലെന്നാണ് അതിനര്‍ത്ഥം.

ഇന്ത്യ ആഗസ്ത് മാസത്തോടെ രോഗവ്യാപനത്തിന്റെ പിടിയിലാവുമെന്നാണ് ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നത്. ഡല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയതും വ്യാപനം വര്‍ധിപ്പിക്കുമെന്ന് ഭയന്നിരുന്നു. പക്ഷേ, അതിന് സാധ്യതയില്ലെന്നാണ് ഇപ്പോള്‍ കരുതുന്നത്.

ഇന്ത്യയിലെ 140 കോടി ജനങ്ങളില്‍ 26.9 ശതമാനം പേര്‍ ഇതുവരെ ചുരുങ്ങിയത് ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചു. സ്ത്രീകളും ഗോത്രവിഭാഗങ്ങളും ഗ്രാമീണരും വാക്‌സിനേഷന്റെ കാര്യത്തില്‍ പിന്നിലാണ്. നവംബര്‍ മാസത്തോടെ 90 ശതമാനം പേര്‍ക്കും ആദ്യ ഡോസ് എത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അത് നടന്നേക്കും. പക്ഷേ, രണ്ടാം ഡോസിന്റെ കാര്യത്തില്‍ കുറച്ച് അംഭാവമുണ്ട്.

Next Story

RELATED STORIES

Share it