Latest News

ആഢംബരക്കപ്പലിലെ ലഹരിപാര്‍ട്ടി; ആര്യന്‍ഖാന് ജാമ്യമില്ല

ആഢംബരക്കപ്പലിലെ ലഹരിപാര്‍ട്ടി; ആര്യന്‍ഖാന് ജാമ്യമില്ല
X

മുംബൈ: ആഢംബരക്കപ്പലില്‍ ലഹരിപാര്‍ട്ടിയില്‍ പങ്കെടുത്തുവെന്നാരോപിച്ച് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ചുമത്തിയ കേസില്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ജാമ്യമില്ല. ബുധനാഴ്ച ഉച്ചയോടെയാണ് മുംബൈയിലെ പ്രത്യേക കോടതി ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്. കൂട്ടുപ്രതികളുടെയും ജാമ്യാപേക്ഷ തള്ളിയിട്ടുണ്ട്.

ഒക്ടോബര്‍ 7ാം തിയ്യതി മുതല്‍ ആര്യന്‍ ഖാന്‍ ആര്‍തര്‍ റോഡ് ജയിലിലാണ് കഴിയുന്നത്. ഒക്‌ബോര്‍ 2നാണ് ആര്യന്‍ ഖാനെയും മറ്റ് ഏഴ് പേരെയും മുംബൈ-ഗോവ ആഢംബരക്കപ്പലില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ആര്യന്‍ ഖാനും കൂട്ടുക്കാരും നിരോധിത ലഹരി വസ്തുക്കള്‍ ഉപയോഗിച്ചെന്നും കൈവശം വച്ചെന്നുമായിരുന്നു കേസ്.

അര്‍ബാസ് മര്‍ച്ചന്റ്, മുന്‍മുന്‍ ധമേച്ച എന്നിവരും ജാമ്യാപേക്ഷ നിഷേധിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

ആര്യന്‍ ഖാന്റെ അറസ്റ്റ് അഖിലേന്ത്യാ തലത്തില്‍ തന്നെ വലിയ വിവാദത്തിന് കാരണമായിരുന്നു. ആര്യന്‍ ഖാനെതിരേയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നും ബോളിവുഡിനെ കയ്യിലൊതുക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിന്റെ ഭാഗമാണെന്നും ആരോപിച്ച് മഹാരാഷ്ട്ര മന്ത്രിയും ശിവസേന നേതാക്കളും രംഗത്തുവന്നിരുന്നു.

നര്‍കോട്ടിക് ബ്യൂറോ ജാമ്യാപേക്ഷ പരിഗണനയ്ക്കു വന്നതുമുതല്‍ തങ്ങളുടെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. വാട്‌സ് ആപ് ചാറ്റുകളില്‍ നിന്ന് ആര്യന്‍ ഖാന്‍ ലഹരി ഉപയോഗിച്ചിരുന്നുവെന്ന കാര്യം വ്യക്തമാണെന്ന് ഏജന്‍സിയുടെ അഭിഭാഷകന്‍ അനില്‍ സിങ് പറഞ്ഞു.

ബോളിവുഡ് താരങ്ങളായ റേഹ ചക്രവര്‍ത്തി, സഹോദരന്‍ ഷൗവിക്, ആത്യഹത്യ ചെയ്ത നടന്‍ സുശാന്ത് സിങ് രജ്പുത്ത് തുടങ്ങിയവരെക്കുറിച്ചും ഏജന്‍സി കോടതിയെ ഓര്‍മിപ്പിച്ചു.

ഷൗവിക്കിന്റെ കയ്യില്‍ നിന്ന് ലഹരി ലഭിച്ചില്ലെങ്കിലും അന്വേഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഐസൊലേഷന്‍ പൂര്‍ത്തിയായ ശേഷം പ്രതികളെ ജനറല്‍ സെല്ലിലേക്ക് മാറ്റി.

Next Story

RELATED STORIES

Share it