Latest News

മുസ്‌ലിം ലീഗും കോണ്‍ഗ്രസും ബിജെപിയുടെ ചൂണ്ടയിലെ ഇരകളെന്ന് ഐഎന്‍എല്‍

മുസ്‌ലിം ലീഗും കോണ്‍ഗ്രസും ബിജെപിയുടെ ചൂണ്ടയിലെ ഇരകളെന്ന് ഐഎന്‍എല്‍
X

മാള: മുസ്‌ലിം ലീഗും കോണ്‍ഗ്രസും ബിജെപിയുടെ ചൂണ്ടയിലെ ഇരകളെന്ന് ഐഎന്‍എല്‍ ജില്ലാ സെക്രട്ടറി സാലി സജീര്‍. കോണ്‍ഗ്രസിന് ദേശീയ രാഷ്ട്രീയത്തില്‍ സംഭവിച്ച അപചയം പോലെ തന്നെയാകും കോണ്‍ഗ്രസ്-ലീഗ് സഖ്യത്തെ കാത്തിരിക്കുന്ന ദുര്‍വിധിയെന്നും അദേഹം പറഞ്ഞു. ഐഎന്‍എല്‍ ചാലക്കുടി നിയോജക മണ്ഡലം രൂപീകരണവുമായി ബന്ധപ്പെട്ട് നടത്തിയ യോഗത്തില്‍ സസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ അധികാര രാഷ്ട്രീയത്തില്‍ കയറിപ്പറ്റാന്‍ ബിജെപിക്ക് വാതായനങ്ങള്‍ തുറന്നു കൊടുക്കുന്ന വിടുപണിയാണ് ലീഗും കോണ്‍ഗ്രസും ചെയ്യുന്നത്. മന്ത്രി കെ ടി ജലീലുമായി ബന്ധപ്പെട്ട് വിവാദങ്ങളുണ്ടാക്കി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്നതിലൂടെ ലീഗ് നടപ്പാക്കുന്നത് ആര്‍എസ്എസ് അജണ്ടയാണ്. കൊവിഡ് വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുമ്പോഴാണ് രാഷ്ട്രീയ ലാഭത്തിനായി യുഡിഎഫും ബിജെപിയും അണികളെ തെരുവിലിറക്കി രോഗവ്യാപനത്തിനുള്ള സാഹചര്യം സൃഷ്ടിക്കുന്നത്.

ജനങ്ങളോട് പ്രതിബദ്ധതയുള്ള സര്‍ക്കാരാണിത്. അതുകൊണ്ടുതന്നെ തുടര്‍ഭരണമുണ്ടാകുമെന്നതില്‍ ആര്‍ക്കും സംശയമില്ല. ഖുര്‍ആനുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ സൃഷ്ടിച്ച് നാട്ടില്‍ വര്‍ഗീയ ധ്രുവീകരണം നടത്താന്‍ ബിജെപി, ആര്‍എസ്എസ് അടക്കമുള്ള വര്‍ഗീയ സംഘടനകളെ സഹായിക്കുന്ന ലീഗിന് രാഷ്ട്രീയ അപചയം സംഭവിച്ചിരിക്കുകയാണെന്നും അണികളോട് പോലും ഉത്തരം പറയാനാവാതെ നേതൃത്വം ഉഴലുകയാണെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരേ ഐഎന്‍എല്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും സാലി സജീര്‍ പറഞ്ഞു. ഇതര പാര്‍ട്ടികളില്‍ നിന്ന് ഐഎന്‍എല്ലിലേക്ക് പ്രവര്‍ത്തകര്‍ കൂട്ടത്തോടെയെത്തുന്നത് ഐഎന്‍എല്‍ നേരിന്റെ രാഷ്ട്രീയം പിന്തുടരുന്നത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

ടി കെ മുഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു. മനോജ് ഹുസൈന്‍, സാബു സുല്‍ത്താന്‍, റിയാസ് മാള തുടങ്ങിയവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it