Latest News

വെര്‍ജീനിയയില്‍ ഇന്ത്യന്‍ വംശജ ഗസാല ഹാഷ്മി ലെഫ്. ഗവര്‍ണറായി

വെര്‍ജീനിയയില്‍ ഇന്ത്യന്‍ വംശജ ഗസാല ഹാഷ്മി ലെഫ്. ഗവര്‍ണറായി
X

വാഷിങ്ടണ്‍: ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ വംശജനായ സൊഹ്‌റാന്‍ മംദാനി മേയറായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ, വെര്‍ജീനിയയിലും ചരിത്രവിജയം. ഇന്ത്യന്‍ വംശജയും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയുമായ ഗസാല ഹാഷ്മിയാണ് വെര്‍ജീനിയയിലെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ പദവിയില്‍ തിരഞ്ഞെടുക്കപ്പെട്ടത്. ഈ പദവിയിലെത്തുന്ന ആദ്യ മുസ്ലിം വനിതയും ആദ്യ ദക്ഷിണേഷ്യന്‍ വംശജയുമായ വ്യക്തിയായി ഗസാല ഹാഷ്മി ചരിത്രം കുറിച്ചു.

റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ജാണ്‍ റീഡിനെ പരാജയപ്പെടുത്തിയാണ് ഹാഷ്മി ലെഫ്. ഗവര്‍ണര്‍ പദവിയില്‍ എത്തുന്നത്. നിലവില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്റ്റേറ്റ് സെനറ്ററായിരുന്ന അവര്‍ 2019ല്‍ രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിച്ചു. വെര്‍ജീനിയ ജനറല്‍ അസംബ്ലി തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയാണ് ഗസാല ശ്രദ്ധനേടിയത്. 2024ല്‍ സെനറ്റ് വിദ്യാഭ്യാസ, ആരോഗ്യമേഖലാ കമ്മിറ്റിയുടെ ചെയര്‍പേഴ്‌സണായും അവര്‍ തിരഞ്ഞെടുക്കപ്പെട്ടു.

നാലാംവയസ്സില്‍ യുഎസിലെത്തിയ ഗസാല ഹാഷ്മി ഹൈസ്‌കൂള്‍ പഠനത്തിന് ശേഷം ജോര്‍ജിയ സതേണ്‍ സര്‍വകലാശാലയില്‍നിന്ന് ബിഎ ഓണേഴ്സും അതിനുശേഷം അറ്റ്ലാന്റയിലെ എമോറി സര്‍വകലാശാലയില്‍നിന്ന് അമേരിക്കന്‍ സാഹിത്യത്തില്‍ പിഎച്ച്ഡിയും കരസ്ഥമാക്കി. ഇതിനുശേഷം റിച്ച്മോണ്ട് സര്‍വകലാശാലയിലും റെയ്നോള്‍ഡ്സ് കമ്മ്യൂണിറ്റി കോളജിലുമായി 30 വര്‍ഷത്തോളം അധ്യാപികയായി ജോലി ചെയ്തു. റെയ്നോള്‍ഡ്സ് കമ്മ്യൂണിറ്റി കോളജില്‍ അധ്യാപികയായിരിക്കെ 'സെന്റര്‍ ഫോര്‍ എക്സലന്‍സ് ഇന്‍ ടീച്ചിങ് ആന്‍ഡ് ലേണിങ്' സ്ഥാപിക്കുന്നതിലും മുഖ്യപങ്കുവഹിച്ചു. അസര്‍ റഫീഖാണ് ഗസാലയുടെ ഭര്‍ത്താവ്. യാസ്മിന്‍, നൂര്‍ എന്നിവര്‍ മക്കളാണ്.

Next Story

RELATED STORIES

Share it