Latest News

ഇറാനിലെ ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ എംബസിയുടെ ജാഗ്രത നിര്‍ദേശം

ഇറാനിലെ ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ എംബസിയുടെ ജാഗ്രത നിര്‍ദേശം
X

ന്യൂഡല്‍ഹി: ഇറാനില്‍ നിലനില്‍ക്കുന്ന സുരക്ഷാ സാഹചര്യങ്ങളെ തുടര്‍ന്ന് തെഹ്‌റാനിലെ ഇന്ത്യന്‍ എംബസി രാജ്യത്തുള്ള ഇന്ത്യക്കാര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി. സുരക്ഷിതരായി തുടരുകയും അത്യാവശ്യ കാരണമില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുകയും ചെയ്യണമെന്ന് എംബസി അറിയിച്ചു. പ്രാദേശിക വാര്‍ത്തകളും ഔദ്യോഗിക അറിയിപ്പുകളും കൃത്യമായി ശ്രദ്ധിക്കണമെന്നും എംബസിയില്‍നിന്നുള്ള തുടര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ക്കായി കാത്തിരിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. അടിയന്തര സാഹചര്യമുണ്ടായാല്‍ ബന്ധപ്പെടുന്നതിനുള്ള ഹെല്‍പ്ലൈന്‍ നമ്പറും എംബസി പുറത്തിറക്കിയിട്ടുണ്ട്.

ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനില്‍ വന്‍ സ്‌ഫോടനങ്ങള്‍ നടന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. യുഎസ്–ഇസ്രായേല്‍ സംയുക്ത സൈനിക നടപടിക്ക് പിന്നാലെയാണ് സ്ഥിതിഗതികള്‍ ഗുരുതരമായത്. ഇറാനിലെ സൈനിക നടപടി സ്ഥിരീകരിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വീഡിയോ സന്ദേശം പുറത്തുവിട്ടു. ഇറാന്‍ ഭരണകൂടത്തില്‍നിന്ന് അമേരിക്കന്‍ ജനതയ്ക്ക് ഭീഷണിയുണ്ടെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

തെഹ്‌റാനിലെ യൂണിവേഴ്‌സിറ്റി സ്ട്രീറ്റിലും ജോംഹൂരി മേഖലയിലും നിരവധി മിസൈലുകള്‍ പതിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഇലി ഖാംനഇയുടെ വസതിക്കു സമീപവും സ്‌ഫോടനമുണ്ടായതായി വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപോര്‍ട്ട് ചെയ്തു. ഇറാന്‍ പ്രസിഡന്റിന്റെ വസതിയും ആയുധ കേന്ദ്രങ്ങളും ഉള്‍പ്പെടെ നിരവധി തന്ത്രപ്രധാന കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നാണ് വിവരം.

അതേസമയം, ഇസ്രായേലില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തെ വ്യോമപാത താല്‍ക്കാലികമായി അടച്ചതായും പുതിയ നിര്‍ദേശം വരുന്നതുവരെ പൊതുജനം വിമാനത്താവളങ്ങളിലേക്ക് എത്തരുതെന്നും ഇസ്രായേല്‍ ഗതാഗത വകുപ്പ് അറിയിച്ചു. അടിയന്തര സേവനങ്ങള്‍ ഒഴികെ സ്‌കൂളുകള്‍, ഓഫീസുകള്‍, മറ്റു പൊതുസേവനങ്ങള്‍ എന്നിവ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. രാജ്യത്തുടനീളം അപായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും നിലവില്‍ ഷെല്‍ട്ടറുകളിലേക്ക് നീങ്ങേണ്ട സാഹചര്യമില്ലെന്നുമാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം.

Next Story

RELATED STORIES

Share it