Latest News

കൊവിഡ് 19: ഗുരുതരാവസ്ഥയിലുളള രോഗികളില്‍ ഇന്ത്യ യുഎസ്സിനു തൊട്ടുതാഴെയെന്ന് റിപോര്‍ട്ട്

കൊവിഡ് 19: ഗുരുതരാവസ്ഥയിലുളള രോഗികളില്‍ ഇന്ത്യ യുഎസ്സിനു തൊട്ടുതാഴെയെന്ന് റിപോര്‍ട്ട്
X

ന്യൂഡല്‍ഹി: കൊവിഡ് രോഗികളുടെ എണ്ണത്തില്‍ അഞ്ചാം സ്ഥാനത്താണെങ്കിലും ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ കാര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം യുഎസ്സിന് തൊട്ട് താഴെ രണ്ടാം സ്ഥാനത്താണെന്ന് റിപോര്‍ട്ട്. ഹിന്ദുസ്ഥാന്‍ ടൈംസിലെ ഹിന്ദി പതിപ്പിലെ റിപോര്‍ട്ടര്‍മാരാണ് ഇതുസംബന്ധിച്ച കണക്കെടുപ്പ് നടത്തി റിപോര്‍ട്ട് പുറത്തുവിട്ടത്. യുഎസ്സില്‍ 16,923 രോഗികളാണ് ഗുരുതരാവസ്ഥയിലുള്ളതെങ്കില്‍ ഇന്ത്യയില്‍ അത് 8,944 ആണ്.

ബ്രസീല്‍ ഒരു രാജ്യമെന്ന നിലയില്‍ ഹോട്ട്‌സ്‌പോട്ടാണെങ്കിലും ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം ഇന്ത്യയേക്കാള്‍ കുറവാണ്. ബ്രസീലില്‍ ഇന്ത്യയെ അപേക്ഷിച്ച് മൂന്നിരട്ടി കൊവിഡ് രോഗികളുണ്ട്. എന്നാല്‍ ഗുരുതരവാസ്ഥയിലുള്ള രോഗികളുടെ എണ്ണം 8,318 ആണ്.

ഇന്ത്യയേക്കാള്‍ രോഗികളുടെ എണ്ണത്തില്‍ മുന്നിലുള്ള റഷ്യയില്‍ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ ഇന്ത്യയുടെ നാലിലൊന്നു മാത്രമാണ്. സ്‌പെയിന്‍, ബ്രിട്ടന്‍, ജര്‍മനി, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ അവരുടെ എണ്ണം ആയിരത്തില്‍ താഴെ മാത്രമേയുള്ളൂ.

രാജ്യത്തെ കൊവിഡ് 19 രോഗികളില്‍ 5 ശതമാനത്തിനും തീവ്രപരിചണം വേണമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം കണക്കാക്കുന്നത്. ഇതില്‍ 2.25 ശതമാനത്തെ ഓക്‌സിജന്‍ നല്‍കാന്‍ സൗകര്യമുള്ള തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.


മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇവരില്‍ തന്നെ ചെറിയൊരു വിഭാഗത്തിനു മാത്രമേ വെന്റിലേറ്റര്‍ ആവശ്യമുള്ളു. മഹാരാഷ്ട്ര, ഡല്‍ഹി, പശ്ചിമ ബംഗാള്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളിലാണ് ഇവരില്‍ അധികവും.

തിങ്കളാഴ്ച ഇന്ത്യയില്‍ 10,000 കേസുകളാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടത്. 2.6 ലക്ഷം രോഗികളാണ് നിലവില്‍ ഇന്ത്യയിലുള്ളത്. ഇന്ത്യയുടെ വ്യവസായ തലസ്ഥാനമായ മുംബൈയാണ് ഇന്ത്യയില്‍ ഏറ്റവും തീവ്രമായി കൊവിഡ് ബാധിച്ച നഗരം. 50,000 കേസുകളാണ് അവിടെ സ്ഥിരീകരിച്ചത്.

ഇന്നലെ മാത്രം ഇന്ത്യയില്‍ കൊവിഡ്-19, 342 പേരുടെ ജീവനെടുത്തു. ഇതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 7,476ആയി.

മരണങ്ങളുടെ വര്‍ധനയിലും ഇന്ത്യ ഗുരുതരമായ സ്ഥിതിയിലൂടെ കടന്നുപോവുകയാണ്. വെള്ളിയാഴ്ച മരിച്ചവരുടെ എണ്ണം 300 ആയിരുന്നെങ്കില്‍ ഇപ്പോഴത് 342 ആയി.

Next Story

RELATED STORIES

Share it