Latest News

2021-22 സാമ്പത്തികവര്‍ഷം ജമ്മു കശ്മീരിന് ആകെ ലഭിച്ചത് കേന്ദ്ര പദ്ധതി വിഹിതത്തിന്റെ 10 ശതമാനം മാത്രം!

2021-22 സാമ്പത്തികവര്‍ഷം ജമ്മു കശ്മീരിന് ആകെ ലഭിച്ചത് കേന്ദ്ര പദ്ധതി വിഹിതത്തിന്റെ 10 ശതമാനം മാത്രം!
X

ന്യൂഡല്‍ഹി: ജമ്മു കശ്മീരിന് 2021-22 വര്‍ഷത്തിന്റെ ആദ്യത്തെ ഏഴ് മാസം പിന്നിടുമ്പോള്‍ ആകെ ലഭിച്ചത് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി വിഹിതമായി നീക്കിവച്ചതിന്റെ പത്ത് ശതമാനത്തില്‍ താഴെ ഫണ്ട് മാത്രം. ബഡ്ജറ്റിലൂടെയാണ് ഓരോ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കുമുള്ള പദ്ധതി വിഹിതം നീക്കിവെക്കുന്നത്.

ഒക്ടോബര്‍ 27ാം തിയ്യതി വരെയുള്ള കണക്കുപ്രകാരം ജമ്മു കശ്മീര്‍ കേന്ദ്ര ഭരണപ്രദേശത്ത് 25 വകുപ്പുകളിലായി 1,809 കോടി രൂപയാണ് ലഭിച്ചത്. ആകെ നീക്കിവച്ചതിന്റെ പത്ത് ശതമാനത്തില്‍ താഴെയാണ് ഇത്. 2021-22 കാലത്തേക്കുളള പദ്ധതി വിഹിതം 18,527 കോടി രൂപയാണ്.

കേന്ദ്ര സര്‍ക്കാര്‍ ബജറ്റ് വഴി നീക്കിവയ്ക്കുന്ന തുക സംസ്ഥാനങ്ങളാണ് ചെലവഴിക്കുന്നത്. അതിന്റെ ചെലവുകണക്കുകളും സംസ്ഥാനങ്ങളാണ് തയ്യാറാക്കുന്നത്.

ആകെയുള്ള 25 വകുപ്പുകളില്‍ ജമ്മു കശ്മീരിലെ ജല്‍ ശക്തി പദ്ധതി നടപ്പാക്കുന്ന ജല്‍ ജീവന്‍ മിഷന്‍, ദുരന്ത നിവരാണ മാനേജ്‌മെന്റ്, ദുരിതാശ്വാസവും പുനരധിവാസവും, വൈദ്യുതി ഉല്‍പ്പാദനം, വ്യോമയാനം, വിവരസാങ്കേതികവിദ്യ തുടങ്ങിയ വകുപ്പുകളില്‍ ഒക്ടോബര്‍ 27വരെ ഒരു രൂപ പോലും വന്നിട്ടില്ല.

കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗമാണ് ഫണ്ട് ലഭിക്കാത്തതിനു കാണമെന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ പറയുന്നത്. സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ പല പണികളും ഏറ്റെടുത്തുതീര്‍ക്കാനായില്ലെന്നും പറയുന്നു.

അതേസമയം ചെലവഴിക്കല്‍ സര്‍ട്ടിഫിക്കറ്റ് യഥാസമയം ലഭിച്ചാല്‍ മാത്രമേ കേന്ദ്രം ഓരോ ഗഡു ഫണ്ടും അനുവദിക്കൂ. അത് നല്‍കാത്തതും വൈകലിന് കാരണമാണ്.

ഇനിയും അഞ്ച് മാസം അവശേഷിക്കുന്നുണ്ടെന്നും ഈ സമയത്തിനുള്ളില്‍ അത് ചെയ്തുതീര്‍ക്കാമെന്നുമാണ് ഉദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നത്.

കേന്ദ്ര പദ്ധതിപ്രകാരമുള്ള പണം ചെലവഴിക്കുന്നതില്‍ ജമ്മു കശ്മീരില്‍ എന്നും പിന്നിലാണ്. 2021-22 കാലത്തെ പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമെന്നും അതിന്റെ ഫലം അടുത്ത പാദത്തില്‍ പ്രതിഫലിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അതേസമയം തൊഴിലുറപ്പ് പദ്ധതിയില്‍ പണം നേരിട്ട് ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്നതുകൊണ്ട് ചെലവഴിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഒരു പ്രശ്‌നമല്ലെന്നും പറയുന്നുണ്ട്. ഫണ്ട് എത്തുന്നത് വൈകുന്നതാണ് അത്തരം മേഖലയില്‍ സംഭവിക്കുന്നത്.

ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം 2021-22 കാലത്ത് ജല്‍ ശക്തി വകുപ്പിന് 5,477 കോടിയാണ് വേണ്ടിയിരുന്നത്. ഈ ഇനത്തില്‍ 2,747.17 കോടി രൂപ നീക്കിവച്ചെങ്കിലും കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഒന്നും ലഭിച്ചില്ല. 107 കോടി രൂപ ചെലവഴിക്കാതെ ഇരിക്കുന്നുമുണ്ട്. പദ്ധതികള്‍ മുറിച്ച് ടെന്‍ഡറുകള്‍ വിളിക്കാന്‍ കഴിയാത്തതുകൊണ്ട് പലതും തടസ്സപ്പെട്ടു കിടക്കുകയാണ്.

1,000 കോടി കണക്കാക്കുന്ന ആരോഗ്യം, സ്‌കൂള്‍ വിദ്യാഭ്യാസം, സാമൂഹിക ക്ഷേമ വകുപ്പ്, പൊതുമരാമത്ത് തുടങ്ങിയവയ്ക്ക് ഇതുവരെ യഥാക്രമം 9.4 ശതമാനം, 18.6 ശതമാനം, 21 ശതമാനം, 27.4 ശതമാനം എന്നിങ്ങനെയാണ് ഈ മാസം അവസാനം വരെ ഫണ്ട് ലഭിച്ചത്.

Next Story

RELATED STORIES

Share it