World

സൈഫര്‍ കേസില്‍ ഇമ്രാന്‍ ഖാന് 10 വര്‍ഷം ജയില്‍ശിക്ഷ

സൈഫര്‍ കേസില്‍ ഇമ്രാന്‍ ഖാന് 10 വര്‍ഷം ജയില്‍ശിക്ഷ
X
ഇസ്ലാമാബാദ്: സൈഫര്‍ കേസില്‍ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും മുന്‍ വിദേശകാര്യമന്ത്രി ഷാ മഹ്‌മൂദ് ഖുറൈഷിയ്ക്കും പത്ത് വര്‍ഷം ജയില്‍ശിക്ഷ. തിങ്കളാഴ്ചയാണ് പാക് പ്രത്യേക കോടതി വിധി പ്രസ്താവിച്ചത്. പ്രധാനമന്ത്രിയായിരുന്ന കാലത്ത് 2022 ല്‍ മാര്‍ച്ചില്‍ യു.എസ് എംബസി അയച്ച രഹസ്യ നയതന്ത്ര കേബിള്‍ വെളിപ്പെടുത്തി ഔദ്യോഗികരഹസ്യ നിയമം ലംഘിച്ച കുറ്റത്തിനാണ് ശിക്ഷ വിധിച്ചത്.

2023 ഡിസംബറില്‍ അദിയാല ജില്ലാ ജയിലില്‍ കേസിന്റെ പുനര്‍വിചാരണ ആരംഭിച്ചിരുന്നു. ഡിസംബര്‍ 13 ന് ഇമ്രാന്‍ ഖാനും ഖുറൈഷിയും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. നിലവില്‍ അഴിമതിക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുകയാണ് ഇരുവരും. ഇവര്‍ക്കു വേണ്ടി ഹാജരാകേണ്ട മുന്‍അഭിഭാഷകര്‍ കോടതിയില്‍ കൃത്യമായി എത്തിച്ചേരാത്തതിനാല്‍ പുതിയ അഭിഭാഷകരെ കേസില്‍ നിയമിച്ചിരുന്നു. പ്രോസിക്യൂഷനോടൊപ്പം പ്രതിഭാഗവും സര്‍ക്കാരിന്റെ പക്ഷത്താണെന്ന് ആരോപിച്ച ഇമ്രാന്‍ ഖാന്‍ വിചാരണയെ 'തമാശ' എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

വിധി പ്രസ്താവനയെ തുടര്‍ന്ന് ഇമ്രാന്‍ ഖാന്‍ നേതൃത്വം നല്‍കുന്ന പാകിസ്താന്‍ തെഹരീക്-എ- ഇന്‍സാഫ് (പിടിഐ) ഇരുനേതാക്കള്‍ക്കും പിന്തുണയുമായി എക്സ് പ്ലാറ്റ്ഫോമിലൂടെ രംഗത്തെത്തി. പാകിസ്താന്‍ ഇമ്രാന്‍ ഖാനും ഷാ മെഹ്‌മൂദ് ഖുറൈഷിയക്കും ഒപ്പമാണെന്നും ഈ വിധി അപ്പീല്‍ കോടതി തള്ളുമെന്നും പിടിഐ പ്രതികരിച്ചു.

ഫെബ്രുവരിയില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കവെയാണ് പിടിഐയുടെ പ്രമുഖനേതാക്കള്‍ക്കെതിരെ ഗൗരവമായ നടപടി ഉണ്ടായിരിക്കുന്നതെന്ന കാര്യം ശ്രദ്ധേയമാണ്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അനുമതി തേടി ഇമ്രാന്‍ ഖാന്‍ പത്രിക സമര്‍പ്പിച്ചിരുന്നുവെങ്കിലും അത് തള്ളിയിരുന്നു. 2022 ഏപ്രിലാണ് അവിശ്വാസപ്രമേയത്തിലൂടെ ഇമ്രാനെ പുറത്താക്കിയത്. കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണ് ഇമ്രാനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് അറ്റോക്ക് ജില്ലാ ജയിലില്‍ പാര്‍പ്പിക്കുകയും ചെയ്തു. ശിക്ഷ ഇസ്ലാമാബാദ് ഹൈക്കോടതി താല്‍ക്കാലികമായി നിര്‍ത്തിവെച്ചെങ്കിലും സൈഫര്‍ കേസില്‍ അറസ്റ്റു ചെയ്തു.


Next Story

RELATED STORIES

Share it