Latest News

'കാസര്‍കോട്ടും മലപ്പുറത്തും ജയിച്ചവരുടെ പേര് നോക്കിയാല്‍ അറിയാം വര്‍ഗീയ ധ്രുവീകരണമുണ്ടോയെന്ന്'; മന്ത്രി സജി ചെറിയാന്‍

മത സൗഹാര്‍ദ്ദം തകര്‍ത്ത് വോട്ട് നേടാനാണ് വി ഡി സതീശന്റെ ശ്രമമെന്നും കേരളത്തില്‍ വര്‍ഗീയത വളര്‍ത്തുന്നത് കോണ്‍ഗ്രസാണെന്നും സജി ചെറിയാന്‍

കാസര്‍കോട്ടും മലപ്പുറത്തും ജയിച്ചവരുടെ പേര് നോക്കിയാല്‍ അറിയാം വര്‍ഗീയ ധ്രുവീകരണമുണ്ടോയെന്ന്; മന്ത്രി സജി ചെറിയാന്‍
X

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി ഡി സതീശനെതിരേ വിമര്‍ശനവുമായി മന്ത്രി സജി ചെറിയാന്‍. മത സൗഹാര്‍ദ്ദം തകര്‍ത്ത് വോട്ട് നേടാനാണ് വി ഡി സതീശന്റെ ശ്രമമെന്നും കേരളത്തില്‍ വര്‍ഗീയത വളര്‍ത്തുന്നത് കോണ്‍ഗ്രസാണെന്നും സജി ചെറിയാന്‍. മുസ് ലിം ലീഗിന്റെ രാഷ്ട്രീയം വര്‍ഗീയത പടര്‍ത്തുന്നതാണെന്നും വര്‍ഗീയ ധ്രുവീകരണമുണ്ടോയെന്ന് അറിയാന്‍ മലപ്പുറത്തും കാസര്‍കോടും ജയിച്ചവരുടെ പേരുകള്‍ നോക്കിയാല്‍ അറിയാനാകുമെന്നും ഇതാര്‍ക്കും മനസിലാവില്ലെന്ന് കരുതരുതെന്നും സജി ചെറിയാന്‍ പറഞ്ഞു. വെള്ളാപ്പള്ളി നടേശന്‍ മുഖ്യമന്ത്രിയുടെ കാറില്‍ കയറിയതില്‍ വിവാദം കാണേണ്ട. പ്രായമായ ഒരാള്‍ കാറില്‍ കയറുമ്പോള്‍ മുഖ്യമന്ത്രി ഇറക്കി വിടണം എന്നാണോയെന്നും മന്ത്രി സജി ചെറിയാന്‍ ചോദിച്ചു.

ഷാള്‍ പുതപ്പിച്ചെന്ന സതീശന്‍ പരാമര്‍ശം എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയെയാണോ ഉദ്ദേശിച്ചതെന്ന് തനിക്കറിയില്ല. പ്രതിപക്ഷ നേതാവിന്റെ വിദ്വേഷ പരാമര്‍ശം കേരളം തള്ളിക്കളയണം. ആരും പറയാത്ത മതസ്പര്‍ദയാണ് വി ഡി സതീശന്‍ പറഞ്ഞത്. കാറില്‍ കയറ്റിയ കാര്യം വെള്ളാപ്പള്ളി നടേശനെ കുറിച്ചാണ് പറഞ്ഞതെന്ന് വ്യക്തം. വെള്ളാപ്പള്ളിയെ കാറില്‍ കയറ്റിയതില്‍ തെറ്റായിട്ടൊന്നും താന്‍ കാണുന്നില്ല. മതസൗഹാര്‍ദത്തെ തകര്‍ത്ത് വോട്ട് വാങ്ങാനുള്ള ശ്രമമാണ് സതീശന്‍ നടത്തിയത്. വി ഡി സതീശന്റേത് കയ്യടി നേടാനുള്ള മ്ലേച്ഛമായ, തരംതാണ പ്രസ്താവന. വി ഡി സതീശന്‍ ജനങ്ങളോട് മാപ്പ് പറയണമെന്നും സജി ചെറിയാന്‍ ആവശ്യപ്പെട്ടു.

'ലീഗിന്റെ വര്‍ഗീയ ധ്രുവീകരണം ആര്‍ക്കും മനസിലാവില്ലെന്ന് കരുതരുത്. ലീഗിന്റെ രാഷ്ട്രീയമെന്നത് വര്‍ഗീയത പടര്‍ത്തുന്ന രാഷ്ട്രീയമാണ്. കാസര്‍കോടും മലപ്പുറത്തും ജയിച്ചവരുടെ പേര് നോക്കിയാല്‍ അറിയാം വര്‍ഗീയ ധ്രുവീകരണമുണ്ടോയെന്ന്'. കേരളത്തില്‍ വര്‍ഗീയത വളര്‍ത്തുന്നത് കോണ്‍ഗ്രസാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. ഒരു വശത്ത് ആര്‍എസ്എസും മറു വശത്ത് മുസ് ലിം ലീഗും വര്‍ഗീയത പടര്‍ത്തുന്നു. സമുദായ സംഘടനകള്‍ ഒന്നിക്കുന്നത് നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍. സമുദായ നേതാക്കള്‍ നല്ല ബോധമുള്ളവരാണ്. ഏത് സമയം എങ്ങനെ ഇടപെടണം എന്ന് ധാരണയുള്ളവരാണ് വെള്ളാപ്പള്ളി നടേശനും സുകുമാരന്‍ നായരും എന്ന് മന്ത്രി സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it