Latest News

ഐ-പാക് റെയ്ഡ്: മമത പരിശോധന തടസപ്പെടുത്തി രേഖകള്‍ കടത്തിയെന്ന് ഇഡി; ഗുണ്ടായിസമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്

റെയ്ഡുകളുമായി ബന്ധപ്പെട്ട് ഇഡിയും ടിഎംസിയും സമര്‍പ്പിച്ച ഹരജികള്‍ ഒത്തുതീര്‍പ്പാക്കി കൊല്‍ക്കത്ത ഹൈക്കോടതി

ഐ-പാക് റെയ്ഡ്: മമത പരിശോധന തടസപ്പെടുത്തി രേഖകള്‍ കടത്തിയെന്ന് ഇഡി; ഗുണ്ടായിസമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്
X

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരേയും തൃണമൂല്‍ കോണ്‍ഗ്രസിനെതിരേയും ആരോപണങ്ങളുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രംഗത്ത്. രാഷ്ട്രീയ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഐ-പാക് ഓഫീസുകളില്‍ കേന്ദ്ര ഏജന്‍സി നടത്തിയ റെയ്ഡുകളുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും തൃണമൂല്‍ കോണ്‍ഗ്രസും സമര്‍പ്പിച്ച ഹരജികള്‍ ഒത്തുതീര്‍പ്പാക്കി കൊല്‍ക്കത്ത ഹൈക്കോടതി. കേസില്‍ ഒന്നും ചെയ്യാനില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ഈ വിഷയത്തില്‍ സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു. ഐ-പാക് മേധാവി പ്രതീക് ജെയിനിന്റെ വസതിയിലും ഓഫീസിലും നടത്തിയ പരിശോധനയ്ക്കിടെ പിടിച്ചെടുക്കേണ്ടിയിരുന്ന എല്ലാ രേഖകളും വിവരങ്ങളും മമത ബാനര്‍ജിയും സംഘവും ചേര്‍ന്ന് എടുത്തുമാറ്റിയെന്ന് ഇഡി കൊല്‍ക്കത്ത ഹൈക്കോടതിയെ അറിയിച്ചു. അതേസമയം, റെയ്ഡുകളില്‍ പിടിച്ചെടുത്ത ഡാറ്റയ്ക്ക് കോടതി സംരക്ഷണം ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് ഹരജി സമര്‍പ്പിച്ചു.

അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജുവാണ് ഇഡിക്കുവേണ്ടി ഹാജരായത്. വിഷയം സുപ്രിംകോടതിയുടെ പരിഗണനയിലാണെന്ന് എസ് വി രാജു കോടതിയെ അറിയിച്ചു. കേസ് മാറ്റിവെയ്ക്കണം. തിടുക്കം ആവശ്യമില്ല. പരിശോധന തടസപ്പെടുത്തിയത് മുഖ്യമന്ത്രി മമത ബാനര്‍ജിയാണ്. രേഖകള്‍ കൊണ്ടുപോയത് ഇഡിയല്ല, മമതയാണെന്നും എസ് വി രാജു കോടതിയില്‍ പറഞ്ഞു. മമത രേഖകള്‍ നേരിട്ട് എടുത്തുകൊണ്ടുപോയി. രേഖകള്‍ നിയമവിരുദ്ധമായി കൈവശം വച്ചിരിക്കുകയാണ്. മമത കുറ്റം ചെയ്തു. മമതയെ പ്രതി ചേര്‍ക്കണമെന്നും ഇഡി ആവശ്യപ്പെട്ടു. ഒരു സ്വകാര്യ വ്യക്തിയുടെ ഓഫീസിലോ വീട്ടിലോ റെയ്ഡ് നടക്കുമ്പോള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി എന്തിനാണ് അവിടെ എത്തിയതെന്ന് ഇഡി ചോദ്യമുന്നയിച്ചു. പ്രതീക് ജെയിനല്ല മറിച്ച് തൃണമൂല്‍ കോണ്‍ഗ്രസാണ് കോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നതെന്നതും ഡാറ്റ നഷ്ടപ്പെട്ട വ്യക്തിക്ക് പരാതിയില്ലെങ്കില്‍ പിന്നെ എന്തിനാണ് പാര്‍ട്ടി ഇതില്‍ ഇടപെടുന്നത് എന്നാണ് ഇഡിയുടെ നിലപാട്.

അതേസമയം, ഉപദ്രവിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിശോധനയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് കോടതിയില്‍ ആരോപിച്ചു. ഇഡിയുടെ ഹരജി എന്താണെന്നറിയില്ല. നടപടി അസാധാരണമാണ്. രാഷ്ട്രീയ രഹസ്യങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് രേഖകള്‍ മാറ്റിയത്. രാഷ്ട്രീയ രേഖകള്‍ക്ക് സംരക്ഷണം വേണമെന്നും തങ്ങളുടെ രാഷ്ട്രീയ തന്ത്രജ്ഞന്റെ ഓഫീസിനെ മനപ്പൂര്‍വ്വം ലക്ഷ്യം വെക്കുകയാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് അഭിഭാഷക മേനക ഗുരുസ്വാമി വാദിച്ചു. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇഡി ഇത്തരം നീക്കങ്ങള്‍ നടത്തുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിക്കുന്നു.

ഐ-പാക് ഓഫീസില്‍ നടന്ന റെയ്ഡിനിടെ പാര്‍ട്ടിയുടെ രഹസ്യരേഖകളും ഹാര്‍ഡ് ഡിസ്‌കുകളും തന്ത്രപ്രധാനമായ മറ്റ് സംഘടനാ വിവരങ്ങളും ഇഡി പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നുവെന്നും ഇത്തരം വിവരങ്ങള്‍ സുരക്ഷിതമായി നിലനിര്‍ത്തണമെന്നും ടിഎംസി വാദിച്ചു. തങ്ങളുടെ രാഷ്ട്രീയ തന്ത്രജ്ഞന്റെ ഓഫീസ് ലക്ഷ്യമിടുന്നതുവഴി പാര്‍ട്ടിയെ ഭീഷണിപ്പെടുത്താനാണ് കേന്ദ്ര ഏജന്‍സി ശ്രമിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടിയുടെ പക്കലുള്ള വിവരങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്നും വ്യക്തിഗത വിവരങ്ങള്‍ പിടിച്ചെടുക്കപ്പെടുമെന്ന് തങ്ങള്‍ ഭയപ്പെടുന്നുണ്ടെന്നും അവര്‍ കോടതിയെ അറിയിച്ചു.

കല്‍ക്കരി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിന്റെ ഭാഗമായാണ് കൊല്‍ക്കത്തയിലെ ഐ-പാക് ഓഫീസിലും സ്ഥാപകനായ പ്രതീക് ജെയിനിന്റെ വസതിയിലും ഇഡി പരിശോധന നടത്തിയത്. റെയ്ഡ് പുരോഗമിക്കവെ മുഖ്യമന്ത്രി മമത ബാനര്‍ജി, ചീഫ് സെക്രട്ടറി, ഡിജിപി എന്നിവര്‍ക്കൊപ്പം സ്ഥലത്തെത്തുകയും ഉദ്യോഗസ്ഥരെ തടയുകയും ചെയ്തു എന്നായിരുന്നു പരാതി. എന്നാല്‍, റെയ്ഡ് ചെയ്യപ്പെട്ട വ്യക്തിക്ക് പാര്‍ട്ടിയുമായി ഔദ്യോഗിക ബന്ധമില്ലെന്ന് ഇഡി കോടതിയില്‍ വ്യക്തമാക്കി.

റെയ്ഡില്‍ ഒന്നും പിടിച്ചെടുത്തിട്ടില്ലെന്ന ഇഡിയുടെ പ്രസ്താവന കോടതി രേഖപ്പെടുത്തുകയും ഡാറ്റ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ടിഎംസി നല്‍കിയ ഹരജി തീര്‍പ്പാക്കുകയും ചെയ്തു. ഇതേ വിഷയത്തില്‍ ഇഡി സുപ്രിംകോടതിയെ സമീപിച്ചതിനാല്‍ ഹൈക്കോടതിയിലെ നടപടികള്‍ മാറ്റിവച്ചു. മമത ബാനര്‍ജിക്കെതിരായ ഇഡിയുടെ ഹരജി ജനുവരി 15ന് സുപ്രിംകോടതി പരിഗണിക്കുമെന്നാണ് വിവരങ്ങള്‍.

Next Story

RELATED STORIES

Share it