Latest News

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഒരാഴ്ചയില്‍ നാട്ടിലെത്തിയത് 52,000ത്തിലധികം ഇന്ത്യക്കാര്‍

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഒരാഴ്ചയില്‍ നാട്ടിലെത്തിയത് 52,000ത്തിലധികം ഇന്ത്യക്കാര്‍
X

ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യത്തില്‍ വ്യോമപാതകള്‍ ഭാഗികമായി തുറന്നതും വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചതിനെയും തുടര്‍ന്ന് അരലക്ഷത്തിലധികം ഇന്ത്യക്കാര്‍ സുരക്ഷിതമായി നാട്ടിലെത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മാര്‍ച്ച് ഒന്ന് മുതല്‍ ഏഴു വരെ 52,000ത്തിലധികം ഇന്ത്യക്കാരാണ് രാജ്യത്ത് തിരിച്ചെത്തിയതെന്ന് ഇന്നലെ പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പില്‍ വ്യക്തമാക്കി.

സാഹചര്യം നിരന്തരം വിലയിരുത്തിയ ശേഷമാണ് വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചതെന്ന് മന്ത്രാലയം അറിയിച്ചു. പ്രതിസന്ധി നേരിടുന്ന രാജ്യങ്ങളില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതാണ് ഇന്ത്യയുടെ പ്രധാന പരിഗണനയെന്നും അധികൃതര്‍ വ്യക്തമാക്കി. ഗള്‍ഫ്, പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തിയവരില്‍ 32,107 പേര്‍ ഇന്ത്യന്‍ വിമാന സര്‍വീസുകളെയാണ് ആശ്രയിച്ചത്. ആകെ നാട്ടിലെത്തിയ 52,137 ഇന്ത്യക്കാരില്‍ ശേഷിക്കുന്നവര്‍ വിദേശ എയര്‍ലൈന്‍സുകളുടെ പ്രത്യേക സര്‍വീസുകളിലൂടെയാണ് തിരിച്ചെത്തിയത്.

വാണിജ്യവും പ്രത്യേകവുമായ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചതോടെ വിദേശ സന്ദര്‍ശനത്തിലായിരുന്നവര്‍ക്കും ട്രാന്‍സിറ്റ് യാത്രക്കാരായിരുന്ന ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്കും നാട്ടിലേക്ക് മടങ്ങാന്‍ സാധിച്ചു. മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി യാത്രാസൗകര്യങ്ങള്‍ ഒരുക്കുന്നതിനും വിമാനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനുമായി സര്‍ക്കാര്‍ ഏജന്‍സികളും എയര്‍ലൈന്‍സുകളും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഇന്ത്യന്‍ പൗരന്മാര്‍ക്ക് സഹായം ലഭ്യമാക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. നിലവില്‍ വാണിജ്യ വിമാന സര്‍വിസുകള്‍ ലഭ്യമല്ലാത്ത രാജ്യങ്ങളില്‍ കഴിയുന്നവര്‍ അനുയോജ്യമായ പരിഹാരങ്ങള്‍ക്കായി ഇന്ത്യന്‍ എംബസിയെയോ കോണ്‍സുലേറ്റുകളെയോ ബന്ധപ്പെടണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.

Next Story

RELATED STORIES

Share it