Latest News

ഇസ്രായേലിനെതിരേ ഉപരോധം ശക്തമാക്കുക; മനുഷ്യ ചങ്ങലയായി ആയിരങ്ങൾ

ഇസ്രായേലിനെതിരേ ഉപരോധം ശക്തമാക്കുക; മനുഷ്യ ചങ്ങലയായി ആയിരങ്ങൾ
X

ലണ്ടൻ: ഗസയിൽ ഇസ്രായേലിനെതിരെ അടിയന്തര ഉപരോധം ഏർപ്പെടുത്തണമെന്നും ആയുധ കയറ്റുമതി പൂർണ്ണമായും നിർത്തലാക്കണമെന്നും ആവശ്യപ്പെട്ട് ആയിരക്കണക്കിന് ആളുകൾ യുകെ പാർലമെന്റിന് ചുറ്റും മനുഷ്യച്ചങ്ങല തീർത്തു .

2023 ഒക്ടോബർ മുതൽ ഇസ്രായേൽ സൈന്യത്താൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ രക്തത്തിന്റെ പ്രതീകമായി ചുവപ്പ് നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് പ്രകടനക്കാർ കൈകൾ കോർത്ത് പിടിച്ചത്. ഇസ്രായേലിനുള്ള യുകെ സർക്കാരിന്റെ പിന്തുണയെ പ്രതിഷേധക്കാർ അപലപിച്ചു.

ഗസയിലെ ഇസ്രായേൽ സൈനിക ആക്രമണത്തിൽ യുകെയുടെ പങ്കിനെക്കുറിച്ച് പൂർണ്ണവും പരസ്യവും സ്വതന്ത്രവുമായ അന്വേഷണം ആവശ്യപ്പെടുന്ന സ്വതന്ത്ര എംപി ജെറമി കോർബിൻ അവതരിപ്പിച്ച ബില്ലിന്മേലുള്ള പാർലമെന്റ് ചർച്ചയ്ക്കിടെയായിരുന്നു പ്രകടനം.സംഘാടകരായ യുകെ ഫലസ്തീൻ സോളിഡാരിറ്റി കാംപയിനിൻ്റെ ഭാഗമായി ഒപ്പീനിയം റിസർച്ച് നടത്തിയ ഒരു വോട്ടെടുപ്പിൽ, ആയുധ വ്യാപാര നിരോധനം, ഇസ്രായേൽ മന്ത്രിമാർക്കെതിരായ ഉപരോധം, പ്രധാന കടകളിൽ ഇസ്രായേലി സാധനങ്ങൾ ബഹിഷ്‌കരിക്കൽ, ഐക്യരാഷ്ട്രസഭയിൽ നിന്ന് ഇസ്രായേലിനെ പുറത്താക്കൽ എന്നിവയ്ക്ക് ശക്തമായ പൊതുജന പിന്തുണ ലഭിച്ചു.

ഇസ്രായേലിനെതിരെയുള്ള സമ്പൂർണ ആയുധ ഉപരോധത്തെ 57 ശതമാനം പേർ പിന്തുണയ്ക്കുന്നതായും , ഐക്യരാഷ്ട്രസഭയിൽ നിന്ന് ഇസ്രായേലിനെ പുറത്താക്കുന്നതിനെ 53 ശതമാനം പേർ പിന്തുണയ്ക്കുന്നതായും, എല്ലാ ഇസ്രായേലി ഉൽപ്പന്നങ്ങളും ബഹിഷ്‌കരിക്കുന്നതിനെ 50 ശതമാനം പേർ അനുകൂലിക്കുന്നതായും സർവേ കണ്ടെത്തി.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി, ഇസ്രായേലിനെതിരേ ആയുധ ഉപരോധം ആവശ്യപ്പെട്ട് വെസ്റ്റ്മിൻസ്റ്ററിലെ യുകെ പാർലമെന്റിന് ചുറ്റും നിരവധി പ്രതിഷേധങ്ങൾ നടന്നു വരികയാണ്. ഈ ആഴ്ചയുടെ ആദ്യം നടന്ന പരിപാടിയിൽ , ഗസയ്‌ക്കെതിരായ ഇസ്രായേലിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ആയിരക്കണക്കിന് ഫലസ്തീനികളുടെ പേരുകൾ പ്രവർത്തകർ വായിച്ചു. 18 മണിക്കൂർ നീണ്ടുനിന്ന പരിപാടിയിൽ നടനും ഹാസ്യനടനുമായ സ്റ്റീവ് കൂഗൻ, നടി ജൂലിയറ്റ് സ്റ്റീവൻസൺ തുടങ്ങിയ ബ്രിട്ടീഷ് കലാകാരന്മാരും പങ്കെടുത്തു.

Next Story

RELATED STORIES

Share it