Latest News

ഇത്രയും ഉശിരന്മാരായ നമ്മൾ എങ്ങനെ തോറ്റുപോകാനാണ്? ഈ സമരം നമ്മൾ ജയിക്കാനുള്ള പോരാട്ടമാണ്

നാം അതിജീവിക്കുമോ?- തന്റെ കൂടെ പഠിക്കുന്ന ചിലരുടെ അനുഭവങ്ങള്‍ പങ്കുവച്ചുകൊണ്ട് വിദ്യാര്‍ത്ഥിയുടെ എഫ്ബി പോസ്റ്റ്‌

ഇത്രയും ഉശിരന്മാരായ നമ്മൾ എങ്ങനെ തോറ്റുപോകാനാണ്? ഈ സമരം നമ്മൾ ജയിക്കാനുള്ള പോരാട്ടമാണ്
X

ബംഗളൂരു: ബംഗളൂരു നഗരത്തില്‍ പൗരത്വ ബില്ലിനെതിരേ പ്രതിഷേധത്തിനെത്തിയ മൂന്ന് വ്യത്യസ്ത വിദ്യാര്‍ത്ഥികളുടെ കഥ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധപിടിച്ചുപറ്റിയിരിക്കുന്നു. ജിതിന്‍ ഗോപാലകൃഷ്ണനാണ് ആ കഥകള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ജിതിന്റെ സഹപാഠികളാണ് മൂന്നു പേരും. ബംഗളൂരു ടൗണ്‍ ഹാളില്‍ പ്രതിഷേധിക്കാനെത്തിയ അവരെ പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

അവരില്‍ ഒരാള്‍ കശ്മീരിയാണ്. പേര് സര്‍ദാര്‍ ബാബര്‍ ഹുസൈന്‍. റദ്ദാക്കപ്പെട്ട അനുച്ഛേദം 370 ആണ് സര്‍ദാറിന്റെ ഗവേഷണ വിഷയം. കശ്മീരിലെ നിയന്ത്രണങ്ങള്‍ മൂലം വീടുമായി ബന്ധപ്പെടാന്‍ വല്ലപ്പോഴും മാത്രം കഴിയുന്ന അദ്ദേഹം ബംഗളൂരു നഗരത്തിലെ കശ്മീര്‍ ഐക്യദാര്‍ഢ്യ പ്രകടനങ്ങളില്‍ പങ്കെടുക്കാറില്ലെങ്കിലും ഇപ്പോഴത്തെ പൗരത്വ പ്രതിഷേധങ്ങളുടെ ഭാഗമാവുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.

രണ്ടാമന്‍ കിങ്കര്‍ മണ്ഡല്‍ ബംഗ്ലാദേശില്‍ നിന്ന് ദശങ്ങള്‍ക്ക് മുമ്പ് കുടിയേറി പൗരത്വം നേടിയ ദലിത് ഹിന്ദുവാണ്. പുതിയ നിയമം അദ്ദേഹത്തെ പോലുള്ളവര്‍ക്ക് വലിയ സാധ്യതയുണ്ടാക്കുന്നുണ്ടെങ്കിലും അദ്ദേഹം സമരരംഗത്താണ്.

മൂന്നാമന്‍ പ്രശാന്ത് കുമാര്‍ ചൗധരി എഞ്ചിനീയറും നാടകപ്രവര്‍ത്തകനുമാണ്. ബംഗാളിലെ ദലിത് പെണ്‍കുട്ടിയെ വിവാഹം കഴിച്ച അദ്ദേഹത്തിന്റെ ഭാര്യ പൗരത്വ ഭീതിയിലായിരുന്നു. അദ്ദേഹവും അറസ്റ്റ് വരിച്ചു.

തന്റെ സഹപാഠികളെ കുറിച്ച് എഴുതിയ ശേഷം അദ്ദേഹം പറയുന്നു: ബാംഗ്ലൂര്‍ ടൌണ്‍ ഹാളിനുമുന്നില്‍ പ്രതിഷേധത്തിനുപോയിട്ടും അലമുറയിട്ടു മുദ്രാവാക്യം വിളിച്ചിട്ടും ഡീറ്റെയിന്‍ ചെയ്യപ്പെടാതെ പോയ കിടിലന്‍ മനുഷ്യന്‍മാര്‍ വേറെയുമുണ്ട്. പൊലീസ് പിടിച്ചുകൊണ്ടുപോയ മൂന്ന് സഹപാഠികളെക്കുറിച്ചുമാത്രം പറഞ്ഞുവെന്നേയുള്ളൂ. ഇത്രയും പറഞ്ഞത് ഒറ്റക്കാര്യം അടിവരയിടാന്‍ വേണ്ടി മാത്രമാണ്. ഇത്രയും ഉശിരന്മാരായ നമ്മള്‍ എങ്ങനെ തോറ്റുപോകാനാണ്? ഈ സമരം നമ്മള്‍ ജയിക്കാനുള്ള പോരാട്ടമാണ്.

മുഴുവന്‍ പോസ്റ്റ്:

നമ്മൾ ഇത് അതിജീവിക്കുമോയെന്നാണ് പലരും ചോദിക്കുന്നത്. ബാംഗ്ലൂരിൽ ഇന്ന് ഡീറ്റെയിൻ ചെയ്യപ്പെട്ടവരിൽ എന്റെകൂടെ റിസേർച്ച് ചെയ്യുന്ന മൂന്നുപേരുണ്ടായിരുന്നു. അവരെക്കുറിച്ച് പറഞ്ഞുതന്നെ തുടങ്ങാം.

ഒന്ന്. സർദാർ ബാബർ ഹുസൈൻ.

കാശ്മീരിയാണ്. ബാബർ എന്ന പേരുതന്നെ സംഘിയിന്ത്യയിൽ ഇന്ന് പ്രശ്നമാണ്. ഗവേഷണം ചെയ്യുന്നതുതന്നെ ആർട്ടിക്കിൾ 370 നെക്കുറിച്ചാണ്. ഭരണഘടനയുടെ ആ ആർട്ടിക്കിൾ മൊത്തമായും റദ്ദുചെയ്യപ്പെട്ട സാഹചര്യത്തിൽ അതിനെക്കുറിച്ച് ഗവേഷണം ചെയ്യുന്ന ഒരു കാശ്മീരി വിദ്യാർത്ഥിയുടെ അവസ്‌ഥ ആലോചിച്ചുനോക്ക്. ഏകദേശം തീരാറായിരുന്ന തന്റെ ഗവേഷണം 370 ആം വകുപ്പ് റദ്ദുചെയ്യപ്പെട്ട പുതിയ കോണ്ടക്സ്റ്റിൽ എങ്ങുകൊണ്ടെത്തിക്കുമെന്നുപോലും ധാരണയില്ലാത്ത സ്‌ഥിതിയാണ്. അതിനെക്കുറിച്ച് ചിന്തിക്കാനുള്ള മനസികാവസ്‌ഥയിൽപോലും ആയിരിക്കില്ല ബാബറുള്ളത്. നൂറ്റിമുപ്പത് ദിവസത്തോളമായി കാശ്മീർ ലോകത്തെ എറ്റവും വലിയ ജയിലറയായി തുടരുകയാണ്. ഇതിനിടെ രണ്ടുതവണയേ ബാബറിന് വീട്ടുകാരുമായി സംസാരിക്കാൻ പറ്റിയിട്ടുള്ളൂ. അതും ഏതോ ബന്ധു ജോലി ചെയ്യുന്ന ദേശസാൽകൃത ബാങ്കിലെ ശാഖയിൽ ക്യൂ നിന്ന് വീട്ടുകാർ വിളിച്ചത്. പോസ്റ്റ് പെയ്ഡ് മൊബൈൽ ഒന്നും അവിടെ അധികമാർക്കും ഇല്ലാത്തതുകൊണ്ട് വീട്ടുകാരോട് സംസാരിക്കാനൊക്കെ ഇപ്പോഴും സാധ്യമാവുന്നില്ല എന്നുതന്നെയാണ് സ്‌ഥിതി. ഇന്ത്യയിലെ മറ്റു സംസ്‌ഥാനങ്ങളിലെ ബഹുഭൂരിഭാഗം ജനതയും കാശ്മീരി സഹോദരങ്ങൾക്കൊപ്പം നിന്നിരുന്നോ എന്നൊരു ചോദ്യം ബാബറിനോട് സംസാരിക്കുമ്പോൾ പലപ്പോഴും ഞാൻ ഉള്ളിൽ സ്വയം ചോദിക്കാറുണ്ട്. ഏറിയാൽ ഒരു ഐക്യദാർഢ്യ പരിപാടിയിൽ നമ്മൾ പലരും ഒതുക്കിയതാണ്. കൂടുതൽ നമ്മൾക്ക് ചെയ്യാൻ പറ്റുകയുമില്ലായിരുന്നു. ബാംഗ്ലൂർ നഗരത്തിൽ നടന്ന കാശ്മീർ വിഷയത്തിലെ ഒറ്റ സമരത്തിനും ബാബർ വന്നിരുന്നില്ല. അവൻ ആകെ ഡൗൺ ആയിരുന്നു ആ സമയങ്ങളിൽ. വൈകുന്നേരത്തെ ഫുട്ബോൾ കളിക്കുമാത്രം ഇറങ്ങും. ബാഴ്സലോണയുടെ ഒറ്റ കളിയും മിസ്സാക്കാത്ത ബാബർ അതിനുശേഷം കളി കണ്ടിട്ടില്ല. വല്ലാത്ത അരക്ഷിതാവസ്‌ഥയിലൂടെ കടന്നുപോയിരുന്ന ബാബർ ഇന്ന് ബാംഗ്ലൂർ ടൌൺ ഹാളിൽ പ്രതിഷേധത്തിനെത്തുകയും അറസ്റ്റുവരിക്കുകയും ചെയ്തു. ഭരണഘടനയെ സംരക്ഷിക്കാൻ മുന്നിൽ നിന്ന് ഫൈറ്റുചെയ്തു. മുസ്ലിം ജനതയെ രണ്ടാം നിര പൗരന്മാരായി പ്രഖ്യാപിച്ച പൗരത്വ ഭേദഗതി നിയമത്തിനെതിരെ തന്റെ പ്രതിഷേധം ഉജ്ജ്വലമായി രേഖപ്പെടുത്തി.

രണ്ട്. കിങ്കർ മണ്ഡൽ.

ഡെമോഗ്രഫിയിൽ റിസേർച്ച് ചെയ്യുന്ന കിങ്കർ വെസ്റ്റ് ബംഗാളിലെ സൗത്ത് 24 പർഗാനാസിലെ ദളിത്‌ കുടുംബത്തിൽ നിന്നും വരുന്ന ഒരു ഉശിരൻ ഫൈറ്ററാണ്. കഷ്ടപ്പെട്ടു പഠിച്ചുവന്നവനാണ്. കിട്ടുന്ന ഫെല്ലോഷിപ്പ് തുക വീട്ടിലേക്ക് അയച്ചുകൊടുക്കുന്നവനാണ്. മുംബൈ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷൻ സയൻസസിൽ നിന്ന് ഡെമോഗ്രഫിയിൽ ട്രെയിനിങ് കിട്ടിയതുകൊണ്ട് സംഘപരിവാറിന്റെ ജനസംഖ്യാ നുണകളെ പൊളിച്ചുകൊടുക്കാൻ കിങ്കറിനറിയാം. പരിവാറിന്റെ ജനസംഖ്യാ സംബന്ധിയായ മുസ്ലിം വിരുദ്ധ നരേറ്റീവുകളെ തുറന്നുകാട്ടാൻ അവനുപറ്റും. പോപ്പുലേഷൻ രജിസ്റ്ററുകളുടെ രാഷ്ട്രീയം അവന് മറ്റാരേക്കാളും അറിയാവുന്നതുമാണ്. സ്വാതന്ത്ര്യത്തിനുശേഷം ബംഗ്ലാദേശിൽ നിന്നും കുടിയേറിയതാണ് അവന്റെ കുടുംബം. NRC ലിസ്റ്റിൽ പെട്ടില്ലെങ്കിൽ രാജ്യം വിടേണ്ട അവസ്‌ഥയെപ്പറ്റിയൊക്കെ അവൻ സ്‌ഥിരം തമാശയായി പറയാറുണ്ടായിരുന്നു. എന്നാൽ അവനും കുടുംബവും NRC പേടിയിൽ കഴിയുകയാണ് എന്നതായിരുന്നു സത്യം. പൗരത്വ ഭേദഗതി നിയമത്തോടെ കിങ്കറിനും കുടുംബത്തിനും പൗരത്വത്തിന്റെ കാര്യത്തിൽ പേടിക്കാനില്ല. ഹിന്ദു മതത്തിൽ പെട്ടവർ NRC യിൽ വന്നില്ലെങ്കിലും CAA വഴി അവർക്ക് പൗരത്വം ക്ലെയിം ചെയ്യാനുള്ള വകുപ്പുണ്ടല്ലോ. ഇവിടത്തെ ചിലരെപ്പോലെ അവനും "ഐ സപ്പോർട്ട് CAA" എന്ന് ഫേസ്ബുക്കിൽ എഴുതി സുഖമായി കിടന്നുറങ്ങാമായിരുന്നു. എന്നാൽ പുറംതള്ളപ്പെടുന്ന മുസ്ലിം സഹോദരങ്ങൾക്കൊപ്പം നിൽക്കാനാണ് അവനെ അവന്റെ ജീവിതം പഠിപ്പിച്ചത്. അവരുടെ ഭരണഘടനാ അവകാശങ്ങൾ ഹനിക്കപ്പെടുമ്പോൾ പ്രതിഷേധം രേഖപ്പെടുത്താതിരിക്കാൻ അവനാവില്ലായിരുന്നു. ബംഗാളിൽ NRC യും CAA ഒരുമിച്ചുവന്നാൽ പൗരത്വത്തിൽ നിന്നുമുള്ള പരിപൂർണമായ പുറന്തള്ളലിന് വിധിക്കപ്പെടുന്ന മുസ്ലിങ്ങളെ ചേർത്തുപിടിക്കാനാണ് ബാംഗ്ലൂർ നഗരത്തിൽ ഇന്നുനടന്ന പ്രതിഷേധപരിപാടിയിൽ രോഷത്തോടെ അവൻ പങ്കെടുത്തത്.

മൂന്ന്. പ്രശാന്ത് കുമാർ ചൗധരി.

പ്രശാന്ത് ബീഹാറിൽ നിന്നാണ്. എൻജിനീയറിങ് കഴിഞ്ഞിട്ട് നാലുകൊല്ലം തമിഴ്നാട്ടിൽ ജോലി നോക്കി. ജോലി രാജിവെച്ചതിനുശേഷം റ്റിസ് മുംബൈയിൽ സോഷ്യൽ വർക്കിൽ പിജി ചെയ്തു. ഇഗ്നോ വഴി പൊളിറ്റിക്കൽ സയൻസിൽ വേറൊരു പിജിയും. പ്രശാന്ത് നല്ലൊരു നാടക പ്രവർത്തകൻകൂടിയാണ്. കൽബുർഗി കൊല്ലപ്പെട്ടപ്പോൾ പ്രശാന്തും സംഘവും ബാംഗ്ലൂരിൽ നാടകം കളിച്ചു പ്രതിഷേധിച്ചിരുന്നു. രോഹിത് വെമുല കൊല്ലപ്പെട്ടപ്പോൾ "Eklavya ne guru ko angootha dikhaya" എന്ന ഹരിശങ്കർ പർസായിയുടെ നാടകം പുനരവതരിപ്പിച്ചു സംവിധാനം ചെയ്യാൻ മുന്നിൽ നിന്നത് പ്രശാന്തായിരുന്നു. ജന്മം കൊണ്ട് ബ്രാഹ്മണനായ പ്രശാന്ത് കല്യാണം കഴിച്ചത് ബംഗാളിൽ നിന്നുമുള്ള ദളിത്‌ പെൺകുട്ടിയെയാണ്. അവളുടെ കുടുംബവും NRC പേടിയിൽ ആയിരുന്നു. ഇന്ന് ടൌൺ ഹാളിൽ പോയി അറസ്റ്റുവരിക്കാനല്ലാതെ മറ്റൊന്നിനും അവനും കഴിയില്ലായിരുന്നു.

ബാംഗ്ലൂർ ടൌൺ ഹാളിനുമുന്നിൽ പ്രതിഷേധത്തിനുപോയിട്ടും അലമുറയിട്ടു മുദ്രാവാക്യം വിളിച്ചിട്ടും ഡീറ്റെയിൻ ചെയ്യപ്പെടാതെ പോയ കിടിലൻ മനുഷ്യൻമാർ വേറെയുമുണ്ട്. പൊലീസ് പിടിച്ചുകൊണ്ടുപോയ മൂന്ന് സഹപാഠികളെക്കുറിച്ചുമാത്രം പറഞ്ഞുവെന്നേയുള്ളൂ. ഇത്രയും പറഞ്ഞത് ഒറ്റക്കാര്യം അടിവരയിടാൻ വേണ്ടി മാത്രമാണ്. ഇത്രയും ഉശിരന്മാരായ നമ്മൾ എങ്ങനെ തോറ്റുപോകാനാണ്? ഈ സമരം നമ്മൾ ജയിക്കാനുള്ള പോരാട്ടമാണ്.

Next Story

RELATED STORIES

Share it