Latest News

'ശ്രീരംഗപട്ടണം ഛലൊ' കാംപയിനുമായി ഹിന്ദുത്വര്‍: ശ്രീരംഗപട്ടണത്ത് നിരോധനാജ്ഞ തുടരുന്നു

ശ്രീരംഗപട്ടണം ഛലൊ കാംപയിനുമായി ഹിന്ദുത്വര്‍: ശ്രീരംഗപട്ടണത്ത് നിരോധനാജ്ഞ തുടരുന്നു
X

മാണ്ഡ്യ: കര്‍ണാടകയിലെ മാണ്ഡ്യയില്‍ ശ്രീരംഗപട്ടണത്തെ ജാമിഅ മസ്ജിദിനെതിരേ ഹിന്ദുത്വസംഘടനകള്‍ പ്രഖ്യാപിച്ച 'ശ്രീരംഗപട്ടണം ഛലൊ'യുടെ പശ്ചാത്തലത്തില്‍ നഗരത്തില്‍ പോലിസിനെ വിന്യസിപ്പിച്ചു. വെള്ളിയാഴ്ച രാത്രി മുതല്‍ ഞായറാഴ്ച രാവിലെ വരെ നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

നിരോധനാജ്ഞ ലംഘിച്ചാല്‍ കടുത്ത നടപടി നേരിടേണ്ടിവരുമെന്ന് പോലിസ് സൂപ്രണ്ട് യതീഷ് എന്‍ മുന്നറിയിപ്പുനല്‍കി. ജാമിയ മസ്ജിദിലേക്ക് പോകുന്ന റോഡുകള്‍ 400 മീറ്ററോളം സീല്‍ ചെയ്തിട്ടുണ്ട്. നഗരത്തില്‍ പോലിസ് ഫ്‌ലാഗ് മാര്‍ച്ച് നടത്തി. എസ് പി യതീഷ് ഫ്‌ലാഗ് മാര്‍ച്ചിന് നേതൃത്വം നല്‍കി. ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായും പോലിസ് അറിയിച്ചു.

വിഎച്ച്പി, ബജ്രംഗ്ദള്‍ നേതാക്കള്‍ എന്നിവരാണ് ശ്രീരംഗപ്പട്ടണം ചലോ പദ്ധതി ആഹ്വാനം ചെയ്തിട്ടുള്ളത്.

എന്തുവിലകൊടുത്തും ക്രമസമാധാനപരിപാലനം നടപ്പാക്കാന്‍ ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര നിര്‍ദേശം നല്‍കി. ഹിന്ദു ആക്റ്റിവിസ്റ്റുകള്‍ക്ക് അവരുടെ അവകാശങ്ങള്‍ ജനാധിപത്യപരമായ രീതിയില്‍ ഉന്നയിക്കാമെന്ന് അദ്ദേഹം പറഞ്ഞു.

ശ്രീരംഗപട്ടണം നഗരത്തിലേക്ക് പ്രവേശിപ്പിക്കാന്‍ തയ്യാറായിക്കഴിഞ്ഞതായി ബജ്രംഗ്ദള്‍ നേതാവ് കല്ലഹളളി ബാലു പറഞ്ഞു. ജാമിയ മസ്ജിദിലും ഗ്യാന്‍വാപി മസ്ജിദിലെപ്പോലെ സര്‍വേ നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഏത് പ്രവര്‍ത്തിക്കും ഒരു പ്രതിപ്രവര്‍ത്തനമുണ്ടാവുമെന്ന് വഖ്ഫ് ബോര്‍ഡ് സെക്രട്ടറി ഇര്‍ഫാന്‍ മുന്നറിയിപ്പുനല്‍കി. ആരെങ്കിലും ജാമിയ മസ്ജിദില്‍ പ്രവേശിച്ചാല്‍ ആരും നിശ്ശബ്ദരായിരിക്കില്ല. എല്ലാവരും തയ്യാറായിരിക്കുകയാണ്. പോലിസ് എല്ലാ സുരക്ഷയും ഒരുക്കുമെന്ന് അവരെ അറിയിച്ചിട്ടുണ്ട്. മസ്ജിദില്‍ പ്രത്യേകിച്ച് തര്‍ക്കങ്ങളൊന്നുമില്ല. പുറത്തുള്ളവരാണ് പ്രശ്‌നമുണ്ടാക്കുന്നത്്- അദ്ദേഹം പറഞ്ഞു.

ജാമിയ മസ്ജിദില്‍ ഇന്ന് പൂജ നടത്തുമെന്നായിരുന്നു ഹിന്ദുത്വര്‍ പ്രഖ്യാപിച്ചത്. മാണ്ഡ്യ ജില്ലയിലെ ചരിത്രനഗരമായ ശ്രീരംഗപ്പട്ടണത്താണ് മസ്ജിദുള്ളത്. ഗ്യാന്‍വാപി മോസ്‌കിനെപ്പോലെ മാണ്ഡ്യ മസ്ജിദിലും സര്‍വേ നടത്തണമെന്നാണ് ചില ഹിന്ദു സംഘടനകളുടെ ആവശ്യം. ഒരു സംഘടന കോടതിയില്‍ ഹരജിയും നല്‍കി.

മസ്ജീദ് മാനേജ്‌മെന്റ് സുരക്ഷ ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചു. 1786-87ല്‍ ടിപു സുല്‍ത്താനാണ് ഈ മസ്ജിദ് നിര്‍മിച്ചത്. മസ്ജിദെ അഅല എന്നും ഇതറിയപ്പെടുന്നു. ടിപ്പുവിന്റെ ശ്രീരംഗപ്പട്ടണം കോട്ടയിലെ മസ്ജിദാണ് ഇത്. മുഹമ്മദ് നബിയുടെ ഒമ്പത് പേരുകള്‍ ഇവിടെ കൊത്തിവച്ചിട്ടുണ്ട്. നരേന്ദ്ര മോദി വിചാര്‍ മഞ്ച് എന്ന സംഘടനയാണ് പരാതി നല്‍കിയത്. ഹനുമാന്‍ ക്ഷേത്രം തകര്‍ത്ത് മസ്ജിദ് നിര്‍മിച്ചെന്നാണ് ആരോപണം. തെളിവായി പുരാവസ്തുഗവേഷകനും ബ്രിട്ടീഷ് ചരിത്രകാരനുമായ ബി ലെവിസ് റൈസിനെ ഉദ്ധരിക്കുന്നു. 1935ലെ അദ്ദേഹത്തിന്റെ സര്‍വേ റിപോര്‍ട്ടിലെ പേജ് 61ല്‍ ഹനുമാന്‍ ക്ഷേത്രമായിരുന്നുവെന്ന് പറയുന്നുണ്ടെന്നാണ് അവകാശപ്പെടുന്നത്.

Next Story

RELATED STORIES

Share it