Latest News

'ഹിജാബ് നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ല'; പ്രചരിക്കുന്നത് തെറ്റായ വിവരങ്ങളെന്ന് കര്‍ണാടക സര്‍ക്കാര്‍

ഹിജാബ് നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ല; പ്രചരിക്കുന്നത് തെറ്റായ വിവരങ്ങളെന്ന് കര്‍ണാടക സര്‍ക്കാര്‍
X

ബെംഗളൂരു: കര്‍ണാടകയില്‍ നടത്തുന്ന മത്സര പരീക്ഷകളില്‍ ഹിജാബിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് കര്‍ണാടക ഉന്നതവിദ്യാഭ്യാസ മന്ത്രി എം സി സുധാകര്‍. ബ്ലൂടൂത്ത് ഉപയോഗിച്ചുള്ള കോപ്പിയടി ഉള്‍പ്പടെയുള്ള കൃത്രിമങ്ങള്‍ തടയുന്നതിനാണ് പുതിയ നിയമങ്ങള്‍ കൊണ്ടുവന്നത്. എന്നാല്‍ അത് തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും സുധാകര്‍ പറഞ്ഞു. കര്‍ണാടക എക്സാമിനേഷന്‍ അതോറിറ്റിയുടെ ഉത്തരവിനെതിരെ ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം.

'ഈ നിയമങ്ങള്‍ പുതിയതല്ല. അവ നേരത്തെയും ഉണ്ടായിരുന്നു. അനാവശ്യ തൊപ്പികളോ സ്‌കാര്‍ഫുകളോ ധരിക്കുന്നത് അനുവദനീയമല്ല. പക്ഷേ അത് ഹിജാബിന് ബാധകമല്ല,' അദ്ദേഹം പറഞ്ഞു. എന്തുകൊണ്ടാണ് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും സുധാകര്‍ പറഞ്ഞു. ഹിജാബ് ധരിച്ച വനിതാ ഉദ്യോഗാര്‍ത്ഥികള്‍ ഒരു മണിക്കൂര്‍ നേരത്തെ പരീക്ഷാ കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുകയും പരിശോധന പ്രക്രീയകളിലൂടെ കടന്നുപോവുകയും വേണം. ഈ വര്‍ഷം മുതല്‍ കൂടുതല്‍ മെറ്റല്‍ ഡിറ്റക്ടറുകള്‍ അവതരിപ്പിക്കും. മുന്‍ വര്‍ഷങ്ങളിലെ പോലെ കൃത്രിമങ്ങള്‍ നടക്കുന്നത് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു കര്‍ണാടക എക്സാമിനേഷന്‍ അതോറിറ്റി പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് മുന്നില്‍ വച്ച പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ബിജെപി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഹിജാബ് നിരോധനം പിന്‍വലിക്കും എന്നത്. അതനുസരിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുളള സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് പിന്നാലെ സര്‍ക്കാര്‍ നടത്തുന്ന മത്സര പരീക്ഷകളില്‍ ഹിജാബ് ധരിക്കുന്നതിന് അനുമതി നല്‍കികൊണ്ടുളള ഉത്തരവും പുറപ്പെടുവിച്ചിരുന്നു. അതിനാല്‍ പുതിയ ഉത്തരവിന് പിന്നാലെ നിരവധി കോണുകളില്‍ നിന്ന് സര്‍ക്കാരിന് വലിയ തോതില്‍ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.






Next Story

RELATED STORIES

Share it