Latest News

സര്‍ക്കാര്‍ വാദം തള്ളി; ചെറായിയിലെ വഖ്ഫ് ഭൂമിയില്‍ നിന്ന് നികുതി സ്വീകരിക്കരുതെന്ന് ഹൈക്കോടതി

സര്‍ക്കാര്‍ വാദം തള്ളി; ചെറായിയിലെ വഖ്ഫ് ഭൂമിയില്‍ നിന്ന് നികുതി സ്വീകരിക്കരുതെന്ന് ഹൈക്കോടതി
X

കൊച്ചി: എറണാകുളം ചെറായിയിലെ വഖ്ഫ് ഭൂമിയിലെ താമസക്കാരില്‍ നിന്ന് നികുതി സ്വീകരിക്കുന്നത് ഹൈക്കോടതി വിലക്കി. ഒരുമാസത്തേക്കാണ് നികുതി സ്വീകരിക്കുന്നത് സ്‌റ്റേ ചെയ്തത്. ഫാറൂഖ് കോളജിന്റെ ഉടമസ്ഥതയിലുള്ളതാണ് ചെറായിയിലെ വഖ്ഫ് ഭൂമി. എറണാകുളം ചെറായിയിലെ 404 ഏക്കര്‍ വഖഫ് സ്വത്ത് കൈയേറിയതുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാര്‍ വാദം തള്ളിയാണ് ഹൈക്കോടതി ഉത്തരവ്. 404 ഏക്കറില്‍ 600 കുടുംബങ്ങളുണ്ടെന്നും അതിനാല്‍ വഖ്ഫ് ഭൂമിയില്‍ നിന്ന് ഇവരെ ഒഴിപ്പിക്കാന്‍ കഴിയില്ലെന്നും ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് മുമ്പാകെ ഹരജി സമര്‍പ്പിച്ചിരുന്നു.

തുടര്‍ന്ന് ഈ ഭൂമിയില്‍ പോക്കുവരവ് നടത്താനും സര്‍ട്ടിഫിക്കറ്റ് നല്‍കാനും റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് അനുവാദം നല്‍കിയ ഏകാംഗ ബെഞ്ചിന്റെ ഉത്തരവാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തത്. ഇതുമൂലം ഈ വഖ്ഫ് ഭൂമി കൈമാറ്റം ചെയ്യാനോ ജാമ്യപ്പെടുത്താനോ കഴിയില്ല. ഇതുമായി ബന്ധപ്പെട്ട് യാതൊരുവിധ സര്‍ട്ടിഫിക്കറ്റുകളും റവന്യൂ അധികാരികള്‍ക്ക് നല്‍കാ കഴിയില്ല. ഉദ്യോഗസ്ഥര്‍ ഇത്രയും കാലം നിയമവിരുദ്ധമായി വഖ്ഫ് സ്വത്തുക്കള്‍ കൈമാറ്റം ചെയ്യുന്നതിന് കൂട്ടുനില്‍ക്കുകയായിരുന്നുവെന്ന് വേണം കരുതാന്‍.

1950ലെ വഖ്ഫ് ആധാരത്തില്‍ തന്നെ 404 ഏക്കറും വഖ്ഫ് ഭൂമിയാണെന്ന് വ്യക്തമാക്കിയിട്ടുള്ളതിനാല്‍ 1950 നു ശേഷം ഈ വഖ്ഫ് സ്വത്തുക്കളുടെ കൈമാറ്റവും വില്‍പ്പനയും പൂര്‍ണമായും റദ്ദാവും. വഖ്ഫ് ആക്ട് സെക്ഷന്‍ 51, 104 A എന്നിവ ഇത് അടിവരയിടുന്നു. ഇതിനെതിരേ കേരള വഖ്ഫ് സംരക്ഷണ വേദി പ്രസിഡന്റ് ടി എം അബ്ദുല്‍സലാം, സെക്രട്ടറി നാസര്‍ മനയില്‍ എന്നിവര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി.

1950ലെ വഖ്ഫ് ആധാരത്തില്‍ വ്യക്തമായി പറഞ്ഞിട്ടുള്ള സ്വത്തുക്കള്‍ പൂര്‍മമായും വഖ്ഫ് സ്വത്തുക്കളാണെന്നും വഖ്ഫ് സ്വത്തുക്കള്‍ വില്‍പ്പന നടത്താന്‍ മുതവല്ലിക്ക് പോലും അവകാശമില്ലെന്നും വഖ്ഫ് ആക്ട് സെക്ഷന്‍ 104 എ പ്രകാരം എല്ലാ വില്‍പ്പനയും അസാധുവാണെന്നും സെക്ഷന്‍ 107 പ്രകാരം കാലാവധി നോക്കാതെ എപ്പോള്‍ വേണമെങ്കിലും വഖ്ഫ് സ്വത്ത് തിരിച്ചുപിടിക്കുന്നതിന് അധികാരമുണ്ടെന്നും കാണിച്ച് നല്‍കിയ അപ്പീല്‍ ഫയലില്‍ സ്വീകരിച്ചാണ് ഡിവിഷന്‍ ബെഞ്ച് ഇടക്കാല സ്‌റ്റേ ഉത്തരവ് ഇറക്കിയത്. വഖ്ഫ് സ്വത്ത് തിരിച്ചുപിടിക്കുന്നതിനുള്ള നിയമപോരാട്ടം തുടരുമെന്ന് കേരള വഖ്ഫ് സംരക്ഷണവേദി സംസ്ഥാന പ്രസിഡന്റ് ടി എം അബ്ദുല്‍ സലാം കൊച്ചിയില്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it