Latest News

ആദിവാസി വിദ്യാര്‍ത്ഥികളുടെ ബിരുദ പഠനം: പ്രതിസന്ധി സര്‍ക്കാര്‍ ഉടന്‍ പരിഹരിക്കണമെന്ന് എസ്ഡിപിഐ

ആദിവാസി വിദ്യാര്‍ത്ഥികളുടെ ബിരുദ പഠനം: പ്രതിസന്ധി സര്‍ക്കാര്‍ ഉടന്‍ പരിഹരിക്കണമെന്ന് എസ്ഡിപിഐ
X

തിരുവനന്തപുരം: പ്രവേശന ഫീസ് അടക്കാന്‍ പണമില്ലാതെ ബിരുദപഠനം മുടങ്ങുന്ന ആദിവാസി വിദ്യാര്‍ത്ഥികളുടെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍. അന്നന്നത്തെ ആഹാരത്തിനു ഗതിയില്ലാതെ നെട്ടോട്ടമോടുന്ന ആദിവാസി വിഭാഗങ്ങളുടെ ഉന്നത വിദ്യാഭ്യാസ സ്വപ്‌നം തല്ലിക്കെടുത്തുന്ന നിലപാട് സര്‍ക്കാര്‍ തിരുത്തണം. മുന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസത്തിന് വര്‍ധിച്ച മൂല്യം നല്‍കുന്ന ഇടതു സര്‍ക്കാര്‍ ആദിവാസികള്‍ കാംപസുകളില്‍ എത്തുന്നത് തടയാനുള്ള ആസൂത്രിത ശ്രമമാണോ നടത്തുന്നത് എന്നു സംശയമുണ്ട്.

പട്ടിക വര്‍ഗ്ഗ വകുപ്പ് പട്ടിക വര്‍ഗ ദ്രോഹ വകുപ്പായി മാറിയിരിക്കുന്നു. കോടികളുടെ ആദിവാസി ഫണ്ട് എവിടേക്കാണ് പോകുന്നതെന്ന് സമഗ്രമായ അന്വേഷണം നടത്തണം. ഓട്ടോണമസ് കോളജില്‍ ഡിഗ്രി പ്രവേശനത്തിന് അപേക്ഷ നല്‍കാന്‍ ഒരു വിഷയത്തിന് 250 രൂപ വേണം. അഞ്ച് വിഷയത്തിന് അപേക്ഷ നല്‍കുന്ന വിദ്യാര്‍ഥിക്ക് 1,250 രൂപ വേണം. വണ്ടിക്കൂലി അടക്കമുള്ള മറ്റ് ചെലവുകള്‍ക്ക് 2,000 രൂപയെങ്കിലും ചെലവാകും. 250 രൂപ പോലും കൈയിലില്ലാത്തവര്‍ എങ്ങിനെ അപേക്ഷ നല്‍കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.

പി.ജി കോഴ്‌സുകള്‍ക്ക് എന്‍ട്രന്‍സ് എഴുതാന്‍ പോകുമ്പോള്‍ നല്‍കേണ്ട യാത്രാച്ചെലവ് ഒരു വര്‍ഷം കഴിഞ്ഞാണ് പട്ടികവര്‍ഗ വകുപ്പ് നല്‍കുന്നത്. ഇത്തരത്തില്‍ ആദിവാസികളുടെ ഉന്നത വിദ്യാഭ്യാസത്തിന് കരിനിഴല്‍ വീഴ്ത്തുന്ന സര്‍ക്കാര്‍ നടപടി ഉടന്‍ തിരുത്തണം. ആദിവാസികള്‍ക്കായി ശബ്ദിക്കാന്‍ സര്‍ക്കാരിലും നിയമസഭയിലും ആര്‍ജ്ജവമുള്ള പ്രതിനിധികളില്ലാത്തതിന്റെ ദുര്യോഗമാണിത്. ആദിവാസി സമൂഹം നേരിടുന്ന പ്രശ്‌നം പരിഹരിക്കുന്നതിന് ശക്തമായ പോരാട്ടത്തിന് എസ്ഡിപിഐ തയ്യാറാവുമെന്നും കെ കെ അബ്ദുല്‍ ജബ്ബാര്‍ മുന്നറിയിപ്പു നല്‍കി.

Next Story

RELATED STORIES

Share it