Latest News

ഭാരത് ജോഡോ യാത്ര നിര്‍ത്തിവയ്ക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നു; കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

ഭാരത് ജോഡോ യാത്ര നിര്‍ത്തിവയ്ക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നു; കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി
X

ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്ര നിര്‍ത്തിവയ്ക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. കൊവിഡ് വീണ്ടും വരുന്നുവെന്ന പ്രചാരണം അഴിച്ചുവിടുകയാണെന്നും ജോഡോ യാത്ര പലരേയും വിറളി പിടിപ്പിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ഹരിയാനയില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍. 'യാത്ര നിര്‍ത്തിവയ്ക്കാന്‍ ഒഴികഴിവുകളുമായി അവര്‍ വരികയാണ്. ഇത് അവരുടെ (ബിജെപി) പുതിയ ആശയമാണ്, അവര്‍ എനിക്ക് ഒരു കത്ത് എഴുതി, കൊവിഡ് വരുന്നുവെന്നും യാത്ര നിര്‍ത്തണമെന്നും. ഇതെല്ലാം ഈ യാത്ര നിര്‍ത്താനുള്ള ഒഴികഴിവുകളാണ്, അവര്‍ ഇന്ത്യയുടെ സത്യത്തെ ഭയപ്പെടുന്നു'- രാഹുല്‍ കുറ്റപ്പെടുത്തി.

അതേസമയം, കൊവിഡ് നിര്‍ദേശങ്ങള്‍ പാലിക്കാണമെന്ന കേന്ദ്ര ആരോഗ്യമന്ത്രിയുടെ നിര്‍ദേശം രാഹുല്‍ ഗാന്ധി തള്ളി. ഇന്ന് ഹരിയാനയില്‍ തുടരുന്ന ഭാരത് ജോഡോ യാത്രയില്‍ പതിവുപോലെ മാസ്‌ക് ധരിക്കാതെയാണ് രാഹുല്‍ യാത്ര തുടങ്ങിയത്. ഒപ്പം നിരവധി പ്രവര്‍ത്തകരും യാത്രയില്‍ പങ്കെടുക്കുന്നുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ യാത്ര നിര്‍ത്തിവയ്‌ക്കേണ്ടിവരുമെന്നാണ് ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ മുന്നറിയിപ്പ് നല്‍കിയത്.

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നവര്‍ മാസ്‌ക് ധരിക്കണമെന്ന് നിര്‍ദേശിച്ച് ആരോഗ്യമന്ത്രി കത്തെഴുതിയതിന് പിന്നാലെയാണ് പാര്‍ലമെന്റിലും കൊവിഡ് പ്രതിരോധന നടപടികള്‍ കര്‍ശനമാക്കുന്നത്. കേന്ദ്രമന്ത്രിയുടെ കത്തിന് പിന്നാലെ പൊതുറാലികള്‍ക്കും റോഡ് ഷോയ്ക്കുമുള്ള നിയന്ത്രണം സര്‍ക്കാര്‍ തിരികെ കൊണ്ടുവരുമോയെന്ന ആശങ്കയും കോണ്‍ഗ്രസ് നേതാക്കള്‍ പങ്കുവയ്ക്കുന്നുണ്ട്.

Next Story

RELATED STORIES

Share it