Latest News

മാളയിലെ റോഡ് വികസനത്തിന് തടസ്സമായി സര്‍ക്കാര്‍ വകുപ്പുകള്‍

മാള പൂപ്പത്തി റോഡിനാണ് ഈ ദുര്‍ഗതി.

മാളയിലെ റോഡ് വികസനത്തിന് തടസ്സമായി സര്‍ക്കാര്‍ വകുപ്പുകള്‍
X

മാള:സര്‍ക്കാര്‍ വകുപ്പുകള്‍ റോഡ് വികസനത്തിന് തടസ്സം നില്‍ക്കുന്നതായി പരാതി. മാള പൂപ്പത്തി റോഡിനാണ് ഈ ദുര്‍ഗതി. പോലിസ് സ്‌റ്റേഷന്‍ മുതല്‍ പൂപ്പത്തി വരെ റോഡിന് ഇരുവശവും കാന നിര്‍മിച്ച് റോഡ് വീതി കൂട്ടുന്ന പ്രക്രിയ ഏകദേശം പൂര്‍ത്തിയായി കഴിഞ്ഞു. എന്നാല്‍ പോലിസ് സ്‌റ്റേഷന്‍ പരിസരത്ത് എത്തിയതോടെ റോഡിന് വീതി ഇല്ലാത്ത അവസ്ഥയായിരിക്കയാണ്. അതിന് പ്രധാന കാരണം പോലിസ് സ്‌റ്റേഷനില്‍ പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങള്‍ ഈ റോഡിലാണ് പാര്‍ക്ക് ചെയ്തിരിക്കുന്നത്. ഇതിനു പുറമേ റോഡിന് സമീപത്തായി രണ്ട് ടെലഫോണ്‍ പോസ്റ്റുകളും നില്‍ക്കുന്നുണ്ട്. പോലിസിലും, ടെലിഫോണ്‍ എക്‌ചേഞ്ചിലും വിവരം അറിയിച്ചെങ്കിലും യാതൊരു നടപടിക്കും ഈ രണ്ട് ഡിപ്പാര്‍ട്ട്‌മെന്റും ഒരുക്കമായിട്ടില്ല.

പോലിസ് സ്‌റ്റേഷനില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ഇനി സ്ഥലം ഇല്ല എന്നാണ് ആഭ്യന്തര വകുപ്പിന്റെ ന്യായം. പോലിസ് പിടിച്ച വാഹനങ്ങള്‍ റോഡില്‍ പാര്‍ക്ക് ചെയ്തതോടെ റോഡിന് വീതിയില്ലാത്ത അവസ്ഥയിലാണ്. നാട്ടില്‍ നിയമം ലംഘിക്കുന്നവര്‍ക്കെതിരേ നടപടി എടുക്കേണ്ട പോലിസ് തന്നെ നിയമ ലംഘനം നടത്തുകയാണെന്ന ആക്ഷേപവും ശക്തമാണ്. റോഡിലെ ഈ അസൗകര്യങ്ങള്‍ മൂലം കരാറില്‍ പറഞ്ഞിരിക്കുന്ന വീതി ഇല്ലാതെ റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് പൊതുമരാമത്ത് വകുപ്പ് ശ്രമിക്കുന്നത്.

ഇത് അപകടങ്ങള്‍ക്ക് ഇടയാക്കുമെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇറക്കവും വളവും വരുന്നിടത്ത് റോഡിന് വീതിയില്ലാതായാല്‍ വലിയ വാഹനങ്ങള്‍ വന്നാല്‍ നിരന്തരം അപകടങ്ങള്‍ക്ക് അത് കാരണമാകും. നിയമ ലംഘനത്തിന്റെ പേരില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിടിച്ചിട്ട വാഹനങ്ങള്‍ തുരുമ്പെടുത്തതിനാല്‍ ചെറിയ തോതിലുണ്ടാകുന്നതായ അപകടമായാല്‍ പോലും ഇവയില്‍ വന്നാണ് തട്ടുന്നതെങ്കില്‍ വലിയ തോതിലുള്ള പരിക്കേക്കുമെന്ന ആശങ്കയുമുണ്ട്. റോഡിലെ അപകടങ്ങള്‍ക്ക് കാരണക്കാരായി നിയമ പാലകര്‍ തന്നെ മാറുന്ന അവസ്ഥ ഉണ്ടാവുകയും ചെയ്യും. റോഡിന്റെ വികസനത്തിന് തടസ്സമായി നില്‍ക്കുന്ന സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ തന്നെ പ്രശ്‌നത്തിന് പരിഹാരം കാണണം എന്നാണ് നാട്ടുകാരില്‍ നിന്നും ശക്തമായി ഉയരുന്ന ആവശ്യം.

Next Story

RELATED STORIES

Share it