Latest News

എറണാകുളം ജില്ലയില്‍ 21 സ്വകാര്യ ആശുപത്രികളില്‍ സര്‍ക്കാര്‍ ചെലവില്‍ സൗജന്യചികില്‍സ

എറണാകുളം ജില്ലയില്‍ 21 സ്വകാര്യ ആശുപത്രികളില്‍ സര്‍ക്കാര്‍ ചെലവില്‍ സൗജന്യചികില്‍സ
X

എറണാകുളം: കൊവിഡ് പ്രതിരോധത്തിനായി എറണാകുളം ജില്ലയിലെ സ്വകാര്യ ആശുപത്രികളും പങ്കാളികളാകുന്നു. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി (കാസ്പ്)ക്കു കീഴില്‍ 21 സ്വകാര്യ ആശുപത്രികളാണ് കൊവിഡ് ചികിത്സയ്ക്കായി ജില്ലയില്‍ ഇതുവരെ എം പാനല്‍ ചെയ്തിട്ടുള്ളത്. ഈ ആശുപത്രികളില്‍ കൊവിഡ് ചികിത്സ തേടുന്നതിന് രണ്ടു വിധത്തിലുള്ള ക്രമീകരണമാണ് ആരോഗ്യ വകുപ്പ് ഒരുക്കിയിരിക്കുന്നത്.

കാസ്പ് ഗുണഭോക്താക്കളായ ആയുഷ്മാന്‍ ഭാരത് കാര്‍ഡ് ഉള്ളവര്‍ക്ക് ഈ ആശുപത്രികളില്‍ നേരിട്ടെത്തി കൊവിഡ് ചികിത്സ തേടാം. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയ ശേഷം അവിടെ നിന്നു റഫര്‍ ചെയ്യുന്ന രോഗികള്‍ക്കും ഈ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ ലഭ്യമാകും. ചികിത്സ പൂര്‍ണമായും സൗജന്യമായിരിക്കും. ഭക്ഷണത്തിനും വ്യക്തിഗത ആവശ്യങ്ങള്‍ക്കുമുള്ള ചെലവ് രോഗി സ്വന്തം നിലയില്‍ വഹിക്കേണ്ടി വരും.

സൗജന്യ നിരക്കില്‍ കോവിഡ് ചികിത്സ ലഭ്യമാക്കുന്ന സ്വകാര്യ ആശുപത്രികള്‍ക്ക് 15 ദിവസത്തിനകം ക്ലെയിം തുക സര്‍ക്കാര്‍ നല്‍കും. ജനറല്‍ വാര്‍ഡിന് 2,300 രൂപ, എച്ച് ഡി യു 3,300 രൂപ, വെന്റിലേറ്റര്‍ ഇല്ലാതെയുള്ള ഐ.സി.യു 6,500 രൂപ, വെന്റിലേറ്ററോട് കൂടിയ ഐ.സി.യു 11,500 രൂപ എന്നിങ്ങനെയാണ് സ്വകാര്യ ആശുപത്രികള്‍ക്കായി സര്‍ക്കാര്‍ നിശ്ചയിച്ച പ്രതിദിന നിരക്ക്. പി പി ഇ കിറ്റുകള്‍ക്കും ഐസൊലേഷനുമായി ഒരു രോഗിക്ക് പരമാവധി ഒരു ലക്ഷം രൂപയാണ് നല്‍കുക.

സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയാണ് കാസ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. കാസ്പ് പദ്ധതിയില്‍ എംപാനല്‍ ചെയ്തിട്ടുള്ള ആശുപത്രികളുടെ പട്ടിക sha.kerala.gov.in വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Next Story

RELATED STORIES

Share it