Latest News

മാതൃഭൂമി മുന്‍ അസിസ്റ്റന്റ് എഡിറ്റര്‍ വി ആര്‍ ഗോവിന്ദനുണ്ണി അന്തരിച്ചു

തേജസ് ആഴ്ചപ്പതിപ്പില്‍ നിരവധി ലേഖനങ്ങള്‍ എഴുതിയിരുന്നു.

മാതൃഭൂമി മുന്‍ അസിസ്റ്റന്റ് എഡിറ്റര്‍ വി ആര്‍ ഗോവിന്ദനുണ്ണി അന്തരിച്ചു
X

കോഴിക്കോട്: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും മാതൃഭൂമി മുന്‍ അസിസ്റ്റന്റ് എഡിറ്ററുമായ വി ആര്‍ ഗോവിന്ദനുണ്ണി എന്ന വിആര്‍ജി അന്തരിച്ചു. 72 വയസ്സായിരുന്നു. ഗോവിന്ദനുണ്ണിയുടെ കമന്ററികളും ഫീച്ചറുകളും കഥകളും നാടകങ്ങളും ആകാശവാണിയില്‍ പ്രക്ഷേപണം ചെയ്തിട്ടുണ്ട്. 1969ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ജോലിക്കു ചേര്‍ന്നു. മാതൃഭൂമി ദിനപത്രത്തിന്റെ കല്‍ക്കത്ത, ബെംഗളൂരു ലേഖകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അസി.എഡിറ്റര്‍ പദവിയിലിരിക്കെ മാതൃഭൂമിയില്‍നിന്ന് രാജിവെച്ചു. ഖലീജ് ടൈംസ്, അറബ് ന്യൂസ് എന്നിവയ്ക്കു വേണ്ടി ഫ്രീലാന്‍സറായും ഗുജറാത്ത് മുംബൈ എന്നിവിടങ്ങളില്‍ ജന്മഭൂമിയുടെ പാര്‍ട് ടൈം ലേഖകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. തേജസ് ആഴ്ചപ്പതിപ്പില്‍ നിരവധി ലേഖനങ്ങള്‍ എഴുതിയിരുന്നു.മാതൃഭൂമി ജേണലിസ്റ്റ് യൂണിയന്‍ ജനറല്‍ സെക്രട്ടറി, കെ.യു.ഡബ്ല്യൂ.ജെ. സംസ്ഥാന സെക്രട്ടറി, കെ.എഫ്.ഡബ്ല്യൂ.ജെ. നാഷണല്‍ കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.കൃതികള്‍: ടോള്‍സ്‌റ്റോയിയുടെ ഹാജിമുറാദ്, വിഭൂതിഭൂഷ ബന്ദോപാധ്യായയുടെ അപരാജിതന്‍, മോപ്പസാങ്ങിന്റെ മരണം പോലെ ശക്തം (വിവതര്‍ത്തനങ്ങള്‍). ഞാന്‍ അയാള്‍ നമ്മള്‍, യാത്രാമൊഴി,വിട(കഥാസമാഹാരങ്ങള്‍), മലയാള ശാസ്ത്രസാഹിത്യം, ചലച്ചിത്ര ദര്‍ശനം, വായനയുടെ വര്‍ത്തമാനം(ലേഖനസമാഹാരങ്ങള്‍). സ്വവര്‍ഗരതി: നേര്‍വഴികളും നേര്‍ക്കാഴ്ചകളും, എം.ടി.: ഒരു പുനര്‍വായന. ഡോ. അയ്യത്താന്‍ ഗോപാലന്‍(എഡിറ്റര്‍) എന്നീ കൃതികളും രചിച്ചിട്ടുണ്ട്.

സ്വാതന്ത്രസമരസേനാനിയും അവിഭക്ത മദിരാശി സംസ്ഥാനത്തിലെ പ്രദേശ് കോണ്‍ഗ്രസ് സെക്രട്ടറിയുമായിരുന്ന കെ.എം. രാവുണ്ണി മേനോന്റെയും ബാലാമണിയുടെയും മകനായി 1948 പാലക്കാട് ജില്ലയിലെ എലപ്പുള്ളിയിലാണ് ഗോവിന്ദനുണ്ണിയുടെ ജനനം. എലപ്പുള്ളി എ.പി. സെക്കന്‍ഡറി സ്‌കൂള്‍, കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ് എന്നിവിടങ്ങളില്‍നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കെ വത്സലയാണ് ഭാര്യ. മകന്‍ കെ ഗോവിന്ദ്(ബെംഗളൂരു).


Next Story

RELATED STORIES

Share it