Latest News

സാമ്പത്തിക ക്രമക്കേട്: പി കെ ശശിക്കെതിരേ മണ്ണാര്‍ക്കാട് ഏരിയാ കമ്മിറ്റിയില്‍ രൂക്ഷവിമര്‍ശനം

സാമ്പത്തിക ക്രമക്കേട്: പി കെ ശശിക്കെതിരേ മണ്ണാര്‍ക്കാട് ഏരിയാ കമ്മിറ്റിയില്‍ രൂക്ഷവിമര്‍ശനം
X

പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കെടിഡിസി ചെയര്‍മാനുമായ പി കെ ശശിക്കെതിരേ മണ്ണാര്‍ക്കാട് ഏരിയാ കമ്മിറ്റിയില്‍ രൂക്ഷവിമര്‍ശനമുയര്‍ന്നു. ശശി യൂനിവേഴ്‌സല്‍ കോളജിന്റെ പേരില്‍ നടത്തിയ സാമ്പത്തിക ക്രമക്കേടുകള്‍ അന്വേഷിക്കണമെന്ന് ഏരിയാ കമ്മറ്റിയിലെ ഭൂരിഭാഗം അംഗങ്ങളും ആവശ്യപ്പെട്ടു. ശശിയുടെ ഏകാധിപത്യ പ്രവണത അംഗീകരിക്കാനാവില്ലെന്ന് ഭൂരിപക്ഷം അംഗങ്ങളും നിലപാടെടുത്തു. പി കെ ശശിക്ക് സഹകരണ സ്ഥാപന നടത്തിപ്പില്‍ ജാഗ്രതക്കുറവുണ്ടായെന്നാണ് സിപിഎം മണ്ണാര്‍ക്കാട് ഏരിയ, ലോക്കല്‍ കമ്മിറ്റികളില്‍ വിമര്‍ശനമുയര്‍ന്നത്.

രാവിലെ 10.30 ഓടെയാണ് ഏരിയാ കമ്മിറ്റി ചേര്‍ന്നത്. യോഗത്തിനെത്തിയെങ്കിലും പി കെ ശശിയെ പങ്കെടുപ്പിച്ചില്ല. ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവും സംസ്ഥാനം കമ്മിറ്റി അംഗം സി കെ രാജേന്ദ്രനും പങ്കെടുത്ത ഏരിയാ കമ്മിറ്റിയില്‍ നിന്നാണ് പി കെ ശശിയെ മാറ്റിനിര്‍ത്തിയത്. യോഗത്തിനെത്തിയ സംസ്ഥാന കമ്മിറ്റി അംഗം, സി കെ രാജേന്ദ്രന്‍ ശശി ഇന്ന് പങ്കെടുക്കേണ്ടതില്ലെന്ന് അറിയിക്കുകയായിരുന്നു. യൂനിവേഴ്‌സല്‍ കോളജിന്റെ പേരില്‍ നടത്തിയ ധനസമാഹരണം പരിശോധിക്കാന്‍ അന്വേഷണ കമ്മീഷനെ നിയോഗിക്കണമെന്ന് ആവശ്യമുയര്‍ന്നു.

മണ്ണാര്‍ക്കാട് ലോക്കല്‍ കമ്മിറ്റി അംഗവും നഗരസഭാ കൗണ്‍സിലറുമായ കെ മന്‍സൂര്‍ മാസങ്ങള്‍ക്ക് മുമ്പാണ് രേഖകള്‍ സഹിതം ശശി നടത്തിയ പരാതികള്‍ ജില്ലാ, സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയിലെത്തിച്ചത്. സിപിഎം ഭരിക്കുന്ന മണ്ണാര്‍ക്കാട് മേഖലയിലെ ആറ് സഹകരണ ബാങ്കുകളില്‍ ക്രമക്കേട് നടന്നുവെന്നാണ് പ്രധാന പരാതി. പാര്‍ട്ടിയെ അറിയിക്കാതെ പി കെ ശശി ചെയര്‍മാനായ യൂനിവേഴ്‌സല്‍ കോളജിന്റെ ഓഹരി ബാങ്കുകളെടുത്തതിനാല്‍ ബാങ്കുകള്‍ക്ക് വലിയ സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടിവന്നു. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കോളജും സാമ്പത്തിക ഞെരുക്കത്തിലാണ്.

Next Story

RELATED STORIES

Share it